ന്യൂദല്‍ഹി: അതിവേഗ ആശയവിനിമയവും പുതിയ സിഗ്നല്‍ സംവിധാനവും കൊണ്ടുവന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ 5 ജി സ്പെക്ട്രം റെയില്‍വേയ്ക്ക് നല്കാന് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. 700 മെഗാഹെര്‍ട്സ് ബാന്റില്‍ 5 മെഗാഹെട്സ് സ്പെക്ട്രം റെയില്‍വേയ്ക്ക് നല്‍കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
അടുത്ത അഞ്ചു വര്‍ഷം കൊണ്ടാണ് 5ജി സ്പെക്ട്രവും സിഗ്നല്‍ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണവും നടക്കുക. ഇതിനായി 25,000 കോടി രൂപ ചെലവാക്കും. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. ഈ പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് റെയില്‍വേയില്‍ ഒരു തലമുറമാറ്റം തന്നെ സൃഷ്ടിക്കും.
ഇതുവരെ റെയില്‍വേ ഒപ്റ്റിക്കല്‍ ഫൈബറുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 5ജി വരുന്നതോടെ എല്‍ടിഇ (ലോംഗ് ടേം ഇവൊലൂഷന്) അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ വഴിയുള്ള ആശയവിനിമയം സാധ്യമാകും. ഇത് റെയില്‍വേയുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സുരക്ഷിതവും കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടടുത്ത ശബ്ദ, വീഡിയോ, വിവരങ്ങളിലൂടെ ആശയവിനിമയ സേവനങ്ങള്‍ നല്‍കുക എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ലോക്കോ പൈലറ്റുകളും ഗാര്‍ഡുകളും തമ്മില്‍ തടസ്സമില്ലാത്ത വാര്‍ത്താവിനിമയം സാധ്യമാകും. കോച്ചുകളില്‍ ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കും. ഇവ തത്സയമം നിരീക്ഷിക്കുക വഴി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.
ട്രെയിന്‍ കൂട്ടിയിടി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ടിസിഎഎസ് (ടെയിന്‍ കൊളീഷന്‍ എവോയ്ഡന്‍സ് സിസ്റ്റം) കൊണ്ടുവരാനും റെയില്‍വേ അനുമതി നല്കി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം തദ്ദേശീയമായി നാല് ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സംവിധാനമാണിത്. തത്സമയത്തില്‍ വാര്‍ത്താവിനിമയം സാധ്യമാക്കുമെന്നതിനാല്‍ തീവണ്ടി യാത്ര സുരക്ഷിതവും വേഗതയാര്‍ന്നതും ആക്കാന്‍ സാധിക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി നിര്‍ദേശമനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പറയുന്നഫോര്മുല അനുസരിച്ച് 5ജി സ്പെക്ട്രത്തിന് വില നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: