കൊച്ചി: ഭാരതത്തിനെതിരെ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ നടിയും സംവിധായകയുമായ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ന്യൂസ് 18 കേരളയിലെ എഡിറ്ററും. ഷെയ്ക്കെതിടെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സനീഷ് ഇളയിടത്താണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സനീഷ് രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഐഷയ്ക്കുള്ള പിന്തുണ ഉറക്കെ ഞാന്‍ പറയുന്നു. കുറെ വര്‍ഷമായി രാജ്യത്ത് ഇതുതന്നെയാണ് നടക്കുന്നത്. ഐഷയെ ആര്‍ക്കും വിട്ടുകൊടുക്കരുത്, പരസ്പരം താങ്ങിതാങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണം. ഐഷയ്ക്കും മീഡിയാ വണ്‍ എഡിറ്റര്‍ നിഷാദ് റാവുത്തര്‍ക്കും തന്റെ എല്ലാ വിധ പിന്തുണയും ഉണ്ടെന്നും അദേഹം ക്ലബ് ഹൗസ് ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഐഷ സുല്‍ത്താനക്കെതിരെ കേസെടുത്ത സംഭവം വളച്ചൊടിച്ചുകൊണ്ട് ന്യൂസ് 18 മലയാളത്തിലെ മറ്റൊരു എഡിറ്ററായ അപര്‍ണ്ണ കുറുപ്പും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രം ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചുവെന്ന പരാമര്‍ശത്തിലാണ് രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍, പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട്ബിജെപി നല്കിയ പരാതിയില്‍ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് അപര്‍ണ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് ഐഷയെ വെള്ളപൂശിയെടുക്കുന്നതിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ മനോരമ ന്യൂസ് കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ പ്രമോദ് രാമനും രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഐഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘എത്ര കടുത്തവിമര്ശനവും രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി പറഞ്ഞത് ലക്ഷദ്വീപ് എന്ന ഇന്ത്യന്‍ മണ്ണിനു വേണ്ടിക്കൂടിയാണ്. ഇത് ഇനിയും നാം അനുവദിച്ചുകൂടാ’യെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി. ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പോലീസ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐഷയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും പോലീസ് വ്യക്തമാക്കി. 124 അ ,153 ആ എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
മീഡിയ വണ്‍ നടത്തിയ രാത്രി ചര്‍ച്ചയിലാണ് ലക്ഷദ്വീപ് നിവാസികള്‍ക്കു നേരേ ഭാരത സര്‍ക്കാര്‍ കൊറോണ എന്ന ബയോവെപ്പണ്‍(ജൈവായുധം) പ്രയോഗിച്ചു എന്ന് ഐഷ പറഞ്ഞത്. ഐഷയുടെ പരാമര്‍ശം ഉണ്ടായ ഉടന്‍ അതു പിന്‍വലിക്കണമെന്നും കടുത്ത രാജ്യവിരുദ്ധതയാണ് പറയുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി വിഷ്ണു വ്യക്തമാക്കിയിരുന്നു. ഒരു ഭരണകൂടം അവരുടെ പൗരന്മാരുടെ നേര്‍ക്ക് ജൈവായുധം പ്രയോഗിച്ചു എന്ന എങ്ങനെ പറയാന്‍ സാധിക്കുന്നു എന്നും വിഷ്ണു ഐഷയോട് ചോദിച്ചു. എന്നാല്‍, താന്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു എന്നും ചൈന മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച ജൈവായുധമാണ് കൊറോണ എന്നു പറയുന്നതു പോലെയാണ് ഇതെന്നും ഐഷ പറഞ്ഞിരുന്നു. കോവിഡ് ഇല്ലാതിരുന്ന നാട്ടില്‍ ഇളവുകള്‍ നല്‍കിയാണ് അഡ്മിനിസ്ട്രേറ്റര്‍ കോവിഡ് രോഗം എത്തിച്ചതെന്നും ഐഷ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: