ജമ്മു: പുല്‍വാമയില്‍ ഈ മാസമാദ്യം ഭീകരരുടെ വെടിയേറ്റ് മരിച്ച മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാകേഷ് പണ്ഡിതയുടെ കുടുംബത്തെ ജമ്മുകാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ശനിയാഴ്ച സന്ദര്‍ശിച്ചു. ത്രാല്‍ മുന്‍സിപ്പല്‍ സമിതിയുടെ ചെയര്‍മാനായിരുന്നു രാകേഷ് പണ്ഡിത. കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മനോജ് സിന്‍ഹ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നല്കി. ഉന്നതതല അന്വേഷണം ആരംഭിച്ചു.
ഈ ക്രൂരകൃത്യത്തില്‍ പങ്കാളികളായവരെ ഉടന്‍ നിയമത്തിന് മുന്നിലത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 ലക്ഷം രൂപയുടെ ധനസഹായവും ലഫ്. ഗവര്‍ണര്‍ ബന്ധുക്കള്‍ക്ക് അനുവദിച്ചു. ലഫ്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതീശ്വര്‍ കുമാര്‍, ജമ്മു ഡിവിഷണര്‍ കമ്മിഷണര്‍ ഡോ. രാഘവ് ലാംഗര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ അന്‍ഷുല്‍ ഗാര്‍ഗ് എന്നിവരും മനോജ് സിന്‍ഹയുടെ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.
ജൂണ്‍ രണ്ടിനായിരുന്നു ദക്ഷിണ കാശ്മീരിലെ ത്രാല്‍ മേഖലയില്‍ ബിജെപിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന പണ്ഡിതയ്ക്ക് ഭീകരരുടെ വെടിയേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹം ആശുപത്രിയിയില്‍ മരണത്തിന് കീഴടങ്ങി. സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: