Categories: Vasthu

വീടിന്റെ അതിര്‍ത്തികള്‍

വാസ്തു പ്രകാരം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടവയാണ് വീടിന്റെ അതിര്‍ത്തികള്‍. വീടിനു കൃത്യമായ അതിര്‍ത്തി തിരിക്കുക എന്നുള്ളത്  ഗൃഹൈശ്വര്യങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിനെ കുറിച്ചും നിര്‍മ്മിക്കേണ്ടതിനെ കുറിച്ചും വാസ്തു ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം.

അതിര്‍ത്തികള്‍ തിരിക്കുമ്പോള്‍ പുരയിടത്തിനു യോജിച്ച ആകൃതികളും ലക്ഷണങ്ങളും പാലിക്കണം. എപ്പോഴും ദീര്‍ഘ ചതുരകൃതിയാണ് നല്ലത്.  നാലുമൂലകളില്‍ കൂടുതല്‍ ഒരിക്കലും ഉണ്ടാവരുത്. എല്ലായ്‌പ്പോഴും വീടിനു കിഴക്ക്, വടക്ക് ഭാഗങ്ങള്‍ മറ്റു ദിശകളെ അപേക്ഷിച്ചു അധികമായിരിക്കണം. തെക്കിനെക്കാള്‍ അധികമായി വടക്ക്, പടിഞ്ഞാറിനെക്കാള്‍ അധികമായുള്ള കിഴക്ക് അതിര്‍ത്തികള്‍ ശുഭകരമാകുന്നു. അതായത് വീട് പുരയിടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നില്‍ക്കുന്ന വിധം ക്രമീകരിക്കണം. തെക്കോട്ടോ, പടിഞ്ഞാറോട്ടോ മുഖമായുള്ള ചെറിയ പുരയിടങ്ങളില്‍ തെക്കും പടിഞ്ഞാറും വര്‍ധിച്ചു വരുന്ന രീതിയിലും അതിര്‍ത്തി നിര്‍ണയം ആകാം. അങ്ങനെയെങ്കില്‍ വടക്കു കിഴക്ക് ഭാഗത്തേക്ക് വീടിന്റെ സ്ഥാനം ക്രമീകരിക്കണം. ഗമനത്തോട് കൂടിയോ വളരെ അധികമായോ സ്വീകരിക്കാമെങ്കിലും ഗൃഹമദ്ധ്യ സൂത്രം വസ്തുമദ്ധ്യ സൂത്രത്തെ വേധിക്കാത്ത വിധമാവണം ക്രമീകരണം.

അതിര്‍ത്തികള്‍ നിര്‍ണയിക്കുമ്പോള്‍ നവവീഥികള്‍ തിരിച്ച് വീടിനു പുറത്ത് പിശാചവീഥി വരുന്ന അത്രയും ഭാഗം നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം. വീടിന്റെയോ പുരയിടത്തിന്റെയോ ഒന്‍പതില്‍ ഒരു ഭാഗം എങ്കിലും വശങ്ങളില്‍ ഉണ്ടായിരിക്കണം എന്ന് സാരം. അതിനേക്കാള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിന്റെ ക്രമമായി മറ്റു ദിക്കുകളിലും ക്രമീകരിച്ച് ചുറ്റുമതില്‍ ഒരു മെച്ചപ്പെട്ട ചുറ്റ് കണക്കിലേക്ക് ക്രമപ്പെടുത്തുകയുമാവാം. ചെറിയ പുരയിടങ്ങള്‍ എങ്കില്‍ പോലും വശങ്ങള്‍ തുല്യമായി വരാത്ത വിധം അതിര്‍ത്തികള്‍ നിശ്ചയിക്കണം. പുരയിടത്തിന്റെയും പുരയുടെയും മദ്ധ്യസൂത്രങ്ങള്‍ ഒരേ നിരയില്‍ വേധിക്കാത്ത വിധം നിശ്ചയിക്കണം എന്ന് സാരം. വീടിന്റെ ബ്രഹ്മസ്ഥാനം പുരയിടത്തിന്റെ ബ്രഹ്മ സ്ഥാനത്തു നിന്ന് വടക്കു കിഴക്കേ ഭാഗത്തേക്കോ തെക്ക് പടിഞ്ഞാറു ഭാഗത്തേക്കോ ഗമനപ്പെടുത്തി സ്വീകരിക്കണം.

വീടിനു അതിര്‍ത്തി നിശ്ചയിക്കുമ്പോള്‍ അതിര്‍ത്തികള്‍ കൃത്യമായ 90 ഡിഗ്രിയില്‍ തിരിയുന്ന ദീര്‍ഘ ചതുരാകൃതിയില്‍ വരുന്നതാണുചിതം. കൃത്യമായി  ആകൃതിയിലല്ലാത്ത പുരയിടങ്ങളെ സാധിക്കുന്നതില്‍ ഏറ്റവും വലിയ ചതുരാകൃതിയിലേക്ക് അടിസ്ഥാന അധിഷ്ഠാനം കെട്ടിത്തിരിക്കണം. അതിര്‍ത്തികള്‍ മൂലകളില്‍ വളഞ്ഞോ, കൃത്യമായ ആകൃതിയിലോ അല്ലാത്ത വിധം വരരുത്.

അതിര്‍ത്തികള്‍ മതില്‍ കെട്ടിത്തിരിക്കുമ്പോള്‍ അത് പലരീതികളില്‍ ആവാമെന്ന് നിര്‍ദേശങ്ങള്‍ ഉണ്ട്. കല്ല് ഉപയോഗിച്ച് തറയും ഭിത്തിയും വരുന്ന വിധം മതില്‍ കെട്ടുകയാണ് ഏറ്റവും ശ്രേഷ്ഠം. അതിനു സാധിക്കായ്കില്‍ കിടങ്ങോ, ജൈവമതിലോ യഥാശക്തി നിര്‍മ്മിക്കാവുന്നതാണ്. മതില്‍ പണിയുകയാണെങ്കില്‍ അതിനോട് ചേര്‍ന്ന് വരുന്ന വിധം മറ്റു നിര്‍മിതികള്‍ പാടില്ലാത്തതാകുന്നു. ഗൃഹമോ ഉപാലയങ്ങളോ മതിലിനെ മുട്ടി നില്‍ക്കുന്നത് ഉചിതമല്ല.

ഉയരത്തിനും ഉചിതമായ അളവ് സ്വീകരിക്കുന്നത് നല്ലതാണ്. ഏറ്റവും കുറഞ്ഞ ഉയരം ഒരു കോല്‍ 10 വിരല്‍ എങ്കിലും ഉള്ളതാണ് നല്ലത്. അതിനു കഴിയാത്തപക്ഷം  പതിനെട്ടു വിരല്ലെങ്കിലും വേണം. അധികമാകയാല്‍ ആവശ്യാനുസരണം ഉയരം സ്വീകരിക്കാം. അതിര്‍ത്തികള്‍ക്ക് അകംവശം കിഴക്കോട്ടോ വടക്കോട്ടോ ചെരിവ് വരുന്ന വിധം ക്രമീകരിക്കണം. ഉചിതമായ സ്ഥാനങ്ങളില്‍ ഗേറ്റോ പടിപ്പുരയോ സ്ഥാപ്പിക്കാവുന്നതാണ്. പടിപ്പുരയും ഗേറ്റും ഉയരം കൂടിയാലും ദോഷമില്ലാത്തതാകുന്നു. ഒരേ പുരയിടത്തില്‍ അനേകം ഗൃഹങ്ങള്‍ വരുന്നു എങ്കിലും ഓരോ ഗൃഹങ്ങള്‍ക്കും പരിധി നിശ്ചയിച്ചു കെട്ടി തിരിക്കണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക