തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചുവെന്ന് രാജ്യദ്രോഹ പരാമര്‍ശം നടത്തിയ നടി, ഐഷ സുല്‍ത്താനക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരാതി നല്കി യുവമോര്‍ച്ച. പാലക്കാട്ടും, പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനും, പത്തനംതിട്ട പോലീസില്‍ ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃതത്തിലും തിരുവനന്തപുരത്ത് യുവമോര്‍ച്ചസംസ്ഥാന സെക്രട്ടറി ബി ജി വിഷ്ണുവുമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രശാന്ത് ശിവന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം നടന്ന മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് ലക്ഷദ്വീപ് സ്വദേശിയും നടിയുമായ ഐഷ സുല്‍ത്താന രാജ്യദ്രോഹ പരാമര്‍ശം നടത്തിയത്.കൊവിഡിനെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ബയോവെപ്പണായി ഉപയോഗിക്കുകയാണെന്ന ഐഷ പലതവണ ആരോപിച്ചു. പറഞ്ഞത് പിന്‍വലിക്കണമെന്ന് ചര്‍ച്ചയില്‍ ഉണ്ടായിരുന്ന ബിജെപി പ്രതിനിധി വിഷ്ണു ആവശ്യപ്പെട്ടെങ്കിലും ഐഷ തയ്യാറായില്ല.
താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചൈന മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച ജൈവായുധമാണ് കൊവിഡ് എന്ന് പറയുന്നത് പോലെയാണിതെന്നും ഐഷ ആവര്‍ത്തിച്ചിരുന്നു. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ എസ്ഒപി കേരള ഹൈക്കോടതിയില്‍ ചാലഞ്ച് ചെയ്യപ്പെട്ടിരുന്നു. കേസില്‍ കഴമ്പില്ലെന്ന കണ്ട് ഹൈക്കോടതി ഇത് തള്ളുകയും ചെയ്തു.ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും വ്യാജ പ്രചരണം നടത്തി, മത-സാമൂഹിക സ്പര്‍ദ്ധയും, വ്യവസ്ഥാപിതമായ ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തെയും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഐഷ സുല്‍ത്താനയുടെ പ്രസ്താവനയെന്ന് പ്രശാന്ത് ശിവന് നല്കിയ പരാതിയില്‍ പറയുന്നു.
വ്യാജപ്രചരണം നടത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നതെന്നും അവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153(എ),188,505(1),505(1)(ബി),സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരവും കേസെടുക്കണമെന്നും പ്രശാന്ത് ശിവന് പരാതിയില്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: