കൊല്ലം: 52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കടലിലും ലോക്ക്ഡൗണ്‍ സമാനം. ചെറിയ വള്ളങ്ങള്‍ ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യബന്ധന മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ അനുമതി ഉണ്ടെങ്കിലും ശക്തമായ തിരമാല ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇവര്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കാലവര്‍ഷ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോയി മടങ്ങിവന്ന ബോട്ടുകളിലെ മത്സ്യം വില്‍ക്കുന്നതിന് ഇന്നലെ ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു കൊടുത്തു.
അവിചാരിതമായ കാരണങ്ങളാല്‍ മടങ്ങിവരാന്‍ വൈകുന്ന ബോട്ടുകളിലെ മത്സ്യവിപണനത്തിനായി ഇന്നും ശക്തികുളങ്ങര ഹാര്‍ബര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും കടല്‍ക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് ദീര്‍ഘനാള്‍ കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനു പിന്നാലെയാണ്, തീരമേഖലയെ പട്ടിണിയിലാക്കി ട്രോളിങ് നിരോധനവും.
കൊവിഡ് പശ്ചാത്തലത്തില്‍ ആലപ്പാട് പഞ്ചായത്തിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലെ ഒറ്റ, ഇരട്ട സമ്പ്രദായം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. 90 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഇന്‍ബോര്‍ഡ് യാനങ്ങള്‍ കടല്‍ക്ഷോഭവും പ്രകൃതിദുരന്തങ്ങളും കാരണം മാസങ്ങളായി മത്സ്യബന്ധനത്തിന് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഇപ്പോള്‍ ചെറുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്.
തൊട്ടടുത്ത ആലപ്പുഴ ജില്ലയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആലപ്പാട് നിയന്ത്രണം ഏര്‍പ്പെടുത്തിയ അധികൃതര്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ആരോപിച്ചു. ആലപ്പാട് പഞ്ചായത്തിലെ എല്ലാ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും ദിവസവും കടലില്‍ പോകാന്‍ അനുമതി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: