മൂലമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പെട്ട വനവാസി മേഖലയായ നാളിയാനിക്കാര്ക്ക് പുറം ലോകത്ത് എളുപ്പം എത്താനുള്ള വഴി പുഴ മുറിച്ച് കടക്കുക എന്നതാണ്.
പത്താം വാര്‍ഡായ നാളിയാനിയേയും ഒന്‍പതാം വാര്‍ഡായ പൂച്ചപ്രയേയും വേര്‍തിരിക്കുന്നത് കുളമാവില്‍ നിന്നും ഉത്ഭവിക്കുന്ന വടക്കനാറാണ്. വടക്കനാറിന് കുറുകെ ഇരുകരകളും തമ്മില്‍ ബന്ധിച്ച് മുളങ്കമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ താത്കാലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്.
ഇത് ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മാത്രവുമല്ല ഈ പാലത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കം വേണം. പ്രായമായവര്‍ക്ക് പാലത്തിലൂടെ അക്കരെ ഇക്കരെ കടക്കുവാന്‍ സാധിക്കില്ല. ഇതിന് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.
നാളിയാനിയിലുള്ള വിദ്യാര്‍ത്ഥികള്‍ പൂച്ചപ്ര സ്കൂളില്‍ പഠനത്തിന് വന്നിരുന്നത് ഈ പുഴ മുറിച്ച് കടന്നാണ്. വടക്കനാര്‍ ഒഴുകി എത്തുന്ന ഏതെങ്കിലും മേഖലയില്‍ ശക്തമായ മഴ പെയ്താല്‍ അപ്രതീക്ഷിതമായി പുഴയില്‍ വെള്ളം ഇരമ്പി എത്തും. ഇതും വലിയ അപകട സാധ്യതയാണ് ഉയര്‍ത്തുന്നത്. അത്യാവശ്യ സമയങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ട പ്രായമായവരെ നാട്ടുകാര്‍ കസേരയില്‍ ഇരുത്തി സാഹസികമായി പുഴ കടത്തിയാണ് പൂച്ചപ്രഭാഗത്തേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വയോധികയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സ്ട്രക്ച്ചറില്‍ കിടത്തിയാണ് പുഴ കടത്തി വീട്ടിലെത്തിച്ചത്.
ഫണ്ടുകള്‍ ഉണ്ട്
വനവാസി പിന്നോക്ക മേഖലയിലേക്ക്കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ ഉണ്ടെങ്കിലും ഇവ ഒന്നും കൃത്യമായി വിനിയോഗിക്കുന്നില്ല. പദ്ധതികളുടെ കുറവല്ല മറിച്ച് അവ നടപ്പിലാക്കുവാന്‍ ഇച്ഛാശക്തി പ്രകടിപ്പിക്കാത്തതാണ് പ്രശ്നമാകുന്നത്. പല കുടികളിലായി ചിതറി കിടക്കുന്ന 100ലേറെ കുടുംബങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ഇവര്‍ വോട്ട് ബാങ്ക് അല്ലാത്തത് ഇവരെ അവഗണിക്കുവാന്‍ കാരണമാകുന്നു. നടപ്പിലാക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുകയുടെ സിംഹഭാഗവും ഇടനിലക്കാര്‍ തട്ടി എടുക്കുന്നു.
പാലം സ്വപ്നമാകുമോ?
പതിറ്റാണ്ടുകള്‍ നീണ്ട ഇവരുടെ സ്വപ്നമായ വടക്കനാറിനു കുറുകെ ഒരു പാലം എന്ന ആഗ്രഹത്തിന് മാറി മാറി വന്ന ഭരണകര്‍ത്താക്കള്‍ വില കല്പിച്ചില്ല. സമ്മര്‍ദ്ദ തന്ത്രവും സ്വാധീനവും ചെലുത്താന്‍ പ്രാപ്തിയില്ലാത്ത ഈ മണ്ണിന്റെ മക്കളുടെ ന്യായമായ ആവശ്യത്തിനു മേല്‍ എത്ര നാള് അധികൃതര്‍ക്ക് കണ്ണടയ്ക്കാനാകും. പുഴ കടന്നല്ലെങ്കില് ഇവര്‍ക്ക് ഏറെ ദൂരം സഞ്ചരിച്ച് വേണം സമീപത്തെ നല്ല റോഡിലേക്ക് എത്താന്‍. കയറ്റമായതിനാല്‍ ഇത് സമയ നഷ്ടത്തിനൊപ്പം പ്രത്യേകിച്ച് പ്രായമായവരെ വലക്കുകയാണ്.
എന്‍.ആര്. ഹരിബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: