അല്‍ഹോള്‍, സിറിയ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തെ തുടര്‍ന്ന് പിടിയിലായ സ്ത്രീകളേയും കുട്ടികളേയും സംരക്ഷിയ്ക്കുന്നതിനായി ആരംഭിച്ച അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നാണ് അല്‍ഹോള്‍. എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ മിനി ഖാലിഫേറ്റുകള്‍ ആയി മാറിക്കൊണ്ടിരിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ക്യാമ്പില്‍ കഴിയുന്ന വനിതാ ജിഹാദികള്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, ധനസമാഹരണത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു.
എഴുന്നൂറ്റിനാല്പത് ഏക്കര്‍ വരുന്ന ക്യാമ്പില്‍ നിന്ന് പത്ത് തലയറുക്കല്‍ ഉള്‍പ്പെടെ നാല്‍പ്പത് കൊലപാതകങ്ങളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്യാമ്പ് അധികൃതരുമായി സഹകരിയ്ക്കുന്നു എന്നാരോപിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ചില അന്തേവാസികളെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഒടുവില്‍ ഒരു ഇറാക്കി വനിതയെ അവരുടെ കുട്ടികളുടെ മുന്നില്‍ വച്ച് ഇലക്ട്രിക് വയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. സ്വന്തം കൂടാരത്തില്‍ വച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു എന്നതായിരുന്നു അവരുടെ കുറ്റം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കര്‍ക്കശമായി നിരോധിച്ചിട്ടുള്ള സംഗതികളാണ് സംഗീതവും നൃത്തവും. മാര്‍ച്ച് 20 ന്, 18 വയസ്സുള്ള ഒരു ഇറാക്കി പെണ്‍കുട്ടിയെ, വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നു എന്നാരോപിച്ച് വെടിവച്ചു കൊല്ലുകയുമുണ്ടായി.
62,000 പേരുള്ള ചെറിയ ഒരു നഗരം പോലെയാണ് ഇപ്പോള്‍ അല്‍ഹോള്‍ ക്യാമ്പ്. അതുകൊണ്ടു തന്നെ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇല്ലാതെ സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയില്ലെന്ന് ക്യാമ്പിന്റെ ചുമതലയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (SDF) വ്യക്തമാക്കിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ എത്തിയിട്ട് അവിടെ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടു പോകാന്‍ ഒട്ടു മിക്ക പാശ്ചാത്യ രാജ്യങ്ങളും തയ്യാറായിട്ടില്ല.
ഈയവസരം നന്നായി ഉപയോഗിയ്ക്കുകയാണ് അവശിഷ്ട ഐഎസ്ഐഎസ്. യുണൈറ്റഡ് നേഷന്‍സിന്റെ ഈയിടെ ഇറങ്ങിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ‘യൂറോപ്പിന്റെ ഗുന്റനാമോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേരി തുല്യമായ ഈ ക്യാമ്പില്‍ തങ്ങളുടെ തീവ്ര ഇസ്ലാമികത നടപ്പാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ചില അന്തേവാസികളെ സിറിയയിലെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോവുക, തടവുകാരെ മോചിപ്പിക്കാന്‍ അവരുടെ വേണ്ടപ്പെട്ടവര്‍ സമാഹരിയ്ക്കുന്ന ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ധനത്തില്‍ നിന്ന് ഒരു പങ്ക് തട്ടിയെടുക്കുക തുടങ്ങിയവയെല്ലാം ഐഎസ്ഐഎസ് ചെയ്തു വരുന്നു.
‘ഇവിടെയുള്ള എല്ലാവരും പുറത്തു കടക്കാന്‍ ആഗ്രഹിയ്ക്കുന്നു’ ഒരു കുട്ടിയുടെ അമ്മ കൂടിയായ മൊറോക്കന്‍ വനിത അമല്‍ ബില്ലിഫാദ് പറയുന്നു. കാര്യമറിയാതെ തന്റെ ഭര്‍ത്താവിനെ പിന്തുടര്ന്ന് സിറിയയില്‍ എത്തിപ്പെട്ടതാണ് അവര്‍. വ്യോമാക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വയം പ്രഖ്യാപിത ഖാലിഫേറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ക്യാമ്പില്‍ എത്തിപ്പെട്ടിരിയ്ക്കുന്നു. കൂടെ അഞ്ചു വയസ്സുകാരിയായ മകളുമുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അല്‍ഹോളില്‍ നിന്നുള്ളവര്‍ സ്വീഡന്, നെതര്‍ലാണ്ട്സ്, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം എന്നിവങ്ങളില്‍ തിരികെ എത്തിയിട്ടുണ്ടെന്ന് അതതു രാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പിന്റെ സങ്കീര്‍ണ്ണത കാരണമാണ് അത് വേണ്ട രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്യാമ്പില്‍ പകുതിയോളവും പുരുഷന്മാര് ഉള്‍പ്പെടെയുള്ള ഇറാക്കി കുടുംബങ്ങളാണ്. എണ്ണം കൊണ്ട് തൊട്ടു പിന്നില്‍ സിറിയക്കാരുടെ വിഭാഗമുണ്ട്.
ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി ഒരു ഭാഗം മാറ്റിവച്ചിരിയ്ക്കുന്നു. പതിനൊന്നു വയസ്സിന് താഴെയുള്ള 5,400 കുട്ടികള്‍ ഉള്‍പ്പെടെ 9,000 പേരാണ് ഈ വിഭാഗത്തിലുള്ളത്. ഇംഗ്ലീഷ്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ സംസാരിയ്ക്കുന്ന വിദേശികള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഫണ്ട് സമാഹരിയ്ക്കുന്നത് ഈ വിഭാഗത്തെ കാണിച്ചു കൊണ്ടാണ്.
ഇവിടെ നിന്ന് ആദ്യമായി രക്ഷപ്പെടുത്തി കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് കമാണ്ടര്‍മാരുടെ ഭാര്യമാരെ ഇദ്ലിബിലാണ് ഐഎസ് പുനരധിവസിപ്പിച്ചിരിയ്ക്കുന്നത്. സിറിയയുടെ ഈ വടക്ക് പടിഞ്ഞാറന്‍ പ്രദേശമാണ് ഐഎസ് ന്റെ പുതിയ ശക്തികേന്ദ്രം. അല്‍ഹോള്‍ ക്യാമ്പില്‍ നിന്ന് ഒളിച്ചോടി എത്തിച്ചേര്ന്നവര് അവിടെ ഐഎസിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിയ്ക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
‘എല്ലാവരും പറയുന്നത് അവര്‍ക്ക് വീടുകളിലേക്ക് പോകണം എന്നാണ്’ അമീറ ഹോള്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഓഫീസര്‍ പറയുന്നു. ‘എന്നാല്‍ അവരുടെയെല്ലാം ലക്ഷ്യം ഇദ്ലിബ് ആണെന്നതാണ് യാഥാര്‍ഥ്യം. കാരണം ഇസ്ലാമിക് സ്റ്റേറ്റ് അവിടെ അവരുടെ ഖാലിഫേറ്റ് പുനര്‍ നിര്‍മ്മിച്ചു കൊണ്ടിരിയ്ക്കുന്നു’.
തടവുകാരെ കടത്തിക്കൊണ്ടു പോവാന്‍ സഹായിക്കുന്ന സംഘങ്ങള്‍ക്ക് കൊടുക്കാനുള്ള പണം സമാഹരിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിദേശികളെ താമസിപ്പിച്ചിട്ടുള്ള അനക്സിലെ വനിതാ നേതാക്കള്‍ ചെയ്യുന്നത്.
പുറത്തു നിന്നാണ് അല്‍ഹോള്‍ ക്യാമ്പിലേക്ക് വെള്ളം എത്തിയ്ക്കുന്നത്. അങ്ങനെ വരുന്ന വാട്ടര്‍ ടാങ്കറുകളുടെ ഉള്ളിലെ രഹസ്യ അറകളില്‍ കയറി സ്ത്രീകളും കുട്ടികളും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരിയ്ക്കല്‍ രക്ഷപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരിന് അവരെ കണ്ടെത്തുക പ്രയാസമാണ്.
‘പാശ്ചാത്യ ഗവണ്മെന്റുകള്ക്ക് അറിയില്ലെങ്കിലും ഐഎസ് ന് അവര്‍ എവിടെയാണെന്ന് അറിയാം’ ഈ വിഷയത്തില്‍ പഠനം നടത്തുന്ന ഹര്‍വാര്‍ഡ് ഗവേഷക വേര മിരോനോവ പറയുന്നു. അല്‍ഹോള്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടുന്നവരെ ഉപയോഗിച്ച് യൂറോപ്പില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിയ്ക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ പശ്ചാത്തപിയ്ക്കുകയും തിരികെ പോകാന്‍ ആഗ്രഹിയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അല്‍ഹോള്‍ ക്യാമ്പില്‍ നിന്ന് കടത്തിക്കൊണ്ടു പോകപ്പെട്ട പല കുട്ടികളും ഇറാക്കിലും സിറിയയിലും ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിന് നിയോഗിയ്ക്കപ്പെടുന്നുണ്ട്. സിറിയയിലെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2020 ജനുവരിയില്‍ ആക്രമണങ്ങളുടെ എണ്ണം ആറ് ആയിരുന്നെങ്കില്‍ ഫെബ്രുവരിയില്‍ അത് 29 ആയി ഉയര്‍ന്നിരുന്നു.
ക്യാമ്പ് നിവാസികള്‍ വലിയ തുകകള്‍ ഓഫര്‍ ചെയ്യാന്‍ തുടങ്ങിയതോടെ മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനവും കൂടിയിട്ടുണ്ട്.
ഒരു വിദേശ വനിതയെ തുര്‍ക്കിയിലേക്ക് കടത്തിക്കൊടുക്കുന്നതിനുള്ള കുറഞ്ഞ പ്രതിഫലം 16000 ഡോളറാണ്. രണ്ടോ മൂന്നോ കുട്ടികളെ കടത്താനും അതു തന്നെയാണ് തുക. ഇറാക്കികള്‍ക്കും തുര്‍ക്കികള്‍ക്കും ഇതില്‍ കുറഞ്ഞ ചെലവേ വരൂ, കാരണം അവരുടെ യാത്ര കുറവാണ്.
അമേരിക്കന്‍ സേന കൊലപ്പെടുത്തുന്നതിന് മുമ്പുള്ള തന്റെ അവസാനത്തെ പ്രസംഗത്തില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി അനുയായികളോട് ആഹ്വാനം ചെയ്തത് തടവില്‍ കഴിയുന്ന ഭീകരന്മാരേയും അവരുടെ ഭാര്യമാരേയും കുട്ടികളേയും രക്ഷപ്പെടുത്താനാണ്. അതുകഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിറിയന്‍ അതിര്‍ത്തി കടന്നുള്ള ഒരാക്രണം തുര്‍ക്കിയില്‍ നിന്നുണ്ടായി. അതോടുകൂടി അല്‍ഹോള്‍ ക്യാമ്പിന്റെ സുരക്ഷ ദുര്‍ബലമായി. കൂടുതല്‍ തടവുകാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ കിട്ടി. അവസരം നോക്കി മറ്റൊരു ക്യാമ്പില്‍ നിന്ന് നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളും ഒളിച്ചോടുകയുണ്ടായി.
ധനസമാഹരണ പരിപാടി ക്യാമ്പിനുള്ളില്‍ നിന്നു തന്നെയാവും പലപ്പോഴും ആരംഭിയ്ക്കുക. ഒളിച്ചു കടത്തപ്പെട്ട ഫോണുകള്‍ ഉപയോഗിച്ച് സ്ത്രീകള്‍ പുറം ലോകത്തോട് സഹായാഭ്യര്‍ഥന നടത്തും.
ഉദാഹരണത്തിന് ഉമ്മു യാക്കൂബ് അല്‍-സഹ്രാനി എന്ന വ്യാജപ്പേരില്‍ അറിയപ്പെടുന്ന ജെദ്ദയില്‍ നിന്നുള്ള ഒരു സ്ത്രീ ഇത്തരം സഹായാഭ്യര്‍ഥനകള്‍ പ്രചരിപ്പിയ്ക്കുന്നതിനുള്ള ചാനലുകള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നിട്ടുണ്ടെന്ന് പാശ്ചാത്യ രഹസ്വാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
‘തടവിലാക്കപ്പെട്ട ഒരമ്മയേയും അവരുടെ കുട്ടികളേയും അല്‍ഹോള്‍ ക്യാമ്പില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ ഞാന്‍ സഹായം അഭ്യര്‍ഥിയ്ക്കുകയാണ്. കഴിവും മന:സ്ഥിതിയുമുള്ളവര്‍ മുന്നോട്ടു വരണം’ ഈയിടെ പോസ്റ്റു ചെയ്ത ഒരു അഭ്യര്‍ഥനയില്‍ അവര്‍ എഴുതി. സഹായിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ഒരു കിര്‍ഗിസ്ഥാന്‍ നമ്പറും അതോടൊപ്പം കൊടുത്തിരുന്നു.
അപ്രകാരം തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ട് സിറിയന്‍ അഭയാര്‍ഥികളുടെ ഇടയില്‍ ഒളിച്ചു കഴിയുന്ന ഇറാക്കി വനിതയാണ് ഉമ്മു യാഹ്യ. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ഐഎസ്ഐഎസ് നേതാവിന്റെ ഭാര്യയായ യാഹ്യ പറഞ്ഞത് പ്രസ്തുത സൗദി വനിത ഒരു ഇസ്ലാമിക്ക് സ്റ്റേറ്റ് വനിതാ നേതാവാണ് എന്നാണ്. അവര്‍ യാഹ്യയ്ക്ക് അത്യാവശ്യ ചെലവുകള്‍ക്കായി ആദ്യം 300 ഡോളറും, പിന്നീട് ക്യാമ്പില്‍ നിന്നുള്ള അവരുടെ രക്ഷപ്പെടലിന് 1,800 ഡോളറും കൊടുത്തു.
മനുഷ്യക്കടത്ത് സംഘങ്ങളുടെ ഒത്താശയോടെ ക്യാമ്പിന് പുറത്തേക്ക് ചാടുന്നവര്‍ വലിയ കുഴപ്പങ്ങളില്‍ ചെന്നു പെടുന്ന അവസരങ്ങളും ധാരാളമാണ്. തടവുകാരെ പകുതി വഴിയ്ക്ക് ഉപേക്ഷിച്ച് അഡ്വാന്‍സ് വാങ്ങിയ തുകയുമായി കടന്നു കളയുന്ന സംഘങ്ങളും ധാരാളം. 2019 ല്‍ ഇപ്രകാരം കടത്തിക്കൊണ്ട് പോയ സ്ത്രീകളെ സെക്യൂരിറ്റി സേനകള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തു എന്ന സംശയത്തില്‍ രണ്ട് ഏജന്റുമാരെ ഐഎസ്ഐഎസ് കൊന്നു കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
വര്‍ദ്ധിച്ചു വരുന്ന ഒളിച്ചോട്ടങ്ങളെ തടയുന്നതിനായി ആകാശ നിരീക്ഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ SDF ഏര്‍പ്പെടുത്തി വരുന്നു. ജനുവരി 25 ന് അത്തരം കൂട്ടായ നീക്കത്തിലൂടെ രക്ഷപ്പെട്ടോടുകയായിരുന്ന ഒരു സംഘത്തെ പിടികൂടുകയുണ്ടായി. എല്ലാ വാഹനങ്ങളും സൂക്ഷമായി പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് 28 ന് കുര്‍ദിഷ് സേനാംഗങ്ങള്‍ ക്യാമ്പിലെ എല്ലാ വിഭാഗങ്ങളിലും റെയിഡ് നടത്തി 20 ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി. അറസ്റ്റിലായവര്‍ ക്യാമ്പിനകത്ത് തന്നെ പ്രവര്‍ത്തിച്ചിരുന്ന കൊലപാതക സംഘത്തില്‍ പെട്ടവരായിരുന്നു.
എന്നാല്‍ അതിന്റെ പ്രയോജനം അധികം നീണ്ടില്ല. ഏപ്രില്‍ മദ്ധ്യത്തില്‍ 44 വയസ്സുകാരനായ ഒരു ഇറാക്കി അഭയാര്‍ഥി ക്യാമ്പിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരാല് കൊല്ലപ്പെടുകയും മൂന്നു സ്ത്രീകള്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
‘ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോള്‍ ദുര്‍ബലമാണെങ്കിലും ഭാവിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരികെ വരും’ ഉമ്മു യാഹ്യ എന്ന വ്യാജനാമത്തില്‍ അറിയപ്പെടുന്ന സ്ത്രീ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: