തിരുവനന്തപുരം: കേരളത്തില്‍ വീരപ്പന്റെ ഭരണമാണ് നടക്കുന്നതെന്നും മരം മുറിച്ച് കടത്തല്‍ ഭീകരമായ കൊള്ളയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മരം മുറിച്ച് കടത്തല്‍ മുട്ടിലില്‍ നിന്നും എല്ലാ ജില്ലകളിലേക്കും വ്യാപിച്ചുവെന്നും ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളിലെ കടുംവെട്ടിന്റെ ഒരു ഉദാഹരണമാണ് മരംമുറി സംഭവം. പമ്പയിലെ മണല്‍ കടത്തിയതുള്‍പ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടു. ഇത് റവന്യു സെക്രട്ടറി മാത്രം അറിഞ്ഞുള്ള കളിയാണോയെന്ന് സര്‍ക്കാര്‍ പറയണം.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന് മാത്രം ഇങ്ങനൊരു തീരുമാനം എടുക്കാനാവുമോ? ക്യാബിനറ്റ് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? അന്വേഷണം നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമാണെങ്കില്‍ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എന്തിനാണ് നിയമം നിര്‍ത്തലാക്കിയത്? മരം മുറി കേസിലെ പ്രതി കാല് കോടി രൂപ കൈക്കൂലി കൊടുത്താണ് മരം പെരുമ്പാവൂരിലെത്തിച്ചതെന്നാണ് പറയുന്നത്. കൊവിഡ് കാലത്ത് എങ്ങനെ ഇത്രയും ദൂരം മരം എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നത് ഉറപ്പാണ് സുരേന്ദ്രന് പറഞ്ഞു.
ഇത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണെന്നും ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എടുത്ത തീരുമാനമാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണ്ടേ? മരം മുറിക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് എന്തിനാണ്? മുട്ടില്‍ വില്ലേജ് ഓഫിസിലേക്ക് തിരുവനന്തപുരത്ത് നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്തിനാണ്? മരം മുറിക്കുന്നതിന് അനുകൂലമായി രാഷ്ട്രീയമായ ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. പഴയ വനംമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മൗനം അവലംബിക്കുന്നത് ദുരൂഹമാണ്.
കാനം രാജേന്ദ്രന് എന്താണ് മൗനം തുടരുന്നത്? ഒരക്ഷരം മിണ്ടാതെ വനംവകുപ്പ് എന്‍സിപിക്ക് വിട്ടുകൊടുത്തത് എന്താണ്? സ്വയം പ്രഖ്യാപിത പരിസ്ഥിതി പ്രവര്‍ത്തകനായ ബിനോയ് വിശ്വം വായ് തുറക്കണം. കഴിഞ്ഞ വനം, റവന്യൂ മന്ത്രിമാരായ രാജുവും ചന്ദ്രശേഖരനും വസ്തുതകള്‍ വെച്ച് മറുപടി പറയാത്തത് എന്താണ്? പ്രകൃതിയെ കൊള്ളയടിക്കുന്ന ഇടത് ഭരണത്തിനെതിരെ ബിജെപി ശക്തമായ സമരം തുടങ്ങും. 14ന് പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി, കാസര്‍ഗോഡ്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിക്കും. മാധ്യമങ്ങള്‍ ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ മൂന്നംഗ കമ്മിറ്റി ഉണ്ടാക്കിയെന്നത് കള്ളവാര്‍ത്തയാണ്. മരം മുറി കേസില്‍ വരെ ഉള്‍പ്പെട്ടവരുടെ മാധ്യമവിചാരണക്ക് നിന്നു തരില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: