യാങ്കൂൺ: സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി മ്യാന്‍മറിലെ പട്ടാള ഭരണകൂടം. സൂചി അനധികൃതമായി സ്വര്‍ണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചെന്നാണ് പുതിയ ആരോപണം.
ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്റ്റഡിയിലെടുത്ത സൂചിക്കെതിരെ രാജ്യദ്രോഹവും കൊളോണിയല്‍ കാലഘട്ടത്തിലെ രഹസ്യ നിയമം ലംഘിച്ചതുമടക്കം നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
അഴിമതി വിരുദ്ധ നിയമ വകുപ്പ് 55 പ്രകാരമാണ് കേസെടുത്തത്. സൂചി തന്റെ പദവി ഉപയോഗിച്ച് 600,000 ഡോളര്‍ പണവും 11 കിലോഗ്രാം സ്വര്‍ണവും അനധികൃതമായി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ചാരിറ്റബിള്‍ ഫൗണ്ടേഷന് വേണ്ടി രണ്ട് സ്ഥലങ്ങള്‍ വാടകക്ക് എടുക്കുന്നതിലും സ്റ്റേറ്റ് കൗണ്‍സലര്‍ ഓഫ് മ്യാന്‍മര്‍ എന്ന അവരുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.
സൂചിക്കെതിരെ നേരത്തെ ചുമത്തിയ കേസുകളില്‍ വിചാരണകള്‍ അടുത്തയാഴ്ച ആരംഭിക്കും. അതേസമയം, ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം പിടിച്ച സൈന്യത്തിനെതിരെ മ്യാന്‍മറില്‍ പ്രതിഷേധം തുടരുകയാണ്. സൈന്യം പ്രതിഷേധക്കാരെ തോക്കുകൊണ്ടാണ് നേരിടുന്നത്. ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളില്‍ 845 നാട്ടുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: