കോഴിക്കോട് : മുട്ടില്‍ വനംകൊള്ള അന്വേഷണ സംഘത്തില്‍ നിന്നും കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ്‌കുമാറിനെ മാറ്റി. പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഭരണപരമായ കാരണങ്ങളാണ് ചുമതലയില്‍ നിന്ന് മാറ്റുന്നതെന്നാണ് വീശദീകരണം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മരം മുറിച്ചു കടത്തിയ വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിങ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുട്ടില്‍ മരംമുറി കേസില്‍ രാഷ്‌ട്രീയ- ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ട്. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജാവദേക്കറെ നേരിട്ടുകണ്ട് ആശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടിയത്. കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് എന്‍ഫോഴ്്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണു വിവരം ശേഖരിക്കുന്നത്.
അതേസമയം പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് മരംകൊള്ളയെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളുമറിയാമെന്നും റവന്യു ഉദ്യോഗസ്ഥരില്‍ ചിലര്‍ അമിതാവേശം കാണിച്ചത് ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. ഈ ഉദ്യോഗസ്ഥരുടെ മുന്‍കാല പശ്ചാത്തലം വിശദമായി പരിശോധിക്കും. വനം വകുപ്പിന്റെ ചട്ടങ്ങള്‍ മറികടന്നാണ് റവന്യൂ വകുപ്പ് അനുമതികള്‍ നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: