മഹാകവി കാളിദാസന്റെ സമകാലീനനും വിക്രമാദിത്യന്റെ സദസ്യനുമായിരുന്ന അമരസിംഹന്‍ എഴുതിയ ‘അമരകോശം’ ഒരു പര്യായനിഘണ്ടുവാണ്. ആര്‍ഷവിദ്യകള്‍ പഠിക്കാന്‍ തുനിയുന്നവര്‍ക്ക് വലിയ ഒരു സഹായഗ്രന്ഥവുമാണ്. അമരകോശം നല്കുന്ന വ്യാഴത്തിന്റെ പേരുകളിവയാണ്.
‘ബൃഹസ്പതി സുരാചാര്യോ
ഗീഷ്പതിര് ധിഷണോ ഗുരുഃ
ജീവഃ ആംഗിരസോ വാച-
സ്പതിര് ചിത്രശിഖണ്ഡി ജഃ
വ്യാഴത്തിന്റെ ഒമ്പത് പേരുകളാണ് ഈ ശ്ലോകത്തില്‍ നല്കപ്പെട്ടിരിക്കുന്നത്. അവയുടെ പൊരുളറിയാം.
- ബൃഹസ്പതി: ബൃഹത്തിന് വലിപ്പം എന്നാണ് അര്‍ത്ഥം. ഗ്രഹങ്ങളില്‍ ഏറ്റവും ദേഹവലിപ്പം വ്യാഴത്തിനാണ്. അതുമാത്രമല്ല വിവക്ഷ. നന്മ ചെയ്യുന്നതില്‍, സ്വഭാവപരമായും വലിപ്പമുണ്ട്. ബൃഹത്തായ കാര്യങ്ങളുടെ പതി എന്നാണ് വാക്കിന്റെ യഥാര്‍ത്ഥമായ പൊരുള്‍. ബലമുള്ള വ്യാഴദശ നടക്കുമ്പോള്‍ ആ വ്യക്തി എത്ര നിസ്സാരനായിരുന്നാലും വലിയ കാര്യങ്ങള്‍ പലതും ചെയ്യുന്നത് കാണാം. അതിനു പിന്നിലുള്ളത് വ്യാഴത്തിന്റെ പ്രേരണയും പ്രചോദനവുമാണ്. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത് ‘ എന്ന് നാം പറയും. പക്ഷേ ഗ്രഹനിലയില്‍ സദ്ഭാവങ്ങളില്‍ ബലവാനായിരിക്കുന്ന വ്യാഴം അസാധ്യമെന്ന് കരുതുന്ന പല നന്മകളും ചെയ്യാന്‍ പ്രാപ്തിയേകും.
- സുരാചാര്യന്‍: ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്ന വേളയിലാണ് ദേവന്മാര് ബൃഹസ്പതിയെ ഗുരുവാക്കിയത്. അതോടെ ദേവന്മാര്ക്ക് വ്യക്തമായ ദിശാബോധം കൈവരികയും യുദ്ധത്തില്‍ വിജയിക്കുകയും ചെയ്തു. ദേവമന്ത്രി എന്നും ഈ അര്‍ത്ഥത്തില്‍ വ്യാഴത്തെ വിശേഷിപ്പിക്കുന്നു. ഗ്രഹനിലയില്‍ വ്യാഴത്തിന് ശക്തിയുണ്ടെങ്കില്‍ ആ വ്യക്തിക്ക് സമൂഹത്തിന്റെ/ കൂട്ടായ്മകളുടെ ആചാര്യപദവി ലഭിക്കും. ചിലര്‍ ഇതിനാല്‍ അധ്യാപകരായി മാറാം. വ്യാഴബലമുള്ളവരുടെ വാക്ക് കേള്‍ക്കാന്‍ എന്നും ആളുണ്ടാവും. പൊതുവേ സദുപദേശമായിരിക്കും വ്യാഴം നല്‍കുക. സാത്വികഗ്രഹമാണ് വ്യാഴം എന്ന സങ്കല്പവും ഇവിടെ ഓര്‍ക്കാം.
- ഗീഷ്പതി: ഗീര്‍ എന്നാല്‍ വാക്ക്, ഗീഷ്പതി എന്നാല്‍ വാക്കുകളുടപതി എന്നാണ് ആശയം. വ്യാഴം കനിഞ്ഞാല്‍ നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവും. സഭയറിഞ്ഞ് പ്രസംഗിക്കും. ദുരര്‍ത്ഥവും ചൊറിച്ചുമല്ലലും’ ഒന്നുമല്ലാത്ത സത്യവചനം പറയുവാന്‍ കെല്പുണ്ടാവും. സത്യംവദ എന്നതാവും ധര്‍മ്മംചര എന്നതുപോലെ അയാളുടെ ലക്ഷ്യം.
- ധിഷണന്‍: ബുദ്ധിയുടെ പര്യായങ്ങളാണ് ധീ, ധിഷണാ തുടങ്ങിയവ. ധീമാന്‍, ധിഷണാശാലി എന്നൊക്കെപ്പറഞ്ഞാല് വലിയ ബുദ്ധിമാനാണ് എന്നാണ് അര്‍ത്ഥം. ബുദ്ധി തന്നെ ശക്തി എന്നും പറയാറില്ലേ? ആ മികവ് വ്യാഴത്തിനുണ്ട്. ആപത്തുകളില്‍ പോലും ആ ബുദ്ധി തെളിയും. ജാതകത്തില്‍ വ്യാഴം പ്രഭാവം ചെലുത്തുന്ന വ്യക്തി ഉണര്‍ന്നും ഉന്മേഷത്തോടും പ്രവര്‍ത്തിക്കും. ദേവന്മാരുടെ ഏറ്റവും വലിയ ബുദ്ധികേന്ദ്രവും വ്യാഴം തന്നെയായിരുന്നു.
- ഗുരു: ഇരുട്ടിനെ അകറ്റുന്നവന്‍ എന്നാണ് ശരിക്കും വാഗര്ത്ഥം. ദേവന്മാരെ, അവരുടെ കിടാങ്ങളെ പഠിപ്പിക്കുന്ന വലിയ ഒരു സര്‍വ്വകലാശാലയായി രുന്നു വ്യാഴം. ദേവന്മാരുടെ മാത്രമല്ല, ഋഷിമാരുടെയും സംശയമാകുന്ന തമസ്സിനെ അകറ്റി ജ്ഞാനപ്രകാശം വിതറുന്ന ഗുരുനാഥനായി എല്ലാ പുരാണഗ്രന്ഥങ്ങളിലും അദ്ദേഹത്തെ വാഴ്ത്തുന്നു. വ്യാഴത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ദക്ഷിണാമൂര്‍ത്തി ഭഗവാനെ കരുതുന്നു. വ്യാഴം ബലമുള്ള ജാതകത്തിന്റെ ഉടമയ്ക്ക് വിദ്യാര്‍ത്ഥികളുടെയും സമൂഹത്തിന്റെയും സമാദരം ലഭിക്കും.
- ജീവന്: അസുരന്മാരോടേറ്റുമുട്ടി ദേവന്മാര് മരിച്ചു വീണപ്പോള്‍ ‘മൃതസഞ്ജീവനീ’ വിദ്യയിലൂടെ അവരെ ജീവിപ്പിച്ചത് വ്യാഴം ആയിരുന്നു. അതാണ് ജീവന് എന്ന പദത്തിന്റെ ഉള്‍ക്കാഴ്ച. ഗ്രഹനിലയില്‍ വ്യാഴം പ്രതാപശാലിയായി നിന്നാല്‍ കഷ്ടനഷ്ടങ്ങള്‍ ആരെയും തളര്‍ത്തില്ല. ആപത്തുകളില്‍ അത്ഭുതകരമായ രക്ഷപ്പെടലുകള്‍ ഉണ്ടാവും. ജീവിക്കാനുള്ള പ്രേരണ തരുന്നതില്‍ വ്യാഴത്തെ അതിശയിക്കാന്‍ മറ്റു ഗ്രഹങ്ങള്ക്കാവില്ല.
- ആംഗിരസ്സ്: ബ്രഹ്മദേവന്റെ മാനസപുത്രന്മാരായ സപ്തഋഷികളില്‍ ഒരാളായിരുന്നു അംഗിരസ്സ്. അദ്ദേഹത്തിന് വസുദ എന്ന ശ്രേഷ്ഠവനിതയില് ജനിച്ച പുത്രനാണ് വ്യാഴം. അംഗിരസ്സിന്റെ മകനായതിനാല്‍ ആംഗിരസ്സ് എന്ന് വിളിക്കപ്പെട്ടു.
- വാചസ്പതി: വാക്കിന്റെ പതിയാണ് വ്യാഴം. ഗീഷ്പതി എന്ന പേര് നേരത്തെ കണ്ടു. അതിന്റെ അനുരണനം തന്നെയാണ് വാക്കുകളുടെ പതി എന്ന വാചസ്പതിയും. വാഗീശന്‍ എന്ന പേരും ഇക്കാര്യം വെളിപ്പെടുത്തുന്നു. വാക്കുകളുടെ മഹാനൗകയിലേറി വന്‍കടലും വന്‍കരയും എല്ലാം കടക്കും , വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചവര്‍.
- ചിത്രശിഖണ്ഡിജന്: അംഗിരസ്സ് മഹര്‍ഷിയുടെ മറ്റൊരു പേരാണ് ചിത്രശിഖണ്ഡി എന്നത്. ചിത്രശിഖണ്ഡിയുടെ മകനെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
ആര്യന്, സുരേഡ്യന്, മന്ത്രി, ഗൗ തുടങ്ങിയ പദങ്ങളും വ്യാഴത്തെ കുറിക്കുവാന്‍ പ്രചാരത്തിലുണ്ട്. വ്യാഴാഴ്ചകളില്‍ സൂര്യോദയം മുതല്‍ ആദ്യ ഒരു മണിക്കൂര്‍ സമയം വ്യാഴഹോരയാണ്. വ്യാഴത്തെ അപ്പോള്‍ യഥാശക്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമേറും എന്നാണ് ആചാര്യവചനം. ഇത് വ്യാഴത്തെ ഭജിക്കാനുള്ള
പ്രാര്‍ത്ഥനാമന്ത്രമാണ്:
ദേവമന്ത്രി വിശാലാക്ഷഃ
സദാ ലോകഹിതേരതഃ
അനേക ശിഷ്യസമ്പൂര്ണോ
പീഡാം ഹരതു മേ ഗുരുഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: