കൊല്ലം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ജില്ലയിലെ കേറ്ററിംഗ് മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിവാഹ ചടങ്ങുകളും ആഘോഷ പരിപാടികളും വീടകങ്ങളില്‍ ചുരുങ്ങിയതോടെ നിരവധി പാചക തൊഴിലാളികളും കേറ്ററിംഗ് ജീവനക്കാരുമാണ് പട്ടിണിയിലായത്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ജീവിതം ദുരിതപൂര്‍ണമാണ്.
ബാങ്ക് ലോണ്‍ എടുത്തും പങ്ക് ചേര്‍ന്ന് വ്യവസായം വിപുലീകരിച്ച ആളുകളും ഇപ്പോള്‍ എന്തുചയ്യണമെന്നറിയാതെ വലയുകയാണ്. കേറ്ററിംഗ് സംരംഭങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് കേറ്ററിംഗ് മേഖലയിലെ സീസണ്. ഈ പ്രധാനസമയങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു ജോലി പോലും കിട്ടാത്ത അവസ്ഥയാണ് ഇവര്‍ക്ക്.
രണ്ടു ദിവസമായി നീണ്ടു നില്ക്കുന്ന വിവാഹ ആഘോഷങ്ങളും അനുബന്ധ ചടങ്ങുകളിലും 3000 മുതല്‍ 5000 വരെ ആളുകളായിരുന്നു പങ്കെടുത്തിരുന്നത്. ഇത്രയും ആളുകള്‍ക്ക് ഭക്ഷണം ഒരുക്കുന്നത് വെറും ജോലി മാത്രമല്ല, ആത്മസമര്‍പ്പണം കൂടിയാണ് ഇവര്‍ക്ക്. ലോക് ഡൗണില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വിരലിലെണ്ണാവുന്ന സംഖ്യയായി ചുരുങ്ങിയപ്പോള്‍ കേറ്ററിംഗ് മേഖലയ്ക്ക് അത് വന്‍തിരിച്ചടിയായി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഒഴിവില്ലാതെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഒന്നു പോലും ലഭിക്കാത്തത്.
കേറ്ററിംഗ് മേഖലയില്‍ തൊഴില്‍ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. ജോലി ഇല്ലെങ്കിലും ഇവര്‍ക്ക് താമസവും ഭക്ഷണവും മുടങ്ങാതെ നല്‍കുന്നതിന് പാത്രങ്ങള്‍ വിറ്റ സംരംഭകരും ജില്ലയിലുണ്ട്. തൊഴില്‍ ക്ഷാമം നേരിടുന്ന കാലത്ത് പങ്കാളിത്തത്തോടെ കാറ്ററിങ്ങ് സര്‍വീസ് നടത്തുന്ന യുവാക്കളും ആത്മഹത്യയുടെ വക്കിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് പാചകം ചെയ്യാനുള്ള പാത്രങ്ങളും മറ്റ് സാധന സാമഗ്രികളും ഇവര്‍ വാങ്ങിയത്. ഇതെല്ലം ഇപ്പോള്‍ തുരുമ്പെടുക്കുന്ന അവസ്ഥയാണ്.
ഇപ്പോള്‍ പൂര്‍ണ നഷ്ടത്തില്‍
വളരെ പ്രതീക്ഷയോടെയാണ് കേറ്ററിംഗ് മേഖലയിലേക്ക് കടന്നുവന്നത്. 2019 ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനു ശേഷം വിരലിലെണ്ണാവുന്ന ഓര്‍ഡറുകള്‍ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ പൂര്‍ണ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. ബാങ്ക് ലോണ്‍ എടുത്താണ് ഈ സംരംഭം ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മെച്ചപ്പെട്ട് വന്നപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ ആയി.
കവിത അനീഷ്, പെരിനാട്
ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല
കഴിഞ്ഞ വര്‍ഷം ഓര്‍ഡറുകള്‍ കുറവായിരുന്നെങ്കിലും പാര്‍സല്‍ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. സംരംഭം കുറച്ചുകൂടി വിപുലീകരിച്ച് വളരെ പ്രതീക്ഷയോടെയാണ് നിന്നത്. പാത്രങ്ങളുടെ വാടക ഇനത്തില്‍ പോലും വരുമാനം കിട്ടുന്നില്ല. മൊത്തതില്‍ നഷ്ടമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെയുള്ള ഈ തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ജോര്‍ജ് മാത്യു, ഹെവന്‍ കേറ്ററിംഗ്, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: