വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ വെടിവയ്‌പ്പും മരണവും വർദ്ധിക്കുന്നു. ഈ വർഷം വിവിധ നഗരങ്ങളിലായി 8,400 ൽ അധികം പേർ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ചിക്കാഗോയിൽ വിവിധ സ്ഥലങ്ങളിൽ ഈ വാരാന്ത്യത്തിൽ നടന്ന വെടിവയ്‌പ്പുകളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള വിവരം.
10 വർഷത്തിനിടെ മെമ്മോറിയൽ ദിന വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമങ്ങളിൽ ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണിതെന്ന് ചിക്കാഗോ പോലീസ് അഭിപ്രായപ്പെട്ടു. ഈ വർഷത്തെ നഗരത്തിലെ മരണ നിരക്ക് മുന്വര്ഷത്തേക്കാൾ അഞ്ച് ശതമാനം കൂടുതലാണ്.
സൗത്ത് കോട്ടേജ് ഗ്രോവിലെ 8900 ബ്ലോക്കിൽ ഞായറാഴ്ച രാവിലെ നടന്ന വെടിവയ്‌പ്പിൽ 28 നും 38 നും ഇടയിൽ പ്രായമുള്ള ആറ് പുരുഷന്മാരും 2 സ്ത്രീകളും അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കാറിൽ ഉറങ്ങുകയായിരുന്ന 24 കാരന് നേർക്ക് ഡ്രൈവ്‌വാളിലൂടെ പുറത്തുനിന്ന് വെടിയുതിർക്കുകയും കാലിൽ രണ്ടുതവണ അടിക്കുകയും ചെയ്തതും , കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൽ 34 കാരനെ വെടിവച്ചതുമാണ് മറ്റു രണ്ടു കേസുകൾ. ഇരുവർക്കും പരുക്കേറ്റെങ്കിലും ജീവന് ഭീഷണിയില്ലെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ലൂയിസിയാനയിലെ ന്യൂ ഓർലിയൻസിൽ നടന്ന വെടിവയ്‌പിൽ എട്ട് പേർക്ക് പരിക്കേറ്റതായി പോലീസ് ട്വീറ്റ് ചെയ്തു. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് വെടിയേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് ട്വീറ്റിൽ പറയുന്നു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്‌പിൽ ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വെടിയേറ്റ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി ലഫ്റ്റനന്റ് വലൻസിയ പറഞ്ഞു. . ഓടുന്ന കാറിൽ നിന്നാണ് ഒന്നിലധികം പേർ അടങ്ങുന്ന അക്രമികൾ വെടി ഉതിർത്തതെന്നാണ് പോലീസ് നിഗമനം.
ഇൻഡ്യനപൊളിസിൽ ശനിയാഴ്ച നടന്ന വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്ക് ശേഷം വെടിയുതിർത്തതായാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: