തൃശൂര്‍: ഡ്രൈവര്‍മാര്‍ക്കിടയില്‍ താരമായിരിക്കയാണ് ഡെലീഷ്യ ഡേവിസ് എന്ന ഇന്ധന ടാങ്കര്‍ലോറി ഓടിക്കുന്ന പെണ്‍കുട്ടി. ഇരുപത്തിമൂന്നാം വയസില്‍ അനായാസമായി ടാങ്കര്‍ലോറി ഓടിക്കുന്നത് കാഴ്ചക്കാര്ക്കിടയില് കൗതുകമാവുകയാണ്. ചെറുപ്രായത്തില്‍ തന്നെ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ഡെലീഷ്യ, ടാങ്കര്‍ ലോറി ഡ്രൈവറായ അച്ഛന് ഡേവിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡ്രൈവിങ്ങിലേക്ക് കടന്നത്. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം ടാങ്കറില്‍ കയറി ദീര്‍ഘദൂര യാത്ര നടത്തിയിരുന്നു. മകളുടെ ആവേശം കണ്ട് ഡേവിസ് ഡ്രൈവിങ്ങിന്റെ ആദ്യ പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ചു.
പതിനെട്ടു തികഞ്ഞശേഷം ആദ്യശ്രമത്തില്‍ തന്നെ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കി. ഇരുപതാം വയസ്സില്‍ ഹെവി ലൈസന്‍സും. പിന്നീട് ടാങ്കര്‍ ലോറി ഓടിക്കണമെന്നായി. രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ പരിശീലനം ആരംഭിച്ചു. കാലിയായ ടാങ്കറുമായി തിരക്കുകുറഞ്ഞ റോഡുകളിലൂടെ വണ്ടിയോടിച്ചു പഠിച്ചു. ഒപ്പം ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സുള്ള കേരളത്തിലെ ഏക വനിതയാണ് ഡെലീഷ്യ. എം.കോമിന് തൃശൂരിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ഡെലീഷ്യ ആദ്യം ഒഴിവുസമയങ്ങളിലായിരുന്നു ടാങ്കര്‍ ലോറി ഓടിക്കാന്‍ എത്തിയിരുന്നത്. ലോക്ഡൗണ്‍ ആയി ക്ലാസുകള്‍ ഓണ്‍ലൈനായതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങും കൊണ്ടുപോവുകയായിരുന്നു. 300 കിലോമീറ്ററോളം ദിവസേന ടാങ്കര്‍ ലോറി ഓടിക്കാറുണ്ട്. പുലര്‍ച്ചെ തന്നെ ലോഡ് എടുക്കാന്‍ കൊച്ചിയിലെ ഇരുമ്പനം എച്ച്പി സിഎല്‍ കേന്ദ്രത്തിലെത്തും.അവിടെ നിന്ന് തിരൂരിലേക്ക്. വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തും. ആഴ്ചയില്‍ മൂന്നുതവണയാണ് ഡെലീഷ്യ കൊച്ചിയില്‍ പോയിവരുന്നത്.
ഇന്ധനം നിറച്ച ടാങ്കര്‍ ലോറികള്‍ ഡ്രൈവ് ചെയ്യുന്നത് അത്യാവശ്യം റിസ്ക്കുള്ള കാര്യമാണ്. കല്ലും മണലും നിറച്ച ലോറികള്‍ കൊണ്ടു പോകുന്നതിനെക്കാള്‍ പ്രയാസമാണ് ഇന്ധനം നിറച്ച വാഹനം ഓടിക്കുന്നത്. മണലും കല്ലുമെല്ലാമാകുമ്പോള്‍ വണ്ടി സ്റ്റേബിള്‍ ആയിരിക്കും. എന്നാല്‍ ദ്രാവകമാകുമ്പോള്‍ ഇളക്കം ഉണ്ടാകും. അതുകൊണ്ട് തന്നെ അപകട സാധ്യത കൂടുതലാണ്. തീപിടിക്കാനും വാഹനം മറിയാനുമുള്ള സാധ്യത കൂടുതലാണെന്നും ഡെലീഷ്യ പറയുന്നു.
പിജി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡ്രൈവിങ് ഒരു പ്രൊഫഷനായി തുടരാന്‍ തന്നെയാണ് ഡെലീഷ്യയുടെ തീരുമാനം. ഹൈറേഞ്ച് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന ഡെലീഷ്യയ്ക്ക് ഇനിയും ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറാകണമെന്നും വോള്‍വോ ബസ് ഓടിക്കണമെന്നുമൊക്കെയുള്ള സ്വപ്നങ്ങളാണ് ഡെലീഷ്യയ്ക്കുള്ളത്. തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്സും സൗമ്യ ലാബ് ടെക്നീഷ്യനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: