ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതുകൊണ്ടാണ് നേരത്തേ അതതു കമ്പനികളില്‍നിന്ന് കോവിഡ് വാക്സിനുകള്‍ വിലകൊടുത്തു നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ‘സര്‍ക്കാര്‍ തെറ്റുകളില്‍നിന്ന് പാഠമുള്ക്കൊണ്ടുവെന്നതാണ് ഇതിലുള്ള സന്ദേശം. അവര്‍ പ്രധാനപ്പെട്ട രണ്ട് പിഴവുകള്‍ വരുത്തുകയും അവ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പതിവുരീതിയില്‍ സംസാരിച്ച്, അദ്ദേഹം വരുത്തിയ പിശകിന് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു’- ചിദംബരം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
‘കേന്ദ്രം വാക്സിന് സംഭരിക്കരുതെന്ന് പക്ഷെ ആരും പറഞ്ഞിട്ടില്ല. അദ്ദേഹം(പ്രധാനമന്ത്രി) സംസ്ഥാനസര്‍ക്കാരുകളെ കുറ്റപ്പെടുത്തി പറയുന്നു- അവര്‍ വാക്സിനുകള്‍ സംഭരിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഞങ്ങള്‍ അനുമതി നല്കി. വാക്സിനുകള്‍ സംഭരിക്കാന്‍ അനുവദിക്കണമെന്ന് ഏത് മുഖ്യമന്ത്രി, ഏത് സംസ്ഥാനം, എപ്പോള്‍ ആവശ്യപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് അറിയണം’- പി ചിദംബരം കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിലെത്തി.
ഇതോടെ പരസ്യമായി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു. ‘വാക്സിന് നേരിട്ട് സംഭരിക്കാന്‍ അനുവദിക്കണമെന്ന് ഏത് സര്‍ക്കാരാണ് ആവശ്യപ്പെട്ടതെന്ന് ദയവായി ഞങ്ങളോട് പറയൂവെന്ന് ഞാന്‍ എഎന്‍ഐയോട് പറഞ്ഞു. അത്തരത്തില്‍ അഭ്യര്‍ഥന നടത്തി ബംഗാള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് സമൂഹമാധ്യമപ്രവര്ത്തകര് പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റിയതായിരുന്നു. ഞാന്‍ സമ്മതിക്കുന്നു’. – പി ചിദംബരം തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തു. ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിനുകള്‍ നല്‍കുമെന്ന് തിങ്കളാഴ്ചയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.
മെയ് ഒന്നിന് പ്രഖ്യാപിച്ച നയത്തില്‍ മാറ്റംവരുത്തിയാണ് വാക്സിന് വിതരണത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രം തിരിച്ചെടുത്തത്. സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടതുകൊണ്ടായിരുന്നു വാക്സിന് യജ്ഞം വികേന്ദ്രീകരിച്ചതെന്നും മോദി വ്യക്തമാക്കിയിരുന്നു. സ്വന്തം നിലയില്‍ വാക്സിനുകള്‍ വാങ്ങാന്‍ ബംഗാളിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 24ന് ആയിരുന്നു മമത പ്രധാനമന്ത്രിക്ക് കത്തു നല്‍കിയത്. അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ച് നടത്തിയ ട്വീറ്റില്‍ കത്തിനെക്കുറിച്ച് മമത പരാമര്‍ശിച്ചതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: