നിലമ്പൂര്‍: വിതരണം ചെയ്ത കിറ്റിന്റെ കണക്കുപറഞ്ഞ് വോട്ടുനേടി വീണ്ടും അധികാരത്തിലേറിയ സര്‍ക്കാര്‍ കാണുന്നുണ്ടോ നിലമ്പൂരിലെ ഈ ദുരിത ജീവിതം. നിങ്ങള്‍ കൊടുത്ത കിറ്റ് പോലും വാങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബമുണ്ടിവിടെ. നിലമ്പൂര്‍ അകമ്പാടം കണ്ണംകുണ്ടിലെ മോഡല്‍ ട്രൈബല്‍ വില്ലേജിലെ മണികണ്ഠനും ഭാര്യയും മൂന്ന് കുട്ടികളും അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കൂരയിലാണ്.
ചുറ്റും വനമായതിനാല്‍ ഇഴജന്തുകള്‍ ഉള്‍പ്പെടെ കയറിവരാന്‍ സാധ്യതയുള്ളിടത്താണ് ഇവരുടെ താമസം. കിണറോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് സമീപത്തെ വനമാണ് ആശ്രയം. കൊവിഡ് കാലമായതിനാല്‍ മണികണ്ഠന് പണിയുമില്ല. ഒരു വീട് വാടകയ്ക്കെടുത്ത് കുട്ടികളുമായി സുരക്ഷിതമായി കഴിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കില്ല. ഒരു റേഷന്‍ കാര്‍ഡ് ലഭിക്കാനായി മണികണ്ഠന് മുട്ടാത്ത വാതിലുകളില്ല. കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ ഉള്‍പ്പെടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.
മൂന്ന് വര്‍ഷം മുമ്പുണ്ടായ പ്രളയത്തിലാണ് മണികണ്ഠന് ഉള്‍പ്പെടെയുള്ളവരുടെ വീട് നഷ്ടപ്പെട്ടത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ നിര്‍മ്മിതികേന്ദ്രം ട്രൈബല്‍ വില്ലേജില്‍ ഇവര്‍ക്കായി വീടുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും പാതിവഴിയിലാണ്. മറ്റൊരു മഴക്കാലം കൂടി പടിവാതിലെത്തി നില്ക്കുമ്പോള് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം.
സന്നദ്ധ സംഘടനകള്‍ നല്കുന്ന ഭക്ഷ്യവസ്തുക്കളാണ് നിലവില്‍ ഇവര്‍ക്ക് ആശ്വാസമാകുന്നത്. ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഈ കുടുംബത്തിന് മതിയായ സൗകര്യങ്ങളൊരുക്കണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: