ദോഹ: അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനയുടെ ലെയണല്‍ മെസ്സിയെയും പിന്തള്ളി ഇന്ത്യയുടെ സുനിൽ ഛേത്രി. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന അന്താരാഷ്ട്ര ഫുട്ബോളില്‍ നേടിയ ഇരട്ട ഗോളുകളാണ് ഛേത്രിക്ക് പുത്തന്‍ നേട്ടം സമ്മാനിച്ചത്. ഇതോടെ ഛേത്രി നേടിയ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 74 ആയി . 72 ഗോളുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും മെസ്സി നേടിയിരിക്കുന്നത്.
നിലവില്‍ കളിക്കുന്ന താരങ്ങളില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഛേത്രിക്ക് മുമ്പിലുള്ളത്. 103 ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ നേടിയിരിക്കുന്നത്. ലോകഫുട്ബോളില് ഇതുവരെ അത്ഭുതമൊന്നും കാണിക്കാന്‍ ഇന്ത്യന്‍ ഫുട്ബോളിന് കഴിഞ്ഞിട്ടില്ലെങ്കിലും സുനില്‍ ഛേത്രിയുടെ നേട്ടങ്ങള്‍ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമാവുകയാണ് ഒപ്പം രാജ്യത്തിന്റെ അഭിമാനവും.
വിരസമായ ആദ്യ പകുതിക്കു ശേഷം 79ാം മിനിറ്റിൽ മലയാളി ഫുട്ബാൾ താരം ആഷിക്ക് കുരുണിയൻ നൽകിയ ക്രോസ്സിൽ നിന്നുമാണ് ഛേത്രി മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഛേത്രി തന്റെ രണ്ടാം ഗോളും നേടി.
ഇതോടെ ലോകഫുട്ബോളില് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ആദ്യ പത്ത് താരങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഛേത്രി. പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളത് ഫുട്ബോള്‍ ഇതിഹാസം പെലെയാണ്. മൂന്നു ഗോളുകള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയെ മറികടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: