ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ വന്യജീവി സങ്കേതങ്ങളുടെ പരിധിയിലും അന്വേഷണത്തിന് നിര്‍ദേശം. ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്നിട്ടുള്ള എല്ലാ മരം മുറിയും അന്വേഷിക്കണമെന്നാണ് വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വന്യജീവി സങ്കേതങ്ങളുടെ വാര്ഡന്/ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ഇത് പരിശോധിച്ച് നടപടിയെടുക്കേണ്ടത്. തങ്ങളുടെ ഭാഗം ന്യായീകരിച്ചുള്ള ഉത്തരവില്‍ റവന്യൂ വകുപ്പിനെ പേരെടുത്തും അല്ലാതെയും വിമര്‍ശിക്കുന്നുണ്ട്.
റവന്യൂ വകുപ്പിന്റെ ഒക്ടോബറില്‍ വന്ന ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മരം മുറി നടന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഇത് പരിശോധിച്ച് ഇത്തരം സംഭവങ്ങളില്‍ 1995 വനം-വന്യജീവി നിയമ പ്രകാരം കേസെടുക്കണം. റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫീസര്‍മാര്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ മരം മുറിക്കാന്‍ അനുമതി കൊടുത്തിട്ടുണ്ടെങ്കില്‍ ഇക്കാര്യവും പരിശോധിക്കണം.
ഇത്തരം കേസുകളിലെ തടി കണ്ടെത്തി ഇവ പിടിച്ചെടുക്കണം. മരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ നിയമാനുസൃതമായി നടപടി എടുക്കണം. ഇത്തരത്തില്‍ പട്ടയ വ്യവസ്ഥ ലംഘിച്ചവരുടെ പട്ടയം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും വേണം. അനുവാദമോ പാസോ കൂടാതെ നടന്ന മരം മുറിക്കെതിരെ കേസ് എടുക്കണം.
തെറ്റായ ശുപാര്‍ശകള്‍ നടത്താതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും നിര്‍ദേശമുണ്ട്. പട്ടയ വ്യവസ്ഥകള്‍ പരിശോധിച്ച ശേഷമേ മരം മുറിക്ക് അനുമതി നല്‍കാവൂ, ഇക്കാര്യത്തില്‍ ഇനി മുതല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പട്ടയത്തിലെ വ്യവസ്ഥ പ്രകാരം തേക്ക്, ഈട്ടി, എബണി (കരിമരം), ചന്ദനം
എന്നിവ പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇനിയും ഇത്തരത്തിലുള്ള ഉത്തരവുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും ഇതൊന്നും ചട്ടം ഭേദഗതി ചെയ്യുന്നത് വരെ മരം മുറിക്കാന്‍ ബാധകമല്ലെന്ന് പറയാതെ പറയുന്നു. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ (എഫ്ഡി) അനൂപ് കെ.ആറും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകള്‍, ഇടുക്കി, മൂന്നാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇദ്ദേഹത്തിന് കീഴിലാണ് വരുന്നത്. ജില്ലയിലെ പ്രധാന വന്യജീവി സങ്കേതങ്ങള്‍ക്ക് പുറമെ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍ കൂടിയാണ് ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: