കണ്ണൂര്‍: ട്രെയിനുകളില്‍ ആര്‍പിഎഫ്, പോലീസ്, റെയില്‍വേ സ്ക്വാഡ് എന്നിവര്‍ യാത്രക്കാരെ പരിശോധിക്കുന്നത് കൊവിഡ് മാനദണ്ഡം പാലിക്കാതെയെന്ന് ആക്ഷേപം. ലോക്ഡൗണ്‍ കാലത്ത് ട്രെയിനുകളില്‍ വ്യാപകമായി മദ്യം, ലഹരി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. പ്രധാനമായും ഇതര സംസ്ഥാനത്തൊഴിലാളികളെയാണ് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഓരോ സ്റ്റേഷനിലെത്തുമ്പോഴും പോലീസ് യാത്രക്കാരുടെ ബാഗ് തുറന്ന് പരിശോധിക്കുകയാണ്. കൈയുറ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിശോധനയെങ്കിലും ഒരാളുടെ ബാഗ് പരിശോധിച്ചയാള്‍ തന്നെയാണ് അടുത്തയാളുടെ ബാഗും പരിശോധിക്കുന്നത്. ഇതില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനോ ഏതെങ്കിലും യാത്രക്കാരനോ കൊവിഡ് ബാധിതനാണെങ്കില്‍ രോഗം അതിവേഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ മദ്യം കടത്തുന്നുണ്ടോയെന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നതിനാല്‍ ബാഗിനകത്തുള്ള സാധനങ്ങളെല്ലാം പുറത്തെടുത്താണ് പരിശോധന. പ്ലാസ്റ്റിക് ബോട്ടിലിനോ കുപ്പിക്കോ പുറമേ പ്ലാസ്റ്റിക് സഞ്ചികളിലും മദ്യം കടത്തുന്നതിനാല്‍ ബാഗ് മുഴുവന്‍ പരിശോധിച്ചാല്‍ മാത്രമേ മദ്യക്കടത്ത് തടയാനാകൂയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എന്നാല്‍, ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിശോധന കഴിഞ്ഞ് തൊട്ടടുത്ത സ്റ്റേഷനിലും സമാന രീതിയില്‍ ആവര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പുതിയ സംഘങ്ങളാണ് ഓരോ റെയില്‍വേ സ്റ്റേഷനിലും പരിശോധന നടത്തുന്നത്. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ഇത്തരത്തില്‍ നിരവധി തവണയാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്. മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും പരിശോധനയില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ വേണമെന്നാണ് ഉദ്യോഗസ്ഥരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: