കൊച്ചി : ഫ്ളാറ്റില്‍ താമസിപ്പിച്ച യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന കേസില്‍ പിടിയിലായ മാര്ട്ടിന് ജോസഫ് മറ്റൊരു യുവതിയേയും മര്‍ദ്ദിച്ചെന്ന് പരാതി. കൊച്ചിയില്‍ ഒളിവില്‍ താമസിച്ച ഫ്ളാറ്റിന്റെ ഉടമയേയും മര്‍ദ്ദിച്ച് അവശയാക്കിയെന്നാണ് പരാതി.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കഴിഞ്ഞ മെയ് 31-ാം തിയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ചെ വരെ മാര്ട്ടിന് ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ്ളാറ്റിലായിരുന്നു. മെയ് 31-ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷിനൊപ്പം മാര്ട്ടിന് കാക്കനാടുള്ള ഫ്ളാറ്റില്‍ എത്തി ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഫ്ളാറ്റുടമയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അനുവദിക്കാതായതോടെ ഇവര്‍ യുവതിയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ മര്‍ദ്ദിച്ചത്.
ഇതേത്തുടര്‍ന്ന് ഭയപ്പാടിലായ യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എറണാകുളം വനിതാ സ്റ്റേഷന് എസ്ഐ ശ്രീദേവി അറിയിച്ചു. ഇയാളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാലരയോടെ മാര്‍ട്ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവരികയും ചെയ്തിരുന്നു.
അതേസമയം മാര്‍ട്ടിനെ കുറിച്ച് മറ്റ് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ സമീപിക്കാമെന്ന് പോലീസ് അറിയിച്ചു. മാര്‍ട്ടിനെതിരെ സാമ്പത്തിക തര്‍ക്കങ്ങളോ മറ്റ് ഏതെങ്കിലും വിധത്തിലുള്ള പരാതികളോ എന്തെങ്കിലും ഉള്ളവര്‍ ഉടനെ പോലീസില്‍ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മറ്റ് ആര്‍ക്കെങ്കിലും മാര്‍ട്ടിനെ കുറിച്ച് പരാതിയുണ്ടോയെന്ന് അന്വേഷിച്ചിരിക്കുന്നത്. മാര്‍ട്ടിനേയും ഇയാളുടെ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: