ന്യൂദല്‍ഹി : മുട്ടില്‍ വനം മുറിക്കല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കോടികളുടെ വനം കൊള്ളക്കേസില്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് നേരിട്ട് സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഇന്ന് രാവിലെ കേന്ദ്ര പ്രകാശ് ജാവ്ദേക്കറുമായി മുരളീധരന് കൂടിക്കാഴ്ച നടത്തുകയും നിയമത്തിന്റെ മറവില്‍ നടന്ന മരം മുറിയുടെ വിശദാംശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജാവ്ദേക്കര്‍ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പിണറായി സര്‍ക്കാരിന്റെ കാലത്ത് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് മുരളീധരന് പറഞ്ഞു. മാഫിയകളെ സഹായിക്കാന്‍ വേണ്ടിയുള്ള ആദ്യ സര്‍ക്കാരാകും പിണറായി സര്‍ക്കാര്‍. നിയമവിരുദ്ധമായ ഉത്തരവുകള്‍ക്കായി നിലകൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് സാധാരണയായി സര്‍ക്കാരുകള്‍ ചെയ്യാറ്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അത് ചെയ്തില്ല. അതുകൊണ്ടാണ് മാഫിയകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് ഇതെന്ന് പറയുന്നത്.
നിലവില്‍ വയനാട്ടിലെയും മറ്റ് ജില്ലകളിലെയും വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളും പുറത്തുവരണമെന്നും മുരളീധരന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: