പാരീസ്: ആദ്യ രണ്ട് സെറ്റും നഷ്ടമായി തോല്‍വിയിലേക്ക് നീങ്ങിയ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ശക്തമായ തിരിച്ചുവരവിലൂടെ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇറ്റലിയന്‍ താരം ലോറന്‍സോ മുസേറ്റിയാണ് പ്രീ ക്വാര്‍ട്ടറില്‍ ദ്യോക്കോയെ വിറപ്പിച്ചത്. ശക്തമായ പേരാട്ടത്തിലൂടെ ലോറന്‍സോ ആദ്യ രണ്ട് സെറ്റുകള്‍ 7-6(7-2), 7-6 (9-7) എന്ന സ്കോറിന് പിടിച്ചെടുത്തു. പിന്നീട് ഒന്നാം നമ്പര്‍ താരത്തിന്റെ കളി പുറത്തെടുത്ത ദ്യോക്കോ 6-1, 6-0 ന് മൂന്നും നാലു സെറ്റുകള്‍ സ്വന്തമാക്കി. നിര്‍ണാകയമായ അവസാന സെറ്റില്‍ ദ്യോക്കോ 4-0 ന് മുന്നിട്ടു നില്ക്കുമ്പോള് ലോറന്‍സോ മത്സരത്തില്‍ നിന്ന് പിന്മാറി.
ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവും പത്താം സീഡ് ഡീഗോ ഷ്വാര്‍ട്സ്മാനും ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ സീഡ്ചെയ്യപ്പെടാത്ത ബാര്‍ബറ ക്രെജിക്കോവയും അവസാന എട്ടില്‍ ഒന്നായി. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
ജര്‍മന്‍ താരമായ അലക്സാണ്ടര്‍ സ്വരേവ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ കീ നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 6-4, 6-1, 6-1. അര്‍ജന്റീനിയന്‍ താരമായ ഡീഗോ ഷ്വാര്‍ട്സ് ജര്‍മനിയുടെ യാന്‍- ലെന്നാര്‍ഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 7-6, 6-4, 7-5.
റോളാങ് ഗാരോസിലെ മുന്‍ ഫൈനലിസ്റ്റായ സ്ലോയേന്‍ സ്റ്റീഫന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്രെജിക്കോവ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-2, 6-0.
അമേരിക്കയുടെ പതിനേഴുകാരിയായ കൊക്കൊ ഗൗഫാണ് ക്വാര്‍ട്ടറില്‍ ക്രെജിക്കോവയുടെ എതിരാളി. ഇരുപത്തിനാലാം സീഡായ കൊക്കൊ ഗൗഫ് പ്രീ ക്വാര്‍ട്ടറില്‍ ഇരുപത്തിയഞ്ചാം സീഡായ ജാബീയറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-1.
ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടമോഹവുമായി ഫ്രഞ്ച് ഓപ്പണിനെത്തിയ സെറീന വില്യംസിനെ നാലാം റൗണ്ടില്‍ എലന റൈബാകിനയാണ് അട്ടിമറിച്ചത്. ഏഴാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് കളിക്കുന്ന എലന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീനയെ തകര്‍ത്തുവിട്ടത്. സ്കോര്‍: 6-3, 7-5.
പുരുഷന്മാരുടെ ഒമ്പതാം സീഡായ ഇറ്റലിയുടെ മതേവു ബെറാറ്റിനിയും ക്വാര്‍ട്ടറിലെത്തി. റോജര്‍ ഫെഡറര്‍ പിന്മാറിയതിനെ തുടര്‍ന്ന് ബെറാറ്റിനിക്ക് പ്രീ ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: