സിംഗപ്പൂര്‍: ഹിന്ദുവായ അയല്ക്കാരന്റെ പ്രാര്‍ത്ഥനയെ ചേങ്ങില മുട്ടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന സിംഗപ്പൂര്‍ വനിതയുടെ വീഡിയോ വൈറലായി. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസില്‍ സ്ത്രീ സഹകരിക്കുന്നതായും പൊലീസ് പറഞ്ഞു.
ഹിന്ദുവായ ലിവെനേഷ് രാമു എന്ന വ്യക്തിക്കാണ് സിംഗപ്പൂരില്‍ ഇത്തരമൊരു അനുഭവം ഉണ്ടായത്. ഇദ്ദേഹം തന്നെയാണ് ഈ വംശീയവിദ്വേഷം പ്രകടമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. 19 സെക്കന്റ് നീളുന്ന വീഡിയോ ലിവെനേഷ് രാമു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേര് 48 കാരിയായ സിംഗപ്പൂര്‍ വനിതയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്തായാലും ഈ പരാതിയില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. അയല്‍ക്കാരി ചേങ്ങില രൂപത്തിലുള്ള മണിമുട്ടി ഉറക്കെ അപശബ്ദമുണ്ടാക്കി ഹിന്ദുവായ ഒരാളുടെ പ്രാര്‍ത്ഥന മുടക്കുന്ന വീഡിയോയും സിംഗപ്പൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
19 സെക്കന്റ് വീഡിയോയില്‍ കണ്ണട വെച്ച ഒരാള്‍ ഹൈന്ദവവിധിയനുസരിച്ച് തന്റെ അപാര്‍ട്മെന്റിന് പുറത്ത് പ്രാര്‍ത്ഥന നടത്തുന്നത് കാണാം. അദ്ദേഹം പ്രാര്‍ത്ഥനയുടെ ഭാഗമായി തുടര്‍ച്ചയായി മണിയടിക്കുന്നത് കാണാം. ഇതിന് പിന്നാലെ തൊട്ടടുത്ത ഫ്ളാറ്റിന്റെ ഡോര്‍ തുറന്ന് ഒരു സിംഗപ്പൂര്‍ വനിത പുറത്ത്വരുന്നത് കാണാം. അവര്‍ ഒരു വടി താഴെ നിന്നും എടുത്ത് ഒരു ചേങ്ങിലയില് വലിയ ശബ്ദത്തില്‍ 15 സെക്കന്റുകളോളം വലിയ ശബ്ദത്തില്‍ മുട്ടുന്നതായി കാണാം.(പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വീഡിയോയില്‍ വ്യക്തം). പുരുഷന് പ്രാര്‍ത്ഥന നിര്‍ത്തി കുനിയുമ്പോള്‍ അയാളുടെ മണിയടി ശബ്ദം മെല്ലെ മെല്ലെ കേള്‍ക്കാതാവുന്നു. ആ സ്ത്രീ വീണ്ടും ഏതാനും തവണ കൂടി ചേങ്ങിലയില് വലിയ ശബ്ദത്തില്‍ മുട്ടിയതിന് ശേഷം, അയല്ക്കാരന്റെ പ്രാര്‍ത്ഥന കഴിഞ്ഞെന്ന് ഉറപ്പ് വരുത്തി, ഫ്ളാറ്റിനുള്ളിലേക്ക് തന്നെ മടങ്ങുന്നതും കാണാം.
‘മറ്റ് അനേഹം ഹിന്ദുക്കളുടേതും പോലെ ഇതും ഞങ്ങളുടെ കുടുംബത്തില്‍ ആഴ്ചയില്‍ രണ്ട് തവണ മുടങ്ങാതെ നടക്കുന്ന അഞ്ച് മിനിറ്റ് നേരത്തെ പ്രാര്‍ത്ഥനയാണ്. ഈ വീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്നു. ഞങ്ങള്‍ക്ക് ഇതുവരെ മറ്റ് യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല,’ ലിവനേഷ് രാമു പറയുന്നു.
തങ്ങളുടെ കുടുംബം അധികൃതര്‍ക്ക് പരാതി നല്കിയിട്ടുള്ളതായി ലിവനേഷ് പറഞ്ഞു. ‘അധികൃതരുടെ കണ്ടെത്തലിനായി കാത്തിരിക്കുന്നതിനിടയില്‍ അയല്‍ക്കാരിയുടെ പ്രവൃത്തിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ലിവനേഷ് പറഞ്ഞു.
‘ഇതിനിടെ സഹസിംഗപ്പൂര് വാസികള്‍ ഒറ്റക്കെട്ടായി ഈ അസഹിഷ്ണുതയ്ക്കെതിരെ രംഗത്ത് വന്നത് ആശാവഹമാണ്,’ ലിവനേഷ് രാമു പറയുന്നു.
‘ചിലര്‍ക്ക് അവരുടെ വംശീയമായ മുന്‍ഗണനകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അത് ഒരിക്കലും വംശീയതയല്ല. പക്ഷെ അത് പൊതുമണ്ഡലത്തില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അതിര്‍വരമ്പ് ലംഘിക്കലാണ്,” സിംഗപ്പൂരിലെ ആഭ്യന്തര-നിയമമന്ത്രി കെ. ഷണ്മുഖം പറയുന്നു.
“നിങ്ങള്‍ വംശീയവിദ്വേഷത്തെ അപലപിക്കുന്നു, അതിനെതിരെ നെറ്റിചുളിക്കുന്നു. നിയമം ലംഘിച്ചാല്‍ അതിനെതിരെ നടപടിയെടുക്കണം. കാരണം അത് അര്‍ബുദം പോലെയാണ്. അത് സമൂഹത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കും,” – അടുത്തിടെ നടന്ന ഒരുപിടി വംശവെറിയുടെതായ സംഭവവികാസങ്ങളെ സൂചിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അതേ സമയം വംശീയസാഹോദര്യം സാധ്യമാണെന്നും ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ ബഹുദൂരം മുന്നിലാണെന്നും ഷണ്മുഖം വിശ്വസിക്കുന്നു. എന്തായാലും ഈ വിചിത്രമായ വംശീയവെറിയില്‍ സിംഗപ്പൂര്‍ പൊലീസിന്റെ തീര്‍പ്പെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് അവിടുത്തെ ഇന്ത്യക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: