തിരുവനന്തപുരം: കൊവിഡിനെതിരെ മുന്നണിപ്പോരാളികള്‍ ആയി പടപൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടി വാങ്ങാന്‍ മാത്രമായി ജോലിചെയ്യാന്‍ തങ്ങള്‍ തയാറല്ലെന്ന് ഐഎംഎ. ഇക്കാര്യം വളരെ ശക്തമായ ഭാഷയില്‍ സര്‍ക്കാരിനെ അറിയിക്കുകയാണെന്നും ഈ ദുരന്ത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സമരമുഖത്തേക്ക് വലിച്ചിഴക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സെക്രട്ടറി ഡോ. പി. ഗോപികുമാറും പറഞ്ഞു.
അടി കിട്ടുമോ എന്ന ഭയത്തോടെ അല്ലാതെ രോഗികളെ നോക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. ഇത്രയും അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അല്‍പ്പമെങ്കിലും നീതി ലഭിക്കാന്‍ ഏതറ്റം വരെ പോകണം എന്ന് മനസ്സിലാകാത്ത അവസ്ഥ. മാവേലിക്കര ആശുപത്രിയില്‍ ഒരു ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് മൂന്നാഴ്ചയായി ഒരു നടപടിയും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ട് പോലും ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടും അറസ്റ്റ് നടന്നിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് പ്രതിക്ക് രക്ഷപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വര്‍ഷങ്ങളോളം സമരം ചെയ്തു നേടിയ ആശുപത്രി സംരക്ഷണ നിയമം പോലും നടപ്പിലാക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും തയാറാവുന്നില്ലെങ്കില്‍ മനസ്സില്ലാ മനസ്സോടെ ശക്തമായ സമരപരിപാടികളിലേക്ക് ഇറങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: