ഒരു മരം മുറിക്കുമ്പോള്‍ പത്ത് തൈ നടണമെന്നാണല്ലോ പരിസ്ഥിതി ദിനത്തില്‍ പൊതുവെ പാടി കേള്‍ക്കാറുള്ളത്. പത്ത് തൈ നടണമെങ്കില്‍ ആദ്യം ഒരു മരം മുറിക്കണമെന്നും അതിനര്‍ത്ഥമുണ്ടെന്ന് കണ്ടെത്തിയവരാണ് കേരളം ഭരിക്കുന്നത്. നൂറ് മരം മുറിച്ചാല്‍ ആയിരം തൈ നടാം, ആയിരം മുറിച്ചാല്‍ പതിനായിരവും…. അങ്ങനെ കേരളമാകെയുള്ള മരങ്ങളത്രയും മുറിച്ചാല്‍ എന്തോരം തൈ നടാം എന്ന പരിശുദ്ധമായ പരിസ്ഥിതി ചിന്തയിലാണ് പാവങ്ങള്‍ മരം മുറിയിലക്ക് കടന്നത്.
തൈ നടലും മരം മുറിയും കൂടി ഒരേ സമയത്ത് നടക്കാത്തതിനാല്‍ ഒരു ഭാഗം മാത്രം സര്‍ക്കാരും പരിവാരങ്ങളും ഏറ്റെടുത്തു. തൈ നടുന്നത് പള്ളിക്കൂടപ്പിള്ളേരും നാട്ടിലൊട്ടാകെയുള്ള ക്ലബ്ബുകളും സംഘടനകളും ഒക്കെ നടത്തും. പിന്നിപ്പോള്‍ പാര്‍ട്ടിക്കാര് പിള്ളേര് ഇറങ്ങി സംഗതി കുറച്ചുകൂടി കളറാക്കിയിട്ടുണ്ട്. കോടിയേരി മകന്‍ ബിനീഷിന് കോടികള്‍ വരുമാനമുണ്ടാക്കിക്കൊടുത്ത പച്ചക്കറിക്കൃഷിയിലാണ് കണ്ണ്. കൊല്ലത്ത് ബൈപ്പാസിന്റെ ഓരത്ത് വരെ അവര് ചെടി നട്ടുപിടിപ്പിച്ചു കളഞ്ഞു. പോലീസുകാരും എക്‌സൈസുകാരുമൊക്കെ വന്നാണ് ആ പരിസ്ഥിതി പ്രവര്‍ത്തനം കണ്ടുപിടിച്ചത്. നല്ലവനായ ഉണ്ണിയുടെ ചെടിപ്രേമം ഓര്‍മ്മയുണ്ടല്ലോ.. ‘കൈക്കൂലിയൊക്കെ തെറ്റല്ലേ സാറേ’ എന്ന് ചോദിക്കുന്ന കഞ്ചാവ് കൃഷിക്കാരന്റെ പരിസ്ഥിതിപ്രേമമാണ് വിജയന്‍ സര്‍ക്കാരിന്റേത്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമൊക്കെക്കൂടി ഭൂമിയെ ആകെ വരിഞ്ഞുമുറുക്കുമ്പോള്‍ അതിനെ രക്ഷപ്പെടുത്താനാണ് മരംമുറിച്ചത്. അതിനുമിപ്പോള്‍ കുറ്റമായി. ശ്രേഷ്ഠമായ പരിസ്ഥിതി പ്രവര്‍ത്തനം എന്ന് പുകഴ്‌ത്തുന്നതിന് പകരം വനം കൊള്ള എന്നൊക്കെയാണ് ആക്ഷേപം.
പരിസ്ഥിതിയും വനവും മൂടോടെ സംരക്ഷിക്കാനാണ് ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴൊക്കെ വകുപ്പ് സിപിഐക്കാരെ ഏല്‍പിക്കുന്നത്. സിപിഎമ്മിനെ പോലെ പോത്ത് ഫെസ്റ്റിവല്‍ ഹരമാക്കിയവരല്ല അക്കൂട്ടര്‍. പാവം വെജിറ്റേറിയന്‍സ്. കൃഷിയും കാടുമൊക്കെയായി കാലം കഴിക്കും. പ്രകൃതിയുടെ വിനാശവും പ്രകൃതിയുണ്ടാക്കുന്ന വിനാശവുമൊന്നും അവര്‍ക്ക് സഹിക്കില്ല.
എങ്ങാനുമൊരു പ്രളയമൊക്കെ വന്നാല്‍ കണ്ടുനില്‍ക്കാനാവില്ല. അങ്ങനെയാണ് മന്ത്രി രാജു ജര്‍മ്മന്‍ രാജുവായത്. ഡാം തുറന്ന് വിട്ട് നാടാകെ മുങ്ങിയപ്പോള്‍ കുളിരുന്നു എന്ന് പറഞ്ഞ് ജര്‍മ്മനിക്ക് പറന്നയാളാണ് മുന്‍ വനംമന്ത്രി. എന്തായാലും വകുപ്പിപ്പോള്‍ എന്‍സിപിയുടെ കയ്യിലാണ്. ഇത്രകാലം സിപിഐക്കാര്‍ മരം മുറിച്ചില്ലേ, ഇനി കുറച്ചുള്ളത് എന്‍സിപിക്കാര്‍ മുറിക്കട്ടെ എന്ന മുന്നണി മര്യാദ പ്രകാരമാണ് വകുപ്പ് മാറ്റം. ഇപ്പോള്‍ വനം കൊള്ള എന്ന് പറഞ്ഞ് സരിത എംഎല്‍എമാര്‍, ക്ഷമിക്കണം ഹരിത എംഎല്‍എമാര്‍ ഉറഞ്ഞുതുള്ളുമ്പോള്‍ മന്ത്രി ശശീന്ദ്രന്‍ ‘അത് ഞാനല്ല, മുന്‍ മന്ത്രിയാണെ’ന്ന് പറഞ്ഞ് തള്ളുന്നതിന്റെ സൂത്രം വേറൊന്നുമല്ല. വകുപ്പ് മാറ്റി പ്രതിഷ്ഠിച്ചതിന് പിന്നില്‍ അങ്ങനെയും ഒരു തന്ത്രമുണ്ട്. ആറ്റിലൊഴുകിവരുന്ന ശവം അടുത്ത സ്റ്റേഷന്‍ അതിര്‍ത്തിയിലക്ക് തള്ളിവിടുന്ന കേരളാപോലീസിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അടവ്. സംഗതി പഴയ സര്‍ക്കാരിന്റെ കാലത്താണെന്ന് പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വനം മന്ത്രി മാത്രമല്ല, ഓഖി ഫെയിം ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയും ഈ വഴിക്കാണ് മരംമുറിയെ നേരിട്ടത്. ‘അന്ന് ഞാനല്ലാലോ മുഖ്യമന്ത്രി’ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
വയനാട്ടിലെ മുട്ടില്‍ മാത്രമല്ലല്ലോ മരമുള്ളത്. മരമുള്ളിടത്തെല്ലാം മരംമുറിയും നടക്കുമെന്ന് നായനാര്‍ മോഡലില്‍ ഒരു മറുപടി പ്രതീക്ഷിക്കാവുന്ന വിഷയത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നാടൊട്ടുക്കുള്ള മരം മുറിച്ച് കടത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്. മരംമുറിക്കാര്‍ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണ് പോലും. സാനിട്ടൈസര്‍ നല്‍കുന്ന പെണ്‍കുട്ടിയെ തട്ടിമാറ്റുന്ന പിണറായി, സെല്‍ഫിയെടുക്കാന്‍ വരുന്ന യുവാക്കളെ തള്ളിനീക്കുന്ന പിണറായി, തനിക്കിഷ്ടമല്ലാത്തവരോട് ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുന്ന പിണറായി മരംമുറിക്കാരോട് കൈ കൊടുത്തു ചിരിച്ചതിന് പിന്നില്‍ എന്താണെന്ന പി.ടി. തോമസിന്റെ ചോദ്യത്തില്‍ കാര്യമുണ്ട്.
സ്വപ്‌നയും ശിവശങ്കരനും മുതല്‍ കൊടി സുനിയും കിര്‍മാണി മനോജും വരെ ഒപ്പം നിന്നും പിന്നില്‍ നിന്നും പടം പിടിച്ചിട്ടുണ്ട്. പിന്നെയാണ് ഇവര്‍. ഇത് വേറെ ജനുസ്സാണെന്ന് മനസ്സിലാക്കിക്കോണം എന്ന മാസ് ഉത്തരം വരാനിരിക്കുന്നേ ഉള്ളൂ. മാത്രമല്ല, മരംമുറി ഒരു പരിസ്ഥിതി പ്രവര്‍ത്തനമാണെന്ന് പ്രഖ്യാപിച്ചാല്‍ പിന്നെ ആ പ്രശ്‌നം പരിഹരിക്കപ്പെടും. വേണ്ടിവന്നാല്‍ മരംമുറിക്ക് ഒരു വകുപ്പുണ്ടാക്കി, മന്ത്രിയെക്കൂടി പ്രഖ്യാപിച്ചുകളയും വിജയന്‍. വി. ശിവന്‍കുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ ആളാണ്… വിജയന് മുഖ്യമന്ത്രിയായി അഞ്ചാണ്ടും അതിനപ്പുറവും ഇരിക്കാമെങ്കില്‍ പിന്നെയാണ് ശിവന്‍കുട്ടിക്ക്… അമ്മാതിരി ജനുസ്സ് ഒന്നേയുള്ളൂ കേരളത്തില്‍ എന്ന് സമരിക്കാനിറങ്ങുന്നവര്‍ ഓര്‍ത്തിരിക്കുന്നവര്‍ നല്ലതാണ്.
ഒപ്പമുള്ളവരോടെല്ലാം കരുണയും കരുതലുമുള്ളവനാണ് പിണറായി വിജയന്‍. വനവിഭവങ്ങളെല്ലാം വികസനത്തിനുള്ളതാണ് എന്നാണ് പുതിയ ന്യായം. കോടികളുടെ ആനക്കൊമ്പുകള്‍ കട്ടില്‍ക്കീഴില്‍ സൂക്ഷിക്കും വിധം വികസിച്ചതാണ് പല രാഷ്‌ട്രീയ നേതാക്കളുടെയും സമ്പത്ത്. ആരെങ്കിലും കണ്ടെത്തി അന്വേഷിച്ച് വരുന്നതിന് മുമ്പ് അമ്മാതിരി സ്വത്തെല്ലാം വീതം വെച്ചും വില്‍പ്പത്രമാക്കിയും പങ്കാളിത്തജനാധിപത്യത്തിന്റെ മുറയനുസരിച്ച് പാര്‍ട്ടിഭേദമില്ലാതെ പങ്കിട്ടും അതങ്ങ് മുന്നോട്ടുപോകും. അത്രതന്നെ..
അഞ്ചാണ്ട് കാലത്തെ പിണറായി ഭരണത്തിന്റെ ഒടുവിലാണ് സ്വര്‍ണക്കടത്തും ഡോളര്‍കടത്തും ലൈഫ് കുംഭകോണവും സ്പ്രിങ്കഌ ഇടപാടുമെല്ലാം പൊന്തി വന്നത്. ചിറ്റപ്പന്‍ മന്ത്രിയുടെ ബന്ധുനിയമന വിവാദത്തിലായിരുന്നു തുടക്കം. തൊഴില്‍ നിഷേധിക്കപ്പെട്ടവരുടെ മുട്ടിലിഴയല്‍ സമരത്തിലായിരുന്നു ഒടുക്കം. ഓസിന് കിട്ടിയ കിറ്റിന്റെ പേരില്‍ വോട്ടിട്ട പ്രബുദ്ധ, സാക്ഷര, പുരോഗമന മലയാളിക്ക് ഇതിലും മികച്ച ഒരു സര്‍ക്കാരിനെ കിട്ടാനില്ല. മൊത്തം നാറിയ വെള്ളമുള്ള കിണറ്റില്‍ നിന്ന് കോരിയെടുക്കുന്നത് അമൃതൊന്നുമാവില്ലല്ലോ… ആ ന്യായം വെച്ച് മലയാളിക്കൊത്ത മുഖ്യനും മന്ത്രിമാരുമാണ് കേരളത്തിലേത്. ‘കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി’ എന്നാണല്ലോ എല്ലാകാലത്തെയും അഴിമതി സൂക്തവാക്യം. അവസാനത്തെ ‘വലിയെടാ വലി’ വോട്ട് ചെയ്തവരോടുള്ള ആഹ്വാനമായി കണ്ടാലും തെറ്റൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: