കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മരം കൊള്ളയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് വയനാട് മുട്ടില്‍ വിവാദമായ ഈട്ടി മരം കൊള്ള. റവന്യൂ, വനം, വകുപ്പുകളടക്കം പങ്കുചേര്‍ന്നുള്ള തീവെട്ടിക്കൊള്ളയുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മഞ്ഞുമലയുടെ അറ്റം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. കൊള്ളയുടെ ബാക്കിഭാഗം കാണാതിരിക്കുന്നതേയുള്ളൂ. എല്ലാം സര്‍ക്കാരിനറിയാമെന്നര്‍ത്ഥം. മാഫിയാ സംഘങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും മരം കൊള്ളയ്‌ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. സംഭവം വിവാദമായതോടെ അന്വേഷണം നടത്തി താഴെതട്ടിലുള്ള ഉദ്യോഗസ്ഥരെ ബലികൊടുത്തുകൊണ്ട് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കവുമാണ് നടക്കുന്നത്.
റവന്യൂ, വനം വകുപ്പുകള്‍ നടത്തിയ ഗുരുതരവീഴ്ചയാണ് പട്ടയഭൂമിയിലെ മരം കൊള്ളയ്‌ക്ക് വഴിവെച്ചിരിക്കുന്നത്. ഇത് വയനാട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല.തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും സമാനമായ മരം കൊള്ള നടന്നിരിക്കുന്നു. വനവാസി, പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചുകൊണ്ടാണ് മാഫിയാസംഘങ്ങള്‍ ഈ തട്ടിപ്പ് നടത്തിയതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്നലെ മുട്ടിലില്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായത്. 15 കോടി രൂപ വില വരുന്ന 101 ഈട്ടിത്തടികളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മാത്രം മുറിച്ചുമാറ്റിയത്. മരംവെട്ടു മാഫിയയുടെ നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുകൂലമായ നിലപാടാണ് റവന്യൂ, വനംവകുപ്പുകള്‍ കൈക്കൊണ്ടത്.
2020 ഒക്‌ടോബര്‍ 24 ന്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ഇറക്കിയ 261/2020 ഉത്തരവിലൂടെയാണ് അനധികൃതമായി മരം വെട്ടാനുള്ള കളമൊരുങ്ങിയത്. സാധാരണ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മാഫിയാ സംഘങ്ങള്‍ക്ക് കോടികളുടെ മരം മുറിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചുകൊടുത്തത്. സംരക്ഷിത വനം പട്ടയക്കാര്‍ക്ക് നല്‍കുമ്പോള്‍ അതിലുള്ള മരങ്ങളുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാറിനാണെന്ന ഉപാധിമറികടന്നാണ് മരം കൊള്ള നടന്നിരിക്കുന്നത്. പട്ടയം ഉടമകള്‍ക്ക് ഈ മരങ്ങളുടെ ഉടമസ്ഥാവകാശമില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ ബലത്തില്‍ കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ കോടികളുടെ മരമാണ് കടത്താന്‍ അവസരം നല്‍കിയത്.പട്ടയം ലഭിക്കുന്ന സമയത്ത് സര്‍ക്കാറിലേക്ക് റിസര്‍വ്വ് ചെയ്ത മരങ്ങളാണ് വെട്ടിമാറ്റിയത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ മാഫിയ സംഘങ്ങളാണ്. ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിലെ പഴുതുപയോഗിച്ചാണ് വനം മാഫിയ ലക്ഷങ്ങളുടെ മരങ്ങള്‍ വെട്ടി വെളുപ്പിച്ചത്.
റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ഉന്നതര്‍ക്കടക്കം വിവാദമായ ഉത്തരവിന്റെ ഉത്തരവദിത്വമുണ്ട്. എന്നാല്‍ മരംവെട്ട് വിവാദമായിട്ടും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് മുന്‍ റവന്യൂ മന്ത്രി ഇന്നലെയും പ്രതികരിച്ചിരിക്കുന്നത്. കൃഷിക്കാര്‍ വെച്ചു പിടിപ്പിച്ചതും കിളിര്‍ത്തുവന്നതും പതിച്ചുകിട്ടിയ സമയത്ത് മരവില അടച്ച് റിസര്‍വ്വ് ചെയ്തതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം പട്ടയം ഉടമയ്‌ക്കാണെന്നും അവ അവര്‍ക്ക് മുറിച്ച് മാറ്റാന്‍ അനുവാദമുണ്ടെന്നും ഉള്ള വിവാദ ഉത്തരവ് തയ്യാറാക്കിയത് പാവപ്പെട്ടചെറുകിട കൃഷിക്കാര്‍ക്ക് അവരുടെ കൃഷി ഭൂമിയിലെ അത്യാവശ്യ മരം മുറിക്കാനായിരുന്നില്ല. മറിച്ച് കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ മാഫിയാസംഘങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ വലവീശാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
മുട്ടിലില്‍ മാത്രമല്ല സംസ്ഥാനത്ത് ആകെ ഈ അവസരം ഉപയോഗിക്കാന്‍ മാഫിയാ സംഘങ്ങള്‍ക്ക് കഴിഞ്ഞു. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ മാത്രം ആയിരക്കണക്കിന് പാസുകളാണ് ഈ കാലയളവില്‍ അനുവദിച്ചുകഴിഞ്ഞത്. ഇത് ആസൂത്രിതമായ പദ്ധതിയാണെന്നതിന് മറ്റ് തെളിവുകളാവശ്യമില്ല. പട്ടയം നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ കര്‍ഷകര്‍ മാത്രമല്ല ഫോറസ്റ്റ് ഓഫീസര്‍മാരും ഇതിന് പിഴയൊടുക്കേണ്ടി വരും.അനുവാദമില്ലാതെ മരംവെട്ടിയതിന് വനംവകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്ന് പിഴയടക്കേണ്ടിവന്ന സംഭവം പത്തനംതിട്ടയില്‍ ഉണ്ടായിട്ടുണ്ട്. റവന്യൂവകുപ്പില്‍ നിന്ന് പുറത്തിറക്കിയ വിവാദ ഉത്തരവ് നിയമപ്രകാരമല്ലെന്നും ഇത് അനധികൃത മരംവെളുപ്പിക്കലിന് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കേണ്ട വനം വകുപ്പ് നിശ്ശബ്ദമാകുയായിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് 1964 ലെ പട്ടയാധാരപ്രകാരമുള്ള ഭൂമിയിലെ മരങ്ങള്‍ എന്ന് മനസ്സിലായിട്ടും ഇത് ചൂണ്ടിക്കാണിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്. വനം, റവന്യൂ വകുപ്പ് മാത്രമല്ല സംസ്ഥാന സര്‍ക്കാറിന്റെ തലപ്പത്തടക്കമുള്ളവര്‍ ഈ ഗൂഢാലോചനയില്‍ പങ്കുള്ളവരാണെന്ന് കരുതിയാല്‍ തെറ്റില്ല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ വകുപ്പ് വിഭജനം പോലും ഇതനുസരിച്ചാണ് നല്‍കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡിഎഫ്ഒമാരുടെയും റെയ്ഞ്ച് ഓഫീസര്‍മാരുടെയും ഇടയിലെ ഒരു സാധാരണ പിഴവായി ഇതിനെ ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വകുപ്പ് മന്ത്രിമാരടക്കം ഈ സംഭവത്തിലെ കുറ്റപത്രത്തിലെ മുഖ്യപ്രതികളാണ്. വിവാദ ഉത്തരവ് പുറപ്പെടുവിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മൗനം പാലിച്ച വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇതിലെ കൂട്ടുപ്രതികളാണ്.
1970ല്‍ പട്ടയം കിട്ടിയ വനവാസി സഹോദരങ്ങള്‍ ഏറെ പ്രതീക്ഷകളോടെയാണ് വീടുവെച്ച് താമസം തുടര്‍ന്നത്. എല്ലാ മരവും മുറിച്ചുമാറ്റാമെന്ന സര്‍ക്കാര്‍ ഓര്‍ഡറുമായി കച്ചവടക്കാര്‍ എത്തിയത് ചുളുവിലക്ക് വനവാസികളുടെ മരങ്ങള്‍ കയ്യടക്കാനായിരുന്നു. 4-5 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി വെറും 40,000 രൂപ വനവാസികള്‍ക്ക് നല്‍കി വഞ്ചിച്ചും കബളിപ്പിച്ചും അവര്‍ സ്വന്തമാക്കി. മാഫിയയുടെ മരംകൊള്ള പുറത്തായപ്പോള്‍ സര്‍ക്കാര്‍ സ്വന്തം തടി രക്ഷിക്കാന്‍ വനവാസികളെ ബലിയാടാക്കുകയാണ്. അനധികൃതമായി തടിവെട്ടി എന്ന കുറ്റമാരോപിച്ച് 46 ല്‍ പരം വനവാസിസഹോദരങ്ങള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. കവര്‍ച്ചക്ക് മീനങ്ങാടി പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
2020 ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി 21 വരെ മൂന്ന് മാസക്കാലം ഇഷ്ടം പോലെ കേരളത്തിലുടനീളം മരങ്ങള്‍ വെട്ടി മാറ്റാന്‍ മാഫിയ സംഘങ്ങള്‍ക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. സംരക്ഷകര്‍ അന്തകരായി, കേരളം സംരക്ഷിത മരങ്ങളുടെ ശവപ്പറമ്പായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: