റോം: കൊവിഡ് കാലത്തെ ഫുട്ബോള്‍ വിപ്ലവത്തിന് തിരശ്ശീല ഉയരുകയായി. ഒരു വര്‍ഷം മാറ്റിവയ്ക്കപ്പെട്ട പതിനാറാമത് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും. റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഇറ്റലിയും തുര്‍ക്കിയും പോരടിക്കും. രാത്രി 12.30 നാണ് കിക്കോഫ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ അറുപതാം വാര്‍ഷിക പതിപ്പാണിത്. മത്സരം സോണി ടിവിയില്‍ തത്സമയം കാണാം.
ഒരുമാസം നീളുന്ന കാല്പ്പന്തുകളിപ്പോരില് ഇരുപത്തിനാല് ടീമുകള്‍ മാറ്റുരയ്ക്കും. ചരി്രതത്തിലാദ്യമായി ഇത്തവണ പതിനൊന്ന് വേദികളിലായാണ് മത്സരങള്‍ അരങ്ങേറുന്നത്. പതിനൊന്ന് ആതിഥേയ രാജ്യങ്ങളില്‍ ഒമ്പതെണ്ണം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഡെന്മാര്ക്ക്, ഇംഗ്ലണ്ട്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ഇറ്റലി, റഷ്യ, സ്പെയിന് എന്നിവ നേരിട്ട്് യോഗ്യത നേടി. ഹങ്കറിയും സ്കോട്ട്ലന്‍ഡും പ്ലേഓഫിലൂടെ അര്‍ഹത നേടി. ഫിന്‍ലന്‍ഡും നോര്‍ത്ത് മാസിഡോണിയയും ഇത്തവണ ഇതാദ്യമായി യൂറോയില്‍ അരങ്ങേറും. ആദ്യമായി വാറും (വീഡിയോ അസിസ്റ്റന്റ്് റഫറീസ്) സംവിധാനം ഈ ചാമ്പ്യന്‍ഷിപ്പില്‍ ഉപയോഗിക്കും.
പ്രാഥമിക റൗണ്ടില്‍ ഇരുപത്തിനാല് ടീമുകള്‍ ആറു ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്ന്് പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം പ്രീ ക്വാര്‍ട്ടറില്‍ കടക്കും. ഇതിന് പുറമെ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ
ക്വാര്‍ട്ടറിലെത്തും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജൂണ്‍ 26 ന് ആരംഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ രണ്ട് ,മൂന്ന് തീയതികളിലും സെമിഫൈനല്‍ ആറ് , ഏഴ് തീയതികളിലും നടക്കും. ജൂലൈ പതിനൊന്നിന് രാത്രി 12.30 നാണ് ഫൈനല്‍.
സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്. 2016 ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ജേതാക്കളായത്.
കൊവിഡ് മഹാമാരിക്കിടയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതെങ്കിലും നിശ്ചിത ശതമാനം കാണികള്‍ക്ക് മത്സരം നേിട്ടുകാണാന് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: