തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 20000 കോടിയുടെ ബജറ്റിൽ കാർഷികമേഖലയെ തീർത്തും അവഗണിച്ചത് കർഷകരോടുള്ള അവഹേളനയാണെന്ന് ഓൺലൈനിൽ കൂടിയ ഭാരതീയ കിസാൻ സംഘ് ബജറ്റ് അവലോകന യോഗം വിലയിരുത്തി. കാർഷികമേഖലയുമായി ബന്ധപ്പെട്ട് കർഷകർക്ക് നേരിട്ട് സഹായകമായ ഒരു വാക്കുപോലും ബജറ്റിൽ ഉൾപ്പെടുത്താത്തതിൽ ഭാരതീയ കിസാൻ സംഘ് ശക്തമായി പ്രതിഷേധിച്ചു.
അവ്യക്തമായ ചില പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ കാർഷികമേഖലയുമായി സംബന്ധിച്ച് ധനമന്ത്രി നടത്തിയത്. വിളനാശം, വന്യമൃഗശല്യം, വരൾച്ച, അതിവൃഷ്ടി, ചൈനീസ് നിർമ്മിത വുഹാൻ വൈറസിൻറെ വ്യാപനം എന്നിവ മൂലം നഷ്ടമുണ്ടായ കർഷകരുടെ നഷ്ടങ്ങൾ നികത്താൻ യാതൊരു നടപടിയും ബജറ്റിൽ വകയിരുത്തിയിട്ടില്ല. ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൃഷിയ്‌ക്ക് സൗജന്യ വൈദ്യുതി, നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം, കർഷകർക്ക് ഉല്പാദനച്ചെലവിന് ആനുപാതികമായ താങ്ങുവില, അർഹമായ സബ്‌സിഡി എന്നിങ്ങനെ നിരവധി ക്ഷേമ പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ ബജറ്റിൽ തുക വകയിരുത്തി നടപ്പിലാക്കുന്നു. എന്നാൽ കേരളത്തിൽ കർഷകരെ തീർത്തും അവഗണിച്ചുകൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതിലൂടെ രണ്ടാം പിണറായി സർക്കാരിൻറെ കർഷക ദ്രോഹ നടപടികൾ ഇനിയും തുടരുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
സപ്ലൈകോ , വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളം, ഹോർട്ടികോർപ്പ് മിഷൻ എന്നിങ്ങനെയുള്ള സർക്കാർ ഏജൻസികൾ കർഷകരിൽ നിന്ന് സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇനിയും വില നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റു കാശാക്കി ആ പണം കൊണ്ട് മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുകയും, ആഡംബരവാഹനങ്ങൾ വാങ്ങുകയുമാണ് സർക്കാർ ചെയ്യുന്നത്. ഈ ദുരിതകാലത്ത് മിൽമ കാലിത്തീറ്റയ്‌ക്ക് സബ്‌സിഡി ഇല്ലാതാക്കി ക്ഷീരകർഷകരുടെ വയറ്റത്തടിക്കുകയാണ് സർക്കാർ. ഫലമായി കൃഷി ഒരു നഷ്ടക്കച്ചവടവും, കർഷകർ കൃഷി ഉപേക്ഷിക്കാനും നിർബന്ധിതരാകുന്നു.
സംസ്ഥാന സർക്കാരിൻറെ ഈ കർഷക ദ്രോഹ ബജറ്റിനെ ഭാരതീയ കിസാൻ സംഘ് ശക്തമായി എതിർത്തു. ധനമന്ത്രി ബജറ്റിനെക്കുറിച്ച് പുനർവിചിന്തനം ചെയ്തു കർഷകർക്ക് ക്ഷേമകരവും, കാർഷികമേഖലയ്‌ക്ക് ഗുണകരവുമായ പദ്ധതികൾക്കായി പര്യാപ്തമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് ഭാരതീയ കിസാൻ സംഘ് ശക്തമായി ആവശ്യപ്പെ ട്ടു.
ഓൺലൈൻ യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശ്രീ ഇ നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കോളാരി സഹദേവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രചാർ പ്രമുഖ് അഡ്വ രതീഷ് ഗോപാലൻ ബഡ്‌ജറ്റ് അവലോകന ചർച്ച നയിച്ചു. കാർഷികരംഗത്തെ വിവിധ മേഖലകളിലെ വിദഗ്ദർ ചർച്ചകളിൽ പങ്കെടുത്തു. സംസ്ഥാന സംഘടനാ സെക്രട്ടറി സി എച്ച് രമേശ് ചർച്ച സ്വംശീകരിച്ചുകൊണ്ട് പ്രമേയാവതരണം നടത്തി. ധനമന്ത്രിയ്‌ക്കും, മുഖ്യമന്ത്രിയ്‌ക്കും, കൃഷി, ധനകാര്യ വകുപ്പ് സെക്രട്ടറിമാർക്കും പ്രമേയം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: