ന്യൂദല്‍ഹി : കോടികളുടെ വായ്‌പ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ഒളിച്ചു കടന്ന കിങ്ഫിഷര്‍ മേധാവി വിജയ് മല്യയുടെ ആസ്തികള്‍ വില്‍ക്കാന്‍ അനുമതി. വായ്‌പ്പയെടുത്ത തുക തിരിച്ചു പിടിക്കുന്നതിനായി മല്യയുടെ ഇന്ത്യയിലെ ആസ്തികള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് അനുമതി നല്‍കിയത്.
9000 കോടിയുടെ വായ്‌പ്പയെടുത്താണ് വിജയ് മല്യ നാടുവിട്ടത്. ഇതില്‍ 5,600 കോടി തിരിച്ചുപിടിക്കുന്നതിനായാണ് ഇപ്പോള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും സെക്യുരിറ്റികളും വില്‍ക്കാന്‍ അനുമതിയുണ്ട്. ഈ ആസ്തി നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു.
കോടികളുടെ വായ്‌പ്പാ തട്ടിപ്പ് നടത്തി മുങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. 2019 ജനുവരിയില്‍ മുംബൈയിലെ പ്രത്യേക കോടതി മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ ഇന്ത്യയിലെത്തിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: