ന്യൂദല്‍ഹി: വിരശല്യത്തിന് ഉപയോഗിക്കുന്ന മരുന്നായ നിക്ലോസാമൈഡ് കൊവിഡ് ചികിത്സയ്‌ക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്ഐആര്‍) ലക്സൈ ലൈഫ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിക്ലോസാമൈഡിന്റെ പരീക്ഷണം നടത്തുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് ബാധിതരുടെ ചികിത്സയില്‍ നിക്ലോസാമൈഡ് എത്രത്തോളം ഫലപ്രദമാണെന്നും സുരക്ഷിതവുമാണെന്ന് വിലയിരുത്താനായി മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിക്ലോസാമൈഡിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി. മാണ്ഡെ പറഞ്ഞു. രാജ്യത്ത് സുലഭമായി ലഭിക്കുന്ന, എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്ന മരുന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഐസിടിയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ലക്സൈ ലൈഫ് ലാബിലാണ് ആക്ടീവ് ഇന്‍ഗ്രീഡിയന്റ് നിര്‍മിക്കുന്നത്. കൂടാതെ മരുന്നിന്റെ പരീക്ഷണത്തിലും ലാബ് പങ്കാളിയാണ്. ചെലവ് കുറഞ്ഞ ചികിത്സാരീതിയാണിതെന്നും ഡോ. ശേഖര്‍ കൂട്ടിച്ചേര്‍ത്തു.
നിക്ലോസാമൈഡിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം തന്നെ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി ലക്സൈ ലാബിന്റെ സിഇഒ ഡോ. രാം ഉപാധ്യായ പറഞ്ഞു. ഡ്രഗ് റഗുലേറ്ററില്‍ നിന്ന് അനുമതി ലഭിച്ചതോടെ രണ്ടാം ഘട്ട പരീക്ഷണം ഈ ആഴ്ച ആരംഭിച്ചു. അടുത്ത 8-12 ആഴ്ചകള്‍ക്കുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: