ആലപ്പുഴ: സിവില്‍ സപ്ലൈസിന്റെ ലാഭം മാര്‍ക്കറ്റ് മുഖേന വില്പന നടത്തുന്ന അരി ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. ലാഭം മാര്‍ക്കറ്റില്‍ നിന്നും കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഒരു കാര്‍ഡിന് അഞ്ചു കിലോഗ്രാം വീതം നല്കുന്ന അരിയാണ് തീരെ ഗുണനിലവാരം ഇല്ലാത്തതെന്ന് പറയുന്നത്.
ജയ അരി ചോദിക്കുന്ന ഉപഭോക്താവിനാണ് ഈ തരത്തില്‍ അരി നല്‍കുന്നത്. അരി കഴുകുമ്പോള്‍ പാല് പോലെ വെള്ള നിറത്തില്‍ പശയാണ് ഇളകി വരുന്നതെന്നും ഇതെത്ര പ്രാവശ്യം വെള്ളത്തില്‍ കഴുകിയാലും പശ മാറുന്നില്ലെന്നും ഈ അരി വേവിച്ചാല്‍ പശയിളകി കുറുക്ക് പോലെയായി തീരുന്നെന്നും ഭക്ഷ്യയോഗ്യമല്ലെന്നും പറയുന്നു.
അരി കണ്ടാല്‍ മനോഹരമാണെന്നും, ഇവ കാഴ്ചയില്‍ നല്ല അരിയാണെന്ന് തോന്നുമെന്നും ഇവര്‍ പറയുന്നു. ജില്ലയിലെ വിവധ മേഖലകളില്‍ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലാഭം മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന അരിക്കാണ് നിലവാരമില്ലെന്ന ആക്ഷേപമുള്ളത്. അതേസമയം പ്രളയത്തില്‍ മുങ്ങിയ ഉപയോഗശൂന്യമായ അരി പോളീഷ് ചെയ്ത് പുത്തന്‍ചാക്കുകളില്‍ നിറച്ച് സര്‍ക്കാര്‍ വില്പന നടത്തുകയാണെന്നാണ് ആരോപണം.
ഗുണനിലവാരമില്ലാത്ത അരി എങ്ങനെ ലാഭം മാര്‍ക്കറ്റുകളില്‍ എത്തിച്ചേര്‍ന്നുവെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ സാധാരണക്കാരാണ് കൂടുതലായും ലാഭം മാര്‍ക്കറ്റുകളെ അരിക്കായി ആശ്രയിക്കുന്നത്. ഭക്ഷ്യയോഗ്യമായ നല്ല അരി വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: