കോട്ടയം: മെഡിക്കല്‍ കോളേജിനു സമീപം മുടിയൂര്‍കരയില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എല്‍പി സ്‌കൂളിനു സമീപം കളരിയ്‌ക്കല്‍ കാര്‍ത്തികയില്‍ (പടിഞ്ഞാറെ മുറിയില്‍ ) പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകന്‍ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ഇന്നോവ കാറില്‍ സ്വയം ഓടിച്ചാണ് ഇദ്ദേഹം ജോലിക്കു പോയിരുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടു കൂടി വീട്ടില്‍ നിന്നും ജോലിക്കു പോയ ഇദ്ദേഹം രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് 5.30 വരെ ബന്ധുക്കളുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പ്രശാന്ത് രാജിന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. ഈ സമയം പ്രശാന്ത് വാടകയ്‌ക്കെടുത്ത ഇന്നോവ കാര്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നു പോയി.
ഇതു ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഗാന്ധിനഗര്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപം തടഞ്ഞ് കസ്റ്റഡിയിലെടുത്തു. കാറില്‍ ഉണ്ടായിരുന്ന ഉടമയെ ചോദ്യം ചെയ്തു. കാര്‍ കണ്ടെത്തിയത് ഗൂഗിള്‍ സേര്‍ച്ചിലൂടെയാണെന്നും സ്ഥലത്തെത്തി കാര്‍ എടുക്കുകയായിരുന്നെന്നും താക്കോല്‍ കാറില്‍ തന്നെ ഉണ്ടായിരുന്നതായും കാറുടമ പറയുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാര്‍ കിടന്ന സ്ഥലത്ത് പോലീസ് അന്വേഷണം നടത്തിയത്.
മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രി റോഡില്‍ നിന്നും ചാത്തുണ്ണിപ്പാറയ്‌ക്കു പോകുന്ന വഴിയില്‍ ഉദ്ദേശം അര കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് പ്രശാന്ത് രാജിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തിയത്.
ഡോക്ടര്‍മാര്‍ താമസിക്കുന്ന ക്വോര്‍ട്ടേഴ്സിനു പിന്‍വശത്താണ് മൃതദേഹം കണ്ട സ്ഥലം. ഗാന്ധിനഗര്‍ പോലീസ് സ്ഥലം ബന്ധവസ്സു ചെയ്യുകയും മേല്‍ നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്‌ക്കു മാറ്റുകയും ചെയ്തു. പ്രശാന്തിന്റെ ഭാര്യ പാര്‍വതി വൈക്കം വെള്ളൂര്‍ സ്വദേശിനിയാണ്. നാലു വയസ്സുള്ള അദ്വൈത്, ഒരു വയസ്സുള്ള അര്‍ണവ് എന്നിവരാണ് മക്കള്‍. പ്രശാന്തിന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്നും പോലീസ് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പ്രശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍
മള്ളൂശ്ശേരി: എല്ലാവരോടും സൗമ്യമായും സ്നേഹത്തോടും കൂടിയുള്ള പെരുമാറ്റമായിരുന്നു പ്രശാന്തിന്റേത്. സാമ്പത്തികമായി യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. കൊറോണ കഴിഞ്ഞ് വിമാനയാത്ര തുടങ്ങുമ്പോള്‍ വിദേശത്തേയ്ക് പോകുവാന്‍ തയ്യാറായിരിക്കുകയായിരുന്നു എന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും അതിനുള്ള യാതൊരു സാഹചര്യവും അവനില്ല എന്നും പ്രശാന്തിന്റെ അമ്മാവന്‍ പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ
മരിച്ച പ്രശാന്ത് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറാണെന്നും വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ ഒരാള്‍ പണം തിരികെ ആവശ്യപ്പെട്ടു. 9 ലക്ഷം രൂപയാണ് അയാള്‍ക്കു നല്‍കാനുള്ളത്. തുക ഇന്നലെ നല്‍കേണ്ടതായിരുന്നു. അതു സാധിക്കാതെ വന്നതി
നാല്‍ ഇയാള്‍ സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 6 മാസത്തോളമായി വാടകയ് എടുത്ത കാറിന് ഇതുവരെ 9000 രൂപയാണ് വാടക ഇനത്തില്‍ നല്‍കിയിട്ടുള്ളത്. കാറിനുള്ളില്‍ നിന്നും ഡോകടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പും കിട്ടിയിട്ടുണ്ട്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് 99 ശതമാനവും വിശ്വസിക്കുന്നതായി ഗാന്ധിനഗര്‍ എസ്എച്ച്ഒ സുരേഷ്. വി. നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: