ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് കരുത്തുപകരാന്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയില്‍ നിന്നും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചകളില്‍ ഉപദേശങ്ങള്‍ സ്വീകരിച്ച് യോഗി.
വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നേരമാണ് ദല്‍ഹിയില്‍ യോഗിയും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയെ കണ്ടുവെന്നും അദ്ദേഹത്തില്‍ നിന്നും ഉപദേശങ്ങള്‍ ലഭിച്ചെന്നും പിന്നീട് യോഗി ട്വിറ്ററില്‍ കുറിച്ചു. വൈകാതെ ബിജെപി ദേശീയപ്രസിഡന്റ് ജെ.പി. നദ്ദയുമായി ഒന്നരമണിക്കൂറോളം സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ് യുപി. ഏറ്റവുമധികം ലോക്സഭാ അംഗങ്ങളുള്ള സംസ്ഥാനമായതിനാല്‍ ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഏറെ പ്രാധാന്യം കല്പ്പിക്കുന്നു. വ്യാഴാഴ്ച അമിത് ഷായോടും യോഗി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലൂടെ കരുത്താര്‍ജ്ജിച്ച ഒരു യോഗിയായിരിക്കും ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയെത്തുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കോവിഡ് മഹാമാരിയില്‍ നിന്നും യുപിയെ രക്ഷിയ്ക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യമാണ് യോഗിയുടെ മുന്നില്‍ ഇപ്പോഴുള്ളത്.
ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ മന്ത്രിമാരെ യുപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യത്തിലും വ്യക്തമായ നടപടികള്‍ മടങ്ങിയെത്തിയ ശേഷം യോഗി കൈക്കൊള്ളും.
യുപിയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളിലൊരാളും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ ജിതിന് പ്രസാദ ബിജെപിയില്‍ എത്തിയത് യോഗിയുടെ വലിയ വിജയമാണ്. ഇത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. യുപിയില്‍ നല്ല സ്വാധീനമുള്ള ബ്രാഹ്മണസമുദായത്തിലെ മുഖമായാണ് ബിജെപി ജിതിന് പ്രസാദയെ കാണുന്നത്. യുപിയിലെ വോട്ടര്‍മാരില്‍ 13 ശതമാനം പേര് ബ്രാഹ്മണരാണ്. ഈ ഒരു അനുഗ്രഹമാണ് യോഗിക്ക് ജിതിന് പ്രസാദയിലൂടെ കൈവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: