ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിര്‍ത്തലാക്കിയ കാലിത്തീറ്റ സബ്സിഡി മില്‍മ പുനഃസ്ഥാപിക്കാത്തത് ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ഡിസംബറിലാണ് സബ്സിഡി നിര്‍ത്തലാക്കിയത്. പുല്ലിന്റെയും വൈക്കോലിന്റെ ലഭ്യതക്കുറവും ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നു.
കടുത്ത മഴയും കുളമ്പു പനിയും മറ്റ് രോഗങ്ങളും കാരണം പശുക്കളില്‍ പാല് ഉത്പാദനം കുറവാണ്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയായിരുന്നു ക്ഷീരോത്പാദക സഹകരണ സംഘങ്ങളില്‍ പാ ല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഒരു ചാക്കിന് 150രൂപ സബ്ഡിഡിയായി മില്‍മ നല്‍കിയിരുന്നത്.
അനുവദിച്ച ഫണ്ട് തീര്‍ന്നതോടെയാണ് ജനുവരി മുതല്‍ നിര്‍ത്തിയത്. തുടര്‍ന്ന് മില്‍മയുടെ ലാഭ വിഹിതത്തില്‍ കുറവ് ഉണ്ടാകുമെന്നതിനാല്‍ സബ്സിഡി പൂര്‍ണ്ണമായും ഉപേക്ഷിച്ചു. മില്‍മയുടെ 50 കിലോ തൂക്കമുള്ള ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1,370 രൂപ നല്‍കണം. ഇതേ തൂക്കത്തിലുള്ള സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് 1,145 രൂപയേയുള്ളൂ.കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതാണ് വിലവര്‍ദ്ധനവിന് കാരണമായി മില്‍മ പറയുന്നത്.
മുന്‍വര്‍ഷം ഇതേസമയത്തുണ്ടായിരുന്ന വിലയേക്കാള്‍ 50 ശതമാനത്തോളമാണ് അസംസ്കൃത വസ്തുക്കള്‍ക്ക് വിലകൂടിയത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത്. ഇരുപതിലധികം അസംസ്കൃത വസ്തുക്കളുപയോഗിച്ചാണ് കാലിത്തീറ്റനിര്മ്മാണം. മൂവായിരം സൊസൈറ്റികള്‍ വഴിയാണ് കാലിത്തീറ്റകളുടെ വില്പന. വിലകൂടുതലായതിനാല്‍ മില്‍മയുടെ കാലിത്തീറ്റ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: