ലോകം നല്ലൊരു കൂത്തരങ്ങു നടരാ-
ണീനമ്മള് നാനാവിധം
ശോകം തൊട്ടരസം നടിച്ചിവിടെ നാം
ആടിക്കളിക്കുന്നിതേ
പാകം പോലെയൊരുത്തനാട്ടമവ-
സാനിച്ചില്ലെങ്കില് രംഗംവിടു-
ന്നാകപ്പാടെ മഹാപ്രപഞ്ചഗതിയി-
മ്മട്ടാണു മാലോകരേ
ജീവിതത്തെക്കുറിച്ച് ചിന്തകന്മാര് പലവിധ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കവി പള്ളത്തു രാമന്റെ അഭിപ്രായത്തില്‍ ലോകം (ലൗകിക ജീവിതം) ഒരു കൂത്തരങ്ങാണ്. നാം തന്നെ അഭിനേതാക്കള്‍ അഥവാ നടന്മാര്. ശൃംഗാരം, കരുണം, വീരം തുടങ്ങി നവരസങ്ങള്‍ അഭിനയിക്കുന്നു. ഒരാളുടെ റോള്‍ തീര്‍ന്നാല്‍ അയാള്‍ രംഗം വിടുന്നു. അടുത്തയാള്‍ വരുന്നു. ഇങ്ങനെ ആലോചിച്ചു നോക്കിയാല്‍ ജീവിതം ഒരു നാടകമാണെന്നു തോന്നുന്നില്ലേ?
ഉലകേ മായം, വാഴ്വേ മായം, ജീവിതം മിഥ്യയാണ് എന്നെല്ലാം കേള്‍ക്കാറുണ്ട്. മറ്റൊരാളാകട്ടെ ജീവിതത്തെ ഒരു ചുമടു വഞ്ചിയായി രൂപണം ചെയ്യുന്നു. ഓരോ മഹാനും അവരവരുടെ ഭിന്നവീക്ഷണകോണില് മനുഷ്യ ജീവിതത്തെ വീക്ഷിക്കുന്നു.
ലോകം തന്നെയാണ് തന്റെ തറവാടെന്നും ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന് കുടുംബക്കാര് എന്നും ഒരു ഭാവന. അതു നമ്മുടെ ആര്‍ഷഭാരത കല്പന തന്നെ. ‘അത്രലോകം ഭവത്യേകനീഡം’. ഇവിടെ ലോകം ഒരു പക്ഷിക്കൂടു പോലെ ചുരുങ്ങുന്നു. ഒരി കൂട്ടില്‍ രണ്ടുമൂന്നു പക്ഷിക്കുഞ്ഞുങ്ങളും അവയുടെ രക്ഷിതാക്കളും സമാധാനപരമായി കഴിയുന്ന സ്വസ്ഥമായ അവസ്ഥ ആലോചിക്കുക. അപ്രകാരമാണോ മനുഷ്യജീവികളുടെ അവസ്ഥ? ലോകത്തു സമാധാനമുണ്ടോ? ഉള്ളൂരിന്റെ ഭാവന എങ്ങനെ പോകുന്നു? ജീവിത നാടകത്തില്‍ നാം ഓരോരോ വേഷം കെട്ടുന്നു. കൃഷിക്കാരനായും ന്യായാധിപനായും അധ്യാപകനായും ഭിഷഗ്വരനായും മാറും. എന്നാല്‍ എനിക്ക് ഏതു വേഷം വേണമെന്ന് വിധിക്കുന്നത് ഈശ്വരനാണ്. പിന്നെ നമ്മുടെ കടമ എന്താണ്? ‘ വിശ്വപ്രിയമായ് നടനം ചെയ്വതു വിധേയനെന്‍ കൃത്യം.’ ലോകത്തിന് ഹിതകരമായ വിധം അഭിനയിക്കുക. അതായത് നമ്മുടെ പ്രവൃത്തികള്‍ സഹജീവികള്‍ക്ക് ദുഃഖകരമായി ഭവിക്കരുത്. അവിടെ പാളിച്ചകളുണ്ടായാല്‍ തിരുത്തിത്തരുന്നത് ഭവാന്. അതാരും അറിയുന്നുമില്ല. (നാടകാഭിനയത്തില്‍ പിന്നണിയില്‍ ആളു കാണും). ഒരു യഥാര്‍ഥ ഈശ്വരഭക്തന് ഇപ്രകാരം ചിന്തിക്കും. ഈശ്വനാണ് തന്നെ നേരായ വഴിക്ക് നയിക്കുന്നത്.
ലൗകിക ജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥയാണെന്ന് ഷേക്സ്പിയര് (മാക്ബത്ത്) പറയുമ്പോള്‍ അതൊരു വഴിയമ്പലമാണെന്ന് മറ്റൊരു മഹാന്. അവിടെ നാം കുറച്ചു സമയം തങ്ങുന്നു. വരുന്നവരുമായി പരിചയപ്പെടുന്നു. വിട്ടുപോകുന്നു. പിന്നെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടി എന്നു വരില്ല.
‘മനവും മിഴിയും നാവും കരവും മന്നിന് മാലകലാന്‍’ ദയാമസൃണമായി വിനിയോഗിക്കുക. അങ്ങനെയുള്ള മനുഷ്യരാണ് യഥാര്‍ഥ ദേവന്മാര്. ക്ഷണനേരം മാത്രം വേദിയില്‍ ആര്‍ഭാടമായി ഇളകിയാടുകയും അതിനു ശേഷം വിസ്മൃതിയില്‍ ആണ്ടു പോകുകയും ചെയ്യുന്ന ഒരു പാവം നടന്. എങ്കിലും അവന് ഗൗരവാവഹമായ ഒരു ഉത്തരവാദിത്വമുണ്ട് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: