വാഷിംഗ്ടണ്‍: കോവിഡ് മാഹാമാരിയുടെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് യുഎസ് ആഭ്യന്തരമന്ത്രി ആന്റണി ബ്ലിങ്കന്‍. ഇത് അസംബന്ധകഥയാണെന്ന് തിരിച്ചടിച്ച് ചൈനയുടെ വിദേശനയ ഉപദേശകന് യാങ് ജിയെചി. ഇരുവരും തമ്മില്‍ വെള്ളിയാഴ്ച നടന്ന ഫോണ്‍ സംഭാഷണമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
ചൈനയുമായി പല കാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്ന് പറഞ്ഞാണ് ആന്റണി ബ്ലിങ്കന്‍ സംഭാഷണം തുടങ്ങിയത്. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം, വടക്കുകിഴക്കന്‍ സിന്‍ജിയാംഗ് മേഖലയിലെ ഉയ്ഗുര് മുസ്ലിങ്ങളുടെ കൂട്ടത്തോടെ കരുതല്‍ തടങ്കലില്‍ വെച്ചുള്ള പീഡനം എന്നീ വിഷയങ്ങള്‍ ബ്ലിങ്കന്‍ എണ്ണിപ്പറഞ്ഞു. കൂട്ടത്തില്‍ കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ് കോവ് 2 എന്ന വൈറസിന്റെ ഉല്പത്തി സംബന്ധിച്ച് വീണ്ടും വിശദമായ അന്വേഷണം വേണമെന്നും ബ്ലിങ്കന്‍ ആവശ്യമുന്നയിച്ചു.
എന്നാല്‍ സാര്‍സ് കോവ് 2 ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും പുറത്തുചാടിയതാണെന്ന കഥ വെറും അസംബന്ധമാണെന്ന് ചൈനയുടെ വിദേശകാര്യ ഉപദേശകന് യാംഗ് ജിയെചി പറഞ്ഞു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന യുഎസ് നയം മാറ്റണമെന്നും ഹോങ്കോംഗിന്റെയും സിന്ജിയാങിന്റെയും വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് യാങ്പറഞ്ഞു. കോവിഡ് മഹാമാരിയെ ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള അവസരമാക്കാന്‍ അനുവദിക്കില്ലെന്നും യാങ് പറഞ്ഞു. ‘കോവിഡ് 19നെ രാഷ്ട്രീയവല്‍ക്കരിക്കരുത്. വസ്തുതയെയും സയന്‍സിനെയും യുഎസ് ബഹുമാനിക്കണം,’ യാങ് തിരിച്ചടിച്ചു.
എന്നാല്‍ സാര്‍സ് കോവ് 2 വൈറസിന്റെ ഉറവിടം സംബനധിച്ച് സുതാര്യമായ അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘത്തിന് രണ്ടാം ഘട്ട അന്വേഷണം സുഗമമാക്കാന്‍ സഹായിക്കണമെന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ഹോങ്കോങ്, സിന്‍ജിയാങ്, തായ് വാന്‍ എന്നീ പ്രശ്നങ്ങളിലും ബ്ലിങ്കന്‍ ചൈനയെ കുറ്റപ്പെടുത്തുന്നു. ചൈനീസ് കമ്പനിയായ ഹുവാവേയുടെ എക്സിക്യൂട്ടീവിനെ കാനഡ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ രണ്ട് കനേഡിയന്‍ പൗരന്മാരെ ചൈന ഏകപക്ഷീയമായി തടങ്കലില്‍ വെച്ച് പീഡിപ്പിച്ച സംഭവവും ബ്ലിങ്കന്‍ എടുത്തുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: