കോഴിക്കോട്: സിപിഎം മഹിളാ നേതാവിന്റെ അരക്കോടി രൂപ തട്ടിപ്പില്‍ സിപിഎം നേതാക്കളും സംശയത്തിന്റെ നിഴലില്‍. കോഴിക്കോട് ജില്ലയിലെ മണിയൂര്‍ എളമ്പിലാട് സ്വദേശിയും സിപിഎം എളമ്പിലാട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പി. ശാന്ത അരക്കോടി രൂപയോളം ആളുകളെ പറ്റിച്ച സംഭവത്തിലാണ് സിപിഎം നേതാക്കളും സംശയത്തിന്റെ നിഴലിലായത്.
സജീവ പാര്‍ട്ടി പ്രവര്‍ത്തകയായ ശാന്ത സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് രൂപയോളം മാസ തവണയായി കൈപ്പറ്റുകയും രേഖകളില്‍ ചേര്‍ക്കാതെ കൃത്രിമ രേഖയുണ്ടാക്കി അംഗങ്ങളായവരെ കബളിപ്പിക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തേക്ക് പതിനായിരം മുതല്‍ മൂന്നു ലക്ഷം വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. മാസംതോറും വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുണ്ടെങ്കിലും വടകര ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്ക്കാറില്ല. നിക്ഷേപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തു വരുന്നത്.
മൂന്നു ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പതിനായിരം രൂപ മാത്രമാണ് അടച്ചിട്ടുള്ളത്. യഥാര്‍ത്ഥ പേര് വെട്ടി മാറ്റി വ്യാജ പാസ്ബുക്ക് നല്കി മറ്റൊരാളുടെ മൂന്നു ലക്ഷം രൂപയും തട്ടിപ്പിന്റെ ഭാഗമായി നഷ്ടമായിട്ടുണ്ട്. 2015ല്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയ നിക്ഷേപത്തിന് 2020 സെപ്റ്റംബറില്‍ കാലാവധി അവസാനിച്ചുവെങ്കിലും പണം തിരിച്ചു നല്‍കിയില്ല. ഇതു സംബന്ധിച്ച് കൊവിഡിന്റെയും ലോക്ഡൗണിന്റെയും പേരു പറഞ്ഞ് ഏജന്റായ യുവതി അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
എട്ടു ലക്ഷത്തോളം രൂപ ബാധ്യത വന്നപ്പോള്‍ സിപിഎം നേതാക്കള്‍ ശാന്തയെ സംരക്ഷിക്കാന്‍ എത്തിയിരുന്നു. ബാധ്യതകള്‍ അരക്കോടിയുടെ അടുത്ത് എത്തിയതോടെ പാര്‍ട്ടി കൈയൊഴിഞ്ഞു. ദിവസവും പരാതിക്കാര്‍ എത്തുന്നതോടെ സിപിഎം പ്രവര്‍ത്തകരായ ആളുകളുടെ സഹായത്താല്‍ സ്വര്‍ണ്ണാഭരണങ്ങളും കടം വാങ്ങി പണയം വച്ചതായും സൂചനയുണ്ട്. ഉന്നതരായ നേതാക്കളുടെ അറിവോടെയാണ് പണം തട്ടിപ്പു നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
സംഭവത്തില്‍ പാര്‍ട്ടി നേതാവായ പി. ശാന്തക്കെതിരെ അച്ചടക്ക നടപടി പോലും സിപിഎം സ്വീകരിക്കാത്തതും സംഭവത്തിലെ ദുരൂഹത ഉയര്‍ത്തുന്നു. മാസങ്ങള്‍ക്കു മുന്‍പു സാമ്പത്തിക തിരിമറികളില്‍ സംശയം തോന്നിയ പ്രദേശത്തെ സിപിഎം ഉന്നത നേതാവ് ഉള്‍പ്പെടെ നിക്ഷേപകരായ പലരും സമ്പാദ്യ പദ്ധതിയില്‍ നിന്നു പണം പിന്‍വലിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബിജെപി ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: