ചണ്ഡീഗഢ്:കോവിഡ് വാക്സിന് ഹരിയാന സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ആറ് കോടി വാക്സിനുകള്‍ നല്‍കാമെന്ന വാഗ്ദാനം നല്കിയ മാള്‍ടയിലെ കമ്പനി വ്യാജമെന്ന് ഉറപ്പായി.
ടെണ്ടറിനോട് പ്രതികരിച്ച് ആറ് കോടി സ്ഫുട്നിക് വി വാക്സിന് ഡോസുകള്‍ നല്‍കാമെന്നാണ് ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന മാള്‍ട്ടയിലെ ഒരു കമ്പനി ഹരിയാന സര്‍ക്കാരിന് വാഗ്ദാനം നല്‍കിയത്. ഒരു ഡോസിന് 1120 രൂപ വെച്ച് സ്ഫുട്നിക് വി വാക്സിന് വിതരണം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് ഹരിയാന സര്‍ക്കാര്‍ മാള്‍ട്ട സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ കമ്പനി വ്യാജമാണെന്ന് അറിയുന്നത്. ഇന്ത്യയിലെ മാള്‍ട്ടയുടെ ഹൈകമ്മീഷണറായ റ്യൂബെന്‍ ഗോസിയാണ് ഈ പേരിലുള്ള ഒരു കമ്പനിയെ അറിയില്ലെന്ന് പ്രഖ്യാപിച്ചത്.
മാള്‍ട്ട സര്‍ക്കാരിനോ മറ്റ് സര്‍ക്കാരിന്റെ നിയന്ത്രണ അതോറിറ്റികള്‍ക്കോ ഇത്തരമൊരു കമ്പനിയെക്കുറിച്ച് അറിയില്ല. ഈ സ്ഥാപനവുമായി കച്ചവടം നടത്തിയാല്‍ അതിന്റെ വരും വരായ്കകളുടെ ഉത്തരവാദിത്വം മാള്‍ട്ടയ്ക്ക് ഏല്ക്കാന് സാധിക്കില്ലെന്നും റ്യൂബെന്‍ ഗോസി പറഞ്ഞു. ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന മാള്‍ട്ടയിലെ കമ്പനിയാണ് റഷ്യയിലെ ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച് സ്ഫുട്നിക് വാക്സിന്റെ 6 കോടി ഡോസുകള്‍ നല്‍കാമെന്ന വാഗ്ദാനവുമായി എത്തിയത്.
മെയ് 26നാണ് കോവിഡ് വാക്സിന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാര്‍ ആഗോള ടെണ്ടര്‍ ക്ഷണിച്ചത്. ജൂണ്‍ അഞ്ചിന് ടെണ്ടര്‍ ക്ലോസ് ചെയ്തു. ഇക്കാലയളവില്‍ ആരും ഹരിയാന സര്‍ക്കാരിനെ സമീപിച്ചിരുന്നില്ല. പിന്നീടാണ് മാള്‍ട്ടയിലെ ഫാര്‍മ റെഗുലേറ്ററി സര്‍വ്വീസസ് ലിമിറ്റഡ് എന്ന സ്ഥാപനം വാഗ്ദാനവുമായി മുന്നോട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: