ആലപ്പുഴ: ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 46 എലിപ്പനി കേസുകളും 40 ഡെങ്കിപ്പനി കേസുകളും ഏഴ് മലേറിയ കേസുകളും 9 ഹെപ്പറ്റൈറ്റസ് ബി കേസുകളും 119 ചിക്കന്‍ പോക്സ് കേസുകളും 23296 വൈറല്‍ പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഈ വര്‍ഷം ഇതുവരെ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് യോഗം വിളിച്ചത്.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ആശാപ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് തല ജാഗ്രതാ സമിതികളും പരിസര ശുചീകരണം, ബോധവത്കരണം, ഡ്രൈ ഡേ ആചരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ആലപ്പുഴ മുനിസിപ്പാലിറ്റി, മാരാരിക്കുളം സൗത്ത് പഞ്ചായത്ത്, പുന്നപ്ര സൗത്ത്, പാലമേല്‍, നെടുമുടി പഞ്ചായത്തുകള്‍ ആരോഗ്യ വകുപ്പിന്റെ എലിപ്പനി ഹോട്ട് സ്പോട്ടുകളാണ്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ ഭരണ സ്ഥാപനങ്ങളും നല്‍കണം. അമ്പലപ്പുഴ സൗത്ത്, കൈനകരി, ആലപ്പുഴ മുനിസിപ്പാലിറ്റി, പാണാവള്ളി, പുന്നപ്ര നോര്‍ത്ത്, പട്ടണക്കാട്, എഴുപുന്ന , വെളിയനാട് പഞ്ചായത്തുകള്‍ ഡങ്കു ഹോട്ട് സ്പോട്ടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: