കോട്ടയം: അഞ്ജുവില്ലാത്ത വീട്ടില്‍ കണ്ണീര് തോരാതെ പെയ്തിറങ്ങാന്‍ തുടങ്ങിയിട്ട് ജൂണ്‍ ആറിന് ഒരു വര്‍ഷം. അവസാനവര്‍ഷ പരീക്ഷക്കായി വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ ഉയരങ്ങള്‍ താണ്ടാനുള്ള സ്വപ്നങ്ങളായിരുന്നു. അന്ന് പോയ അഞ്ജു പിന്നെ പാറത്തോട് പൂവത്തോടിലെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ജൂണ്‍ എട്ടിന് മീനച്ചിലാറ്റിന്റെ ഓളങ്ങളില്‍ നിന്ന് അവളുടെ ചേതനയറ്റ ശരീരമാണ് തിരികെ ലഭിച്ചത്. തുടര്‍ന്ന് ചര്‍ച്ചകളും അന്വേഷണങ്ങളും. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഞ്ജുവിന് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഞ്ജു പി. ഷാജിക്ക് ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജായിരുന്നു പരീക്ഷാ സെന്റര്‍. പരീക്ഷാ പൂര്‍ത്തിയാകാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയ കുട്ടിയെ പിന്നെ കാണുന്നത് മീനച്ചിലാറ്റില്‍ ജീവനറ്റ നിലയിലാണ്. ഏഴിന് അഞ്ജുവിന്റ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തിയതോടെ തിരച്ചില്‍ ആരംഭിക്കുകയും എട്ടിന് രാവിലെ 11.30തോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു അത്മഹത്യചെയ്യാന്‍ കാരണമെന്ന് അന്നുതന്നെ അച്ഛന് പി.ഡി. ഷാജിയും അമ്മ കെ.കെ. സജിതയും പറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും അഞ്ജു ഒരിക്കലും കോപ്പിയടിക്കില്ലെന്ന് രക്ഷിതാക്കളും സുഹൃത്തുക്കളും ഇന്നും ഉറപ്പിച്ച് പറയുന്നു. ഇനിയൊരു കുട്ടിയ്ക്കും ഇങ്ങനെയൊരു ഗതിയുണ്ടാകരുത്. സത്യം തെളിയാന്‍ അന്വേഷണം സിബിഐക്ക് വിടണം. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല. ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം ഉള്ളതായും സംശയമുണ്ടെന്നും അച്ഛനും അമ്മയും പറയുന്നു.
ഒരു മണിക്കൂറോളം ക്ലാസിലിരുത്തി മാനസ്സികമായി പീഡിപ്പിച്ചശേഷമാണ് അഞ്ജു പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത്. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതിന് തെളിവാണ്. പോലീസും സര്‍വ്വകലാശാല തലത്തിലും നടത്തിയ അന്വേഷണം എങ്ങും എത്തിയിട്ടില്ല. അഞ്ജുവിന്റെ ഹാള്‍ ടിക്കറ്റിന്റെ പിറകില്‍ കോപ്പിയടിക്കാന്‍ എഴുതിവെച്ചിട്ടുണ്ടെന്നാണ് കോളേജ് അധികൃതരുടെ ആരോപണം. എന്നാല്‍ കയ്യക്ഷരം അഞ്ജുവിന്റേതാണോ എന്നറിയാന്‍ നടത്തിയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസും പറയുന്നു. ഈ ഒരു എഴുത്ത് അഞ്ജുവിനെ തെറ്റുകാരിയായി ചിത്രീകരിക്കാന്‍ കോളേജ് അധികൃതര്‍ തന്നെ ഒരു കയ്യെഴുത്ത് വിദഗ്ദ്ധനെകൊണ്ട് ചെയ്യിച്ചതാകാമെന്നും കുടുംബം ആരോപിക്കുന്നു.
അഞ്ജു പി. ഷാജിയുടെ ഹാള്‍ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന് എംജി സര്‍വ്വകലാശാല നിയോഗിച്ച കമ്മറ്റി നടത്തിയ അന്വേഷണ ത്തില്‍ കണ്ടെത്തിയിരുന്നു. കോളേജ് സ്വീകരിച്ച നടപടികള്‍ തെറ്റാണെന്നും കുട്ടിയുടെ ഹാള്‍ടിക്കറ്റ് കോളേജ് പരസ്യമാക്കിയതും ദൃശ്യങ്ങള്‍ പുറത്തുവിട്ടതും തെറ്റാണെന്നും സര്‍വകലാശാലാ സമിതി കണ്ടെത്തുകയും ആരോപണവിധേയനെ പരീക്ഷാച്ചുമതലയില്‍നിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഒരു വര്‍ഷം പിന്നിട്ടിട്ടും കേസ് അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹിന്ദുഐക്യവേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: