ധര്‍മ്മോ ജയതി നാƒധര്‍മ്മഃ
സത്യം ജയതി നാƒനൃതം
ക്ഷമാ ജയതി നക്രോധഃ
വിഷ്ണുര്‍ജ്ജയതി നാƒസുരഃ.
ധര്‍മ്മം, സത്യം, ക്ഷമ, വിഷ്ണു ഇതുമാത്രമേ ജയിക്കൂവെന്ന് ആലേഖനം ചെയ്ത പടിപ്പുര കടന്ന് ചെല്ലുന്നത് നൂറിന്റെ നിറവില്‍ പ്രകാശം ചൊരിയുന്ന ആയുര്‍വേദ കുലപതി പത്മഭൂഷണ്‍ ഡോ.പി.കെ. വാര്യര്‍ വസിക്കുന്ന കൈലാസമന്ദിരത്തിലേക്കാണ്. തിരുമുറ്റത്ത് വിശ്വംഭരക്ഷേത്രം, നാമസങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമായ പ്രഭാതങ്ങള്‍. നിത്യവും ഡോ.പി.കെ. വാര്യര്‍ എന്ന യുഗപുരുഷന് ധന്വന്തരീ മൂര്‍ത്തിക്ക് മുമ്പില്‍ കൈകൂപ്പി തൊഴുതു നില്ക്കുമ്പോള് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട് ഈശ്വരന്മാര് മുഖാമുഖം നിന്ന് സംവദിക്കുകയാണെന്ന്.
വിഷ്ണുസഹസ്രനാമവും, ലളിതസഹസ്രനാമവും ദിനവും ഉരുവിടുന്ന സുകൃത ജന്മത്തിന് നന്മ മാത്രമേ വര്‍ഷിക്കാനാവൂയെന്നത് ശതപൂര്‍ണതയിലും നിറവാര്‍ന്ന നേര്‍ക്കാഴ്ചയായി നില്‍ക്കുകയാണ്. ലോകം ആദരിക്കുന്ന ആയുര്‍വേദ ഭിഷഗ്വരന്, ഭാരതത്തിന്റെ അഭിമാനം, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.കെ. വാര്യര്‍.
വേദവും, ഗീതയും, നാരായണീയവും, വന്ദേമാതരവും ചൊല്ലിയാണ് ഈ ഋഷി തുല്യന്‍ ഓരോ പ്രഭാതത്തെയും വരവേല്‍ക്കുന്നത്. തുടര്‍ന്ന് സഹസ്രയോഗങ്ങളിലൂടെ അഷ്ടാംഗഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും, പിന്നീട് തന്നെ കാത്തിരിക്കുന്ന നിരാലംബരായ നിരവധി രോഗികള്‍ക്കിടയിലേക്ക്, അവരുടെ വേദനയകറ്റാന്‍, അവര്ക്കഭയമാകാന്.
അര്‍ബുദം കാര്‍ന്നുതിന്നുന്ന എത്രയെത്ര ജന്മങ്ങളാണ് പി.കെ.വാര്യരെന്ന ദൈവത്തിന്റെ കരങ്ങള്‍കൊണ്ടുള്ള തലോടലേല്ക്കാന് കാതങ്ങള്‍താണ്ടി ആര്യവൈദ്യശാലയുടെ ധര്മ്മാശുപത്രിയങ്കണത്തിലെത്താറുള്ളത്. അദ്ദേഹത്തിന്റ മൊഴിയില്‍, തലോടലില്‍, സ്നേഹവായ്പ്പില്‍ രോഗികളുടെ മുഖത്ത് ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ പ്രകാശം വിടരുന്നത് ഞാന്‍ നിരവധി തവണ കണ്ടിട്ടുണ്ട്.
ചീഫ് ഫിസിഷ്യനായും, മാനേജിംഗ് ട്രസ്റ്റിയായും ആര്യവൈദ്യശാല എന്ന മഹാപ്രസ്ഥാനത്തെ നയിക്കുമ്പോഴും അവസാനത്തെ തൊഴിലാളിയേയും ചേര്‍ത്ത് പിടിക്കുന്ന, സ്നേഹത്തോടെ അനുഗ്രഹിക്കുന്ന, ആര്യവൈദ്യശാല തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന കാരണവരുടെ കരുതലും, കരുത്തും ഓരോരുത്തര്‍ക്കും അനിര്‍വചനീയമായ അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ആയിരക്കണക്കിന് ജീവനക്കാരില്‍ ഒരാളായി ഞാനും ജോലി ചെയ്യുന്നുവെന്ന് പ്രവര്‍ത്തിയിലൂടെ ഞങ്ങളെ ബോധ്യപ്പെടുത്തുന്ന ആ പാദങ്ങള്‍ തന്നെയാണ് ഞങ്ങള്‍ പിന്തുടരുന്നതും വിജയം നേടുന്നതും.
ഭാരതത്തിന്റെ സ്വന്തം ശാസ്ത്രമായ ആയുര്‍വേദത്തെ ലോക രാഷട്രങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മഹാവൈദ്യന് ആധികാരികമായ വഴികള്‍ തുറന്നിട്ടു. അദ്ദേഹം ആയുര്‍വേദ പ്രചാരകനായി മാറി. ഭാരതത്തിന്റ വൈദ്യമഹാത്മ്യത്തെ തലമുറകളിലേക്ക് പകര്‍ന്നു നല്കാന് വൈദ്യശാസ്ത്ര മണ്ഡലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചും, പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും മുന്നേറി. ഉണ്ണുന്നതും, ഉറങ്ങുന്നതും, ശ്വസിക്കുന്നതും, ഉരുവിടുന്നതും ആയുര്‍വേദം തന്നെ. ആയുര്‍വേദം ഒരു ജീവിതചര്യയാണെന്ന് സ്വന്തം ജീവിതത്തിലൂടെ രേഖപ്പെടുത്തുകയാണ് പി.കെ. വാര്യരെന്ന യോഗിവര്യന്.
ഞങ്ങളടെ പ്രിയപ്പെട്ട എം.ടി (മാനേജിംഗ് ട്രസ്റ്റി)യോടൊപ്പം അടുത്തിരുന്ന് സംവദിക്കാന്‍ സാധിച്ച ഒരു ഭാഗ്യവാന് എന്ന നിലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പല കാര്യങ്ങളും പങ്കുവെക്കുന്നതിനിടയില്‍ ഒരിക്കല്‍ പി. പരമേശ്വര്‍ജിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. പരമേശ്വര്‍ജിയുടെ അഭ്യര്‍ത്ഥന പ്രകാരം കന്യാകുമാരി വിവേകാനന്ദ യോഗ പഠനഗവേഷണ കേന്ദ്രത്തില്‍ കുടുംബസമേതം പോയ അനുഭവം പറഞ്ഞു. ഭാരതീയ സംസ്കാരത്തെ സംരക്ഷിക്കാന്‍ വിവേകാനന്ദ ഗവേഷണ കേന്ദ്രം അനിവാര്യമാണെന്നുള്ള ശക്തമായ അഭിപ്രായം പരമേശ്വരനോട് ഞാന്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിവേകാനന്ദ സ്വാമിയുടെ പ്രതിമ സ്ഥാപിക്കാന്‍ ആര്യവൈദ്യശാലയുടെ നല്ല പിന്തുണയുണ്ടായതും പരമേശ്വര്‍ജിയുമായുള്ള ബന്ധംമൂലമാകാം.
ആവണി അവിട്ട- രക്ഷാബന്ധന് ആഘോഷം ആര്യവൈദ്യശാല മസ്ദൂര്‍ സംഘം പ്രവര്‍ത്തകര്‍ എല്ലാ വര്‍ഷവും ആദരണീയനായ പി.കെ.വാര്യര്‍ സാറിന് രാഖി ബന്ധിച്ചു കൊണ്ടാണ് തുടക്കം കുറിക്കുക. അദ്ദേഹത്തിന്റെ കൈകളില്‍ രാഖി ബന്ധിക്കുമ്പോള്‍ ഭാരതത്തിന്റെ പൈതൃകത്തിലും, പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്ന ഒരു ദേശസ്നേഹിയുടെ ഭാവം ഞാന്‍ കണ്ടിട്ടുണ്ട്.
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെയും, ഭാരതീയ മസ്ദൂര്‍ സംഘത്തിന്റേയും, ഭാരതീയ ജനതാ പാര്‍ട്ടിയുടെയുമൊക്കെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ പലപ്പോഴും ആയുര്‍വേദാചാര്യന്റെ അനുഗ്രഹം തേടിയെത്താറുണ്ട്. അവരെയെല്ലാം ബഹുമാനത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കുമ്പോള്‍ ഉണ്ടാവാറുള്ള വിനയത്തെ കുറിച്ച് എല്ലാവരും അത്ഭുതത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. ദയയുടേയും, അനുകമ്പയുടേയും, കാരുണ്യത്തിന്റേയും ഉറവയാണ് ഡോ.പി.കെ. വാര്യര്‍ എന്ന് കാലം രേഖപ്പെടുത്തുന്നു. പ്രകൃതിദുരന്തങ്ങള്‍ വന്നാലും, മഹാമാരി പടര്‍ന്നാലും മരുന്നും, ഭക്ഷണവും, കുടിവെള്ളം പോലും കോട്ടക്കലില്‍ നിന്ന് എത്തിച്ച് കൊടുക്കുന്ന തൊഴിലാളികള്‍ക്ക് കരുത്താവുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹമാണ്.
ആര്യവൈദ്യശാലയില്‍ നിന്ന് വിരമിച്ചവര്‍ എല്ലാ വര്‍ഷവും തിരുവോണത്തിന് വല്ല്യ മൂപ്പരുടെ (ആര്യവൈദ്യശാല ജീവനക്കാര്‍ ഇഷ്ടത്തോടെ പി.കെ. വാര്യരെ വിളിക്കുന്നത്) കയ്യില്‍ നിന്ന് ഓണക്കോടി വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും അനാരോഗ്യം വകവെക്കാതെ, മുറതെറ്റാതെ കൈലാസ മന്ദിരത്തിലെത്താറുണ്ട്. അത് ആ മുഖത്തെ ചിരിയും, മൊഴിയും കേള്‍ക്കാന്‍ വേണ്ടി മാത്രമാകാം.
നൂറാം പിറന്നാളില്‍ പ്രിയപ്പെട്ട വല്ല്യ മൂപ്പര്‍ക്ക് ആര്യവൈദ്യശാലയിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് ആദരം സമര്‍പ്പിക്കുന്നത് രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കികൊണ്ടാണ്.
ലോകാരാധ്യനായ ഭാരതത്തിന്റെ പ്രധാനമന്ത്രി ഡോ.പി.കെ. വാര്യര്‍ക്ക് അയച്ച പിറന്നാള്‍ സന്ദേശത്തില്‍ സൂചിപ്പിച്ചത്, കൊവിഡ് കാലത്ത് ഭാരതത്തിനും, ലോകത്തിനും ആയുര്‍വേദത്തിലൂടെ ശാന്തിനല്കാന് അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നാണ്. ആയുര്‍വേദത്തിന്റെ ആധികാരിക തറവാടായ കോട്ടക്കല്‍ ആര്യവൈദ്യശാലയോടും അതിനെ നയിക്കുന്ന ആചാര്യനിലുമുള്ള രാജ്യത്തിന്റെ വിശ്വാസം…
ശതാഭിഷിക്തനാവുന്ന ആയുര്‍വേദ ആചാര്യന്, യുഗപുരുഷന്, യോഗിവര്യന് പ്രാര്‍ത്ഥനയോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ശതകോടി നമസ്കാരം
മുരളീധരന് തിരൂര്‍
ജനറല്‍ സെക്രട്ടറി
[ആര്യവൈദ്യശാല മസ്ദുര്‍ സംഘം(ബിഎംഎസ്)]
പ്രതികരിക്കാൻ ഇവിടെ എഴുതുക: