നക്സല്‍ബാരി എന്നത് ഭാരതത്തിലാര്ക്കെങ്കിലും പരിചയമില്ലാത്ത ഒരു പേരായി തോന്നുന്നില്ല; എന്തായാലും പഴയ തലമുറക്കാര്‍ക്ക് അതൊരിക്കലും മറക്കാനാവാത്ത ഒന്നുതന്നെയാണ്. ഇന്ത്യന്‍ വിപ്ലവത്തിന്റെ ഈറ്റില്ലം എന്നൊക്കെ മാവോയിസ്റ്റുകള്‍ വിശേഷിപ്പിച്ചിരുന്ന നാടാണിത്. 1960-കളുടെ രണ്ടാം പാദത്തില്‍ അവിടെയാണ് നക്സലൈറ്റ് പ്രസ്ഥാനം രൂപമെടുക്കുന്നത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളിലുണ്ടായ അപചയത്തിന്റെ സൃഷ്ടിയായി അതിനെ കണ്ടവരുണ്ട്. എന്നാല്‍ അവര്‍ ഇന്ത്യയിലെമ്പാടും അതിവേഗത്തില്‍ വേരോട്ടമുണ്ടാക്കി. മഹാപ്രസ്ഥാനമൊന്നുമായില്ലെങ്കിലും കുഴപ്പങ്ങളും അസ്വസ്ഥതകളുമുണ്ടാക്കാന്‍ കഴിയും വിധം ചിലയിടങ്ങളിലൊക്കെ അവരുയര്ന്നുവന്നു. കേരളത്തിലും ‘സായുധ വിപ്ലവം’ നടത്താന്‍ അവരുടെ ഭാഗത്തുനിന്ന് ചില ശ്രമങ്ങള്‍ നടന്നിരുന്നല്ലോ. അനവധിപേരെ വധിച്ചു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചു… അങ്ങനെ പലതും. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണിന്ന്. നക്സലുകളുടെ ചരിത്രം വിവരിക്കാനല്ല, എന്നാല്‍ അവരുടെ കോട്ടകൊത്തളങ്ങള്‍ ഇന്നെങ്ങനെ സംഘ – ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായി എന്ന് വിലയിരുത്തുകയാണ്.
ഭൂവുടമകള്‍ക്കെതിരെ സാധാരണക്കാരെ, കര്‍ഷകത്തൊഴിലാളികളെ, അണിനിരത്തിക്കൊണ്ടാണ് നക്സലുകള്‍ രംഗപ്രവേശം നടത്തിയത്. ഒരുതരം വര്‍ഗ സമരം. കനു സന്യാല്‍, ചാരു മജുന്ദാര്, ഖോകോ ബിശ്വാസ്, ശാന്തി മുണ്ട… അവരൊക്കെ നിറഞ്ഞുനിന്ന നാട്. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവിടെയുണ്ടായിരുന്നു, കുറച്ചു കോണ്‍ഗ്രസുകാരും. എന്നാല്‍ ഏത് വിഷയത്തിലും നക്സലൈറ്റുകള്‍ പറയുന്നതായിരുന്നു പലപ്പോഴും അവസാന വാക്ക്. മാവോയിസ്റ്റ് സ്വര്‍ഗം എന്നും ചുവന്നകോട്ട എന്നുമൊക്കെയാണ് അന്ന് ആ മേഖലയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഇന്നവിടെ അവര്‍ തളര്‍ന്നു; പാടെ തകര്‍ന്നു കഴിഞ്ഞു. കനു സന്യാല്‍ ഏതാണ്ട് 11 വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ചാരു മജുന്ദാറും വിടവാങ്ങി. 2011-ല്‍ മമത സര്‍ക്കാരിന്റെ പോലീസുമായി നടന്ന ‘ഏറ്റുമുട്ടലില്‍’ കോടേശ്വര്‍ റാവു കൊല്ലപ്പെട്ടതോടെ തകര്‍ച്ച പൂര്‍ണ്ണമായി. ബംഗായ്ജോതയിലെ ഹാതിജിഷ ഗ്രാമത്തിലെ കനുസന്യാലിന്റെ ആ സ്ഥാനം ഇന്ന് ആ പാര്‍ട്ടിയുടെ സ്മാരകമായി നിലകൊള്ളുന്നു എന്നാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് അവിടെ സന്ദര്‍ശിച്ച ഒരു മാധ്യമപ്രവര്ത്തകന് പറയുന്നത്. ആ കെട്ടിടമായിരുന്നു സന്യാലിന്റെ വീടും ഓഫീസും. അവിടെയിന്നിപ്പോള് കുറെ ചെങ്കൊടികളുണ്ട്. എന്നാല്‍ ഗ്രാമം മുഴുവന്‍, ചുറ്റിലും കാണുന്നത് ബിജെപിയുടെ പതാകകളും.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പഠനങ്ങള്‍ പലതും നാം കണ്ടതാണ്; അതിനുശേഷമുണ്ടായ രാഷ്ട്രീയ- വംശീയ കലാപത്തെക്കുറിച്ച് കഴിഞ്ഞാഴ്ച എഴുതിയതുമാണ്. മൂന്ന് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി 77 പേരെയാണ് ഇത്തവണ വിജയിപ്പിച്ചത്. അധികാരത്തിലേറാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നത് ശരിതന്നെ. എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി ബിജെപി മാറിക്കഴിഞ്ഞു എന്നതിലാര്‍ക്കെങ്കിലും ഭിന്നതയുണ്ടാവുമെന്ന് തോന്നുന്നില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മാവോയിസ്റ്റ് തറവാട് എന്ന് വിശേഷിപ്പിക്കാവുന്ന നക്സല്‍ബാരിയെക്കുറിച്ചുള്ള വിശകലനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നക്സല്‍ബാരിയിലെ എല്ലാ ഗ്രാമങ്ങളും കാവിപുതച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. വടക്കന്‍ ബംഗാളിലെ മടിഗര നക്സല്‍ബാരി നിയോജകമണ്ഡലത്തില്‍ ബിജെപി നേടിയ വിജയവും അതിന്റെ സാക്ഷ്യപത്രമാണ്. ബിജെപിയുടെ ആനന്ദമയി ബര്മ്മന് 1,39,785 വോട്ടുമായി വിജയിച്ചപ്പോള്‍ രണ്ടാമതെത്തിയ ടിഎംസി സ്ഥാനാര്‍ഥി കരസ്ഥമാക്കിയത് ബിജെപിയുടെ പകുതിയില്‍ താഴെ വോട്ട്; 68,937. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ (മുന്‍ കോണ്‍ഗ്രസ് എംഎല്‍എ) സ്ഥാനാര്‍ഥി 23,060 വോട്ടും നേടി. അതിനുചുറ്റുമുള്ള മറ്റു കുറെ മണ്ഡലങ്ങളും ബിജെപിയുടേതായി മാറി.
നക്സലുകള്‍ നിലപാട് വ്യക്തമാക്കുമ്പോള്‍
ബിജെപിയുടെ ഈ വളര്‍ച്ചയെ ആരും നിസാരമായി കാണുന്നില്ല എന്നതോര്‍ക്കുക. സിപിഎമ്മും കോണ്‍ഗ്രസുകാരും മമതയുമൊക്കെ പരസ്യമായി ആശങ്കകള്‍ പ്രകടിപ്പിക്കുന്നില്ല എന്നുമാത്രം. എന്നാല്‍ പഴയ നക്സലൈറ്റ് നേതാക്കള്‍ ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ‘ദി വയര്‍’ ന്യൂസ് പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ ചാരു മജുന്ദാറിന്റെ പുത്രന് അഭിജിത് മജുന്ദാര് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍, നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആശങ്കയാണ് ആ മനസിലുള്ളതെങ്കിലും അത് സംഘ പ്രസ്ഥാനങ്ങള്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ എത്ര ആസൂത്രിതമായിരുന്നു, എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്നതൊക്കെ വിളിച്ചോതുന്നു. അഭിജിത് മജുന്ദാറുടെ ആ അഭിമുഖം ‘മാധ്യമം’ വാരികയും പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ചില ഭാഗങ്ങള്‍ നോക്കൂ:
അഭിജിത് മജുന്ദാര് പറയുന്നു: ‘ഇങ്ങനെയാണെങ്കില്‍ കൂടി ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് അതൊരു തിരിച്ചടിയായിട്ട് കാണാനാവില്ല. മോദിയും അമിത് ഷായും പോലുള്ള രാഷ്ട്രീയ ഉപകരണങ്ങള്‍ക്ക് അതൊരു വീഴ്ചയാണ്. എന്നാല്‍ ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതോ സര്ക്കാരുണ്ടാക്കുന്നതോ മാത്രമല്ല അവരുടെ തത്വശാസ്ത്രം. അധികാരം പിടിച്ചെടുക്കുന്നതല്ല മറിച്ച് ഇന്ത്യയെ മുഴുവന്‍ ഹിന്ദു സമൂഹമായി മാറ്റുന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഹിന്ദു ശ്ലോകങ്ങള്‍ ചൊല്ലുന്ന മമതയും ഹനുമാന് ശ്ലോകം ചൊല്ലുന്ന അരവിന്ദ് കെജ്രിവാളും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുമൊക്കെ … അതുകഴിഞ്ഞാണ് സംഘ പ്രവര്‍ത്തനത്തിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്. ‘വനവാസി കല്യാണ്‍ ആശ്രമം അവിടെയുണ്ട്. ശരിക്കും അമ്പതോ അറുപതോ വര്‍ഷം മുന്‍പ് അവിടെയുണ്ട്. പക്ഷെ അന്ന് അതേക്കുറിച്ച് അറിയില്ലായിരുന്നു. ദരിദ്ര ആദിവാസി കുട്ടികള്‍ ക്കായി അവര്‍ ഒരു റെസിഡന്‍ഷ്യന്‍ സ്കൂള്‍ നടത്തിയിരുന്നു. അവര്‍ പിന്നീട് അവരെ ദത്തെടുക്കാനും തുടങ്ങി. ഇത് ആര്‍എസ്എസിന്റേതാണ് എന്ന് ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ലായിരുന്നു. അവര്‍ ഒരിക്കലും അത് ആര്‍എസ്എസിന്റേതാണ് എന്ന് പറഞ്ഞിരുന്നില്ല. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇത് ആര്‍എസ് എസിന്റേതാണ് എന്ന് പറഞ്ഞു തുടങ്ങിയത്. നിരവധി ഏകാധ്യാപക സ്കൂളുകളും അവര്‍ തുടങ്ങി. ബംഗാള്‍ സിലബസിനൊപ്പം ആര്‍എസ് എസ് സിലബസും അവര്‍ പഠിപ്പിച്ചു. അതുകൂടാതെ സമൂഹ വിവാഹങ്ങളും അവര്‍ നടത്തിക്കൊണ്ടിരുന്നു. കുട്ടികള്‍ക്ക് സംഗീത നൃത്ത വിദ്യാലയങ്ങളും ആരംഭിച്ചു. അമിത്ഷാ നക്സല്‍ബാരി സന്ദര്‍ശിച്ചപ്പോള്‍ ആര്‍എസ്എസ് നൃത്തം പഠിപ്പിച്ച വിദ്യാര്‍ഥികളാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്’. അതിലേറെ പ്രധാനമാണ് അടുത്ത ചോദ്യവും ഉത്തരവും.
ചോദ്യം: ബിജെപിയിലേക്ക് പോയ പ്രവത്തകരെ തിരികെ കൊണ്ടുവരാന്‍ സിപിഎമ്മിന് കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
ഉത്തരം: ഇല്ല, ഞാനങ്ങനെ ചിന്തിക്കുന്നില്ല. 2019-ല്‍ പോയവരൊന്നും തിരിച്ചുവന്നിട്ടില്ല. ആര്‍എസ്എസിന്റെ ശക്തമായ ആദര്‍ശ പിന്‍ബലമുള്ള പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പോലെയല്ല ബിജെപി. അതൊരു വ്യത്യസ്തമായ പാര്‍ട്ടിയാണ്. അതിനാല്‍ ബിജെപിയിലേക്ക് പോയ സഖാക്കളേ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
ബംഗാള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത്, അവിടത്തെ സംഘ പ്രവര്‍ത്തനത്തിന്റെ ശൈലിയും ശക്തിയും ഗതിയുമെന്താണ്, ഇതൊക്കെ വിളിച്ചുപറയുന്നതായിരുന്നു ആ അഭിമുഖം. ഒന്നുകൂടി;
2017-ലാണ് അമിത് ഷാ ആദ്യമായി നക്സല്ബാരിയിലെത്തുന്നത്. ബിജെപിയുടെ ‘ബംഗാള്‍ ഓപ്പറേഷ’ന്റെ തുടക്കം എന്ന് അതിനെ പറയാമെന്ന് തോന്നുന്നു. ഇതിനായി മാവോയിസ്റ്റ് കോട്ടയായിരുന്ന പ്രദേശം തന്നെ അമിത് ഷാ തെരഞ്ഞെടുത്തു എന്ന് പലരും അക്കാലത്ത് എഴുതിയതോര്‍ക്കുന്നു. കോടിയാരി എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹ ത്തിന്റെ ആദ്യ പരിപാടി. ഒരു ഗ്രാമീണന്റെ വസതിയില്‍ ഉച്ചഭക്ഷ ണത്തിനെത്തി. സിലിഗുരിയില്‍ നിന്ന് 25-ഓളം കിലോമീറ്റര്‍ അകലെയാണിത്. നേപ്പാളിന്റെ അതിര്‍ത്തിയില്‍, മെച്ചി നദിയുടെ ഇക്കരയില്‍. ബംഗാളിനെ (വീണ്ടും) കാവി പുതപ്പിക്കുന്നതിന്റെ തുടക്കം ചുവപ്പിന്റെ കോട്ടയായിരുന്ന നക്സല്ബാരിയില് നിന്നു തന്നെയാവട്ടെ എന്ന് അമിത് ഷാ തീരുമാനിച്ചിരുന്നു എന്നര്‍ത്ഥം. ബംഗാള്കാവിപുതച്ചു എന്നതിലാര്‍ക്കെങ്കിലും ഇന്ന് സംശയമുണ്ടാവാനിടയില്ല; അതിനുമുമ്പേ നക്സല്‍ ബാരി കാവിയില്‍ കുളിച്ചിരുന്നു. ദേശീയതയുടെ ഈ കുത്തൊഴുക്കില്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല സിപിഎമ്മും സിപിഐയും കോണ്‍ഗ്രസുമൊക്കെ നാമാവശേഷമാവുന്നതും കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: