ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്‌സഭാ എം.പിയുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച് ബിജെപിയേക്ക്. മന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് ഡല്‍ഹി ആസ്ഥാനത്ത് വെച്ച് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. രാജ്യത്തെ ഏക യഥാര്‍ത്ഥ ദേശീയ പാര്‍ട്ടി ബിജെപിയെന്നും ജിതിന്‍ പ്രതികരിച്ചു. ജിതിന്‍ പ്രസാദയുടെ രാജി പ്രിയങ്കയ്‌ക്കും രാഹുല്‍ ഗാന്ധിക്കും വലിയൊരു ആഘാതമായി. കോണ്‍ഗ്രസ് ടീമിന്റെ പ്രധാനിയായിരുന്നു അദ്ദേഹം.
ഉത്തര്‍ പ്രദേശ് രാഷ്‌ട്രീയത്തിലെ അറിയപ്പെട്ട ബ്രാഹ്‌മിണ്‍ മുഖമാണ് ജിതിന് പ്രസാദ. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കളംമാറ്റമെന്നത് എടുത്തുപറയേണ്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപിക്ക് വേണ്ടി മല്‍സരിച്ചേക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ റോള്‍ അദ്ദേഹത്തിന് നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
മധ്യ യു.പിയിലെ അറിയപ്പെടുന്ന ബ്രാഹ്‌മണ മുഖമാണ് പ്രസാദ എന്നതിനാല്‍ ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. പ്രധാനമായും കേന്ദ്ര യു.പിയിലെ ബ്രാഹ്‌മണ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ജിതിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമാണ്.
യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്‌ട്രീയ രംഗത്ത് സജീവമായത്. 2001ല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഷാജഹാന്‍പൂരില്‍ നിന്ന് 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു.
2008ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ മന്ത്രിയായി. അന്നത്തെ സര്‍ക്കാരില്‍ പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ജിതിന്‍ പ്രസാദ. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ ദൗററ മണ്ഡലത്തില്‍ മല്‍സരിച്ചു ജയിച്ചു. 2014ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും ബിജെപിയോട് തോറ്റു. പശ്ചിമ ബംഗാളിന്റെ ചുമതലയാണ് ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ വഹിച്ചിരുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഖ്നൗ മണ്ഡലത്തില്‍ രാജ്നാഥ് സിങിനെതിരെ മല്‍സരിക്കാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജിതിന്‍ പ്രസാദ പിന്‍മാറുകയാണ് ചെയ്തത്. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന ജി23 ഗ്രൂപ്പില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: