ബെംഗളൂരു: ബ്രാഹ്മണ്യത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന നടന് ചേതനെ യുഎസിലേക്ക് നാടുകടത്തണമെന്ന് വിഎച്ച്പി നേതാവ് ഗിരീഷ് ഭരദ്വാജ്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഫോറിനേഴ്സ് റീജ്യണല്‍ രജിസ്ട്രേഷന് ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) പരാതി നല്കി.
‘ചേതന്‍ ഈയിടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ നിഷേധിക്കുന്ന ഒന്നാണ് ബ്രാഹ്മണ്യമെന്ന് ആരോപിച്ചിരുന്നു. ബ്രാഹ്മണ്യത്തെ വേരോടെ പിഴുതുകളയാനും തുല്യതയോടെ ജനിക്കുന്ന നമ്മളെ അസ്പൃശ്യര്‍ വരെയാക്കുന്ന ബ്രാഹ്മണ്യം ഒരു വലിയ തട്ടിപ്പാണെന്നും ചേതന്‍ അഹിംസ ആരോപിച്ചിരുന്നു. അദ്ദേഹം ഇത്തരം തുടര്‍ച്ചയായ ബ്രാഹ്മണ വിരുദ്ധ പ്രസ്താവനകളിലൂടെ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുകയാണ്. ഇത്തരത്തിലുള്ള ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നത് സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കും. അതിനാല്‍ ബെംഗളൂരുവില്‍ താല്‍ക്കാലികമായി തങ്ങുന്ന ചേതനെ അദ്ദേഹത്തിന് സ്ഥിരം പൗരത്വമുള്ള അമേരിക്കയിലേക്ക് നാട് കടത്തണം,’ – ഗിരീഷ് ഭരദ്വാജ് പരാതിയില്‍ പറയുന്നു.
‘ചേതന്റെ ട്വീറ്റുകളും വീഡിയോകളും ഒരൊറ്റ സമുദായത്തെ മാത്രം ലക്ഷ്യമാക്കിയാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ മുഴുവന്‍ നുണകളുടെ ആവര്‍ത്തനം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായും സമാധാനപൂര്‍ണ്ണമായും ജീവിക്കുന്ന ഒരു സമുദായത്തിന് നേരെയുള്ള കടന്നാക്രമണമാണ്,’- ഗിരീഷ് ഭരദ്വാജ് പരാതിയില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്ത്യയില്‍ നിയമപ്രകാരം വസിക്കാനുള്ള താല്‍ക്കാലിക അനുമതി ഫോറിനേഴ്സ് നിയമ പ്രകാരം റദ്ദാക്കാനും ഗിരീഷ് ഭരദ്വാജ് ആവശ്യപ്പെടുന്നു.
മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന എന്നാരോപിച്ച് ബെംഗളൂരു സിറ്റി പൊലീസ് ചേതന്‍ അഹിംസയ്ക്കെതിരെ രണ്ട് കേസെടുത്തിട്ടുണ്ട്. അല്‍സൂര്‍ ഗേറ്റ്, ബസവനഗുഡി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ബ്രാഹ്മിന്‍ ഡവലപ്മെന്റ് ബോര്‍ഡ് ചെയര്മാന് സച്ചിദാനന്ദമൂര്‍ത്തിയും വിപ്ര യുവ വേദികെ എന്ന സമൂദായ സംഘടനയും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: