തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഊര്‍ധ്വശ്വാസം വലിച്ച് സ്വകാര്യബസ് മേഖല. ആളൊഴിഞ്ഞയിടങ്ങളിലൊക്കെ അനാഥമായി കിടക്കുന്ന ബസുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഒറ്റപ്പെട്ട കാഴ്ച്ചയല്ല. പരാധീനതയിലൂടെ മുന്നോട്ട് പോയിരുന്ന സ്വകാര്യ ബസ്മേഖല രണ്ടാം കൊവിഡ് തരംഗത്തോടെ സംസ്ഥാനം വീണ്ടും ലോക്ഡൗണിലായപ്പോള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്ത് പലയിടത്തും പെര്‍മിറ്റുകള്‍ ഉള്‍പ്പെടെ തിരിച്ചേല്‍പ്പിച്ച് ബസ്സുകള്‍ നിരത്തില്‍ നിന്ന് വിടപറയുകയാണ്.
ബജറ്റിലും വിവേചനം
കഴിഞ്ഞ ബജറ്റില്‍ പോലും ആശ്വാസ നടപടികള്‍ ഇല്ലാത്തത് വെന്റിലേറ്ററിലാകുന്ന ബസ്സുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന ഈ മേഖലയ്ക്ക് ഒരു പരിഗണനയും ലഭിച്ചില്ല. നിരവധി ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വിവിധ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നത്.
നിരത്തൊഴിയുന്ന ബസ്സുകള്‍
സര്‍ക്കാര്‍ സഹായമില്ലെങ്കില് എണ്ണായിരത്തിലധികം ബസുകളാണ് നിരത്തുകളില്‍ നിന്ന് ഇല്ലാതാകാന്‍ പോകുന്നത്. നിലവില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ 80 ശതമാനവും കട്ടപ്പുറത്താണ്. 32,000 ബസുകളും രണ്ടര ലക്ഷത്തിലേറെ ജീവനക്കാരുമുണ്ടായിരുന്ന മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് 7000 ബസുകളും 21,000 ജീവനക്കാരും മാത്രം. നഷ്ടം പെരുകിയതിനെത്തുടര്‍ന്ന് ഇതില്‍ 30 ശതമാനം ബസുകളും ഓട്ടം നിര്‍ത്തി.
ഓടിത്തുടങ്ങണമെങ്കില്‍ ചെലവേറെ
ഇന്‍ഷുറന്‍സ് പ്രീമിയം ഒരു ലക്ഷം രൂപ വരെ അടയ്ക്കണം. സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുമ്പോള്‍ നികുതി അടയ്ക്കേണ്ട. അപ്പോഴും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണം. കൊവിഡ് കാലത്ത് ഓടിയ ബസുകളിലെ ജീവനക്കാരുടെ കൂലിക്കും ഇന്ധനത്തിനും ഉടമകളുടെ കൈയില്‍ നിന്നു പണമെടുക്കേണ്ട അവസ്ഥയായിരുന്നു. സര്‍വീസ് നടത്താത്തവയുടെ തിരിച്ചടവു പോലും അടയ്ക്കാനാകാത്ത സ്ഥിതിയിലാണ് ബസുടമകള്‍.
കൊവിഡ് കാലത്തെ നഷ്ടയോട്ടം
കൊവിഡ് തുടങ്ങിയതില്‍ പിന്നെ ഇടയ്ക്കിടെ ഇളവുകള്‍ ലഭിക്കുമ്പോഴാണ് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കിയിരുന്നത്. അപ്പോഴും വരുമാനം പകുതിയില്‍ താഴെയാണ് ലഭിച്ചത്. ദിവസേന 800-900 രൂപ വരെ കൂലി വാങ്ങിയിരുന്ന തൊഴിലാളികള്‍ ജോലി നഷ്ടമാകാതിരിക്കാന്‍ അതു പകുതിയായി കുറച്ചു. എന്നിട്ടും ഓട്ടം അവസാനിപ്പിക്കുമ്പോഴേക്കും ഉടമകള്‍ക്ക് സ്വന്തം കൈയില്‍ നിന്ന് കാശെടുക്കേണ്ട അവസ്ഥയുണ്ടായി.
പെടാപ്പാടുപെട്ട് കെഎസ്ആര്‍ടിസിയും
ഡീസല്‍ ലിറ്ററിന് നിരക്ക് കുറച്ച് കിട്ടിയിട്ടും, വാഹന നികുതിയും, ഇന്‍ഷൂറന്‍സ് പ്രീമിയവും ഒഴിവാക്കിയിട്ടും കെഎസ്ആര്‍ടിസി പോലും പെടാപ്പാടുപെടുകയാണ്. മൂന്നു കോടി രൂപയില്‍ അധികമാണ് കെഎസ്ആര്‍ടിസിക്ക് ഒരു ദിവസത്തെ നഷ്ടം.
സര്‍ക്കാരിന്റെ മുന്നില്‍ കൈനീട്ടി
സ്വകാര്യബസ് മേഖലയ്ക്ക് ഒരു കൈസഹായം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പിടിച്ചുനില്ക്കാന് യാത്രാ നിരക്ക് വര്‍ധിപ്പിച്ച് മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്നും വാഹന നികുതിയില്‍ ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യത്തോട് സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ആര്‍ടിഒ ഓഫീസിലെ സേവനങ്ങള്‍ക്ക് ഈടാക്കുന്നത് കനത്ത ഫീസുകളാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വ്യവസായ സംരഭകര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന പലിശ കുറവുള്ള വായ്പകളോ, സബ്സിഡികളോ, നികുതി ഇളവുകളോ ഈ വ്യവസായത്തിന് ലഭിക്കുന്നില്ല. ലിമിറ്റഡ് സ്റ്റോപ്പായി ഓടുന്ന ബസ്സുകളെ ഒഴിവാക്കാനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: