റാന്നി: ശബരിമല തിരുവാഭരണ പാതയില്‍ റാന്നി-മന്ദിരം ജങ്ഷനു സമീപം നിന്നിരുന്ന മരങ്ങള്‍ രാത്രിയില്‍ മുറിച്ചു കടത്താന്‍ ശ്രമം. പഞ്ചായത്തിന്റ അധീനതയിലുള്ള വസ്തുവിലെ തേക്ക്, ആഞ്ഞിലി, റബ്ബര്‍ ഉള്‍പ്പടെ 16 മരങ്ങളാണ് മുറിച്ചിട്ടത്. ഇവ രാത്രിയില്‍ ഇവിടെ നിന്നു കടത്തുന്നതിന്ശ്രമം നടന്നെങ്കിലും ഏതിര്‍പ്പുകള്‍ കാരണം വിജയിച്ചില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ നടക്കുമ്പോഴാണ് ലക്ഷങ്ങളുടെ തടി കടത്തുന്നതിന് ശ്രമം നടക്കുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികള്‍ ഈ വിവരങ്ങള്‍ റാന്നി എല്‍ആര്‍ തഹസീല്‍ദാറെയും, പഞ്ചായത്ത് സെക്രട്ടറിയെയും അറിയിച്ചു. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു.
സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിച്ചത്. അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അഞ്ചുവര്‍ഷം മുമ്പ് റാന്നി പഞ്ചായത്ത് തീരുമാനിച്ചു. ഇതനുസരിച്ച് വനംവകുപ്പ് വില നിശ്ചയിക്കുകയും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമീപത്തെ വസ്തു ഉടമ റാന്നി മുന്‍സിഫ് കോടതിയില്‍ തര്‍ക്കം ഉന്നയിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം കേസ് പിന്‍വലിച്ചു. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസ് പ്രകാരമാണ് ഇവ മുറിച്ചു മാറ്റിയതെന്നാണ് വസ്തു ഉടമയുടെ വിശദീകരണം. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പിഴവുണ്ടെന്നും അത് മാറ്റി നല്‍കിയതായും പറയുന്നു.
സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്തുന്നത് നിയമപരമായി തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളെ ജില്ലാ ഭരണകൂടം ഗൗരവമായി കണ്ടില്ലെങ്കില്‍ പന്തളം മുതല്‍ ളാഹ വരെ, കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍, മുറിച്ചുമാറ്റപ്പെടുമെന്നും അഭിപ്രായം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: