ന്യൂദല്‍ഹി: ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ (ഐഎംഎ) ദുരുപയോഗം ചെയ്യരുതെന്ന് ദേശീയ അധ്യക്ഷന്‍ ഡോ. ജെഎ ജയലാലിനോട് ദല്‍ഹി കോടതി. അതിനു പകരം വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്തുമതവും അലോപ്പതിയും ഒന്നാണെന്നും അത് പാശ്ചാത്യ ലോകത്തിന്റെ സംഭാവനയാണെന്നുമുള്ള ഡോ. ജോണ്‍റോസ് ഓസ്റ്റിന്‍ ജയലാലിന്റെ പ്രസ്താവന അങ്ങേയറ്റം തെറ്റായ അവകാശവാദമാണ്. കോടതി വ്യക്തമാക്കി. കൊറോണ ചികില്‍സയില്‍ ആയുര്‍വേദത്തേക്കാള്‍ മികച്ചതാണ് അലോപ്പതിയെന്ന് പറഞ്ഞ് അതിന്റെ മറവില്‍ ക്രിസ്തുമതത്തെ പ്രോല്‍സാഹിപ്പിക്കാനും ഹിന്ദു ധര്‍മ്മത്തെ ഇകഴ്ത്താനും ജയലാല്‍ പ്രചാരണം ആരംഭിച്ചതായി കാണിച്ച് രോഹിത് ഝാ നല്കിയ ഹര്‍ജിയിലാണ് കോടതി ജയലാലിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചത്.
നേഷന്‍ വേള്‍ഡ് ന്യൂസില്‍ ഈ മാര്‍ച്ച് 30ന് ജയലാല്‍ എഴുതിയ ലേഖനവും ബാബാ രാംദേവുമായുള്ള ചര്‍ച്ചയിലെ ജയലാലിന്റെ വാദങ്ങളുമാണ് രോഹിത് ഝാ കോടതിയില്‍ ഹാജരാക്കിയത്.
മറ്റുള്ളവരുടെ മതങ്ങളെ ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അജയ് ഗോയല്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയുടെ ദൈവമായി കരുതുന്ന സുശ്രുതന് ഇന്ത്യാക്കാരനായിരുന്നു. ശസ്ത്രക്രിയ അലോപ്പതിയുടെ അവിഭാജ്യ ഘടകവുമാണ്. ജഡ്ജി പറഞ്ഞു. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരാന്‍ പാടില്ല. ഡോക്ടമാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഐഎംഎ ഒരു മഹത്തായ സംഘടനയാണ്. ആരും അതിനെ മതം പ്രചരിപ്പിക്കാനുള്ള വേദിയുമാക്കരുത്. ഹിന്ദുവെന്ന നിലയ്ക്ക് സമൂഹത്തിലുള്ള തന്റെ മാനം ജയലാല്‍ തകര്‍ത്തുവെന്നും ഐഎംഎയേയും അതിലെ പദവിയും ദുരുപയോഗം ചെയ്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റാനാണ് ശ്രമമെന്നും രോഹിത് ഹര്‍ജിയില്‍ ആരോപിച്ചു. രാജ്യത്തെയും പൗരന്മാരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ജയലാല്‍. അതിനാല്‍ ഹിന്ദു മതത്തിനും ആയുര്‍വേദത്തിനും എതിരെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു. തന്റെ പദവി ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ജയലാലിന്റെ ശ്രമം. വൈദ്യവിദ്യാര്ഥികളെയും ഡോക്ടര്‍മാരെയും രോഗികളെയും മതംമാറ്റാന്‍ കൊറോണയുടെ ‘അന്തരീക്ഷം’ ഉപയോഗിക്കുകയാണ്. യേശുവാണ് രക്ഷകനെന്നത് ഐഎംഎയെ ഉപയോഗിച്ച് പ്രചരിപ്പിക്കാനാണ് നീക്കം. ഝാ തുടര്‍ന്നു.
ആര് എസ്എസ് നിര്‍ദ്ദേശമനുസരിച്ചാണ് ഝാ ഹര്‍ജി നല്‍കിയതെന്ന് സംശയമുണ്ടെന്നു പറഞ്ഞ ജയലാല്‍, താന്‍ ഹിന്ദുമതത്തെപ്പറ്റി പരാമര്‍ശം നടത്തിയിട്ടില്ലെന്നും നടത്താന്‍ ഉദ്ദേശമില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു. കൊറോണ മുക്തമാകുന്നതിനെ യേശുവുമായി ബന്ധപ്പെടുത്തിയത് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതല്ല. കൊറോണ രോഗികളെ ഭേദപ്പെടുത്തിയത് ഏതെങ്കിലും ദൈവമാണെന്ന് ഹിന്ദു ഡോക്ടര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പറയാം. പാഴ്സികള്‍ക്കും സിഖുകാര്‍ക്കും ബൗദ്ധര്‍ക്കും മുസ്ളീങ്ങള്‍ക്കും ജൂതര്‍ക്കും തങ്ങളുടെ ദൈവമാണ് സുഖപ്പെടുത്തിയതെന്ന് പറയാം. ഐഎംഎ അധ്യക്ഷന്‍ കോടതിയില്‍ വാദിച്ചു.
തനിക്കു പിന്നില്‍ ആര്‍എസ്എസ് അല്ലെന്നു പറഞ്ഞ ഝാ മോദി സര്‍ക്കാര്‍ ആയുവേദത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതിന്റെ സാംസ്ക്കാരിക മൂല്യങ്ങളും ഹിന്ദുത്വത്തലുള്ള വിശ്വാസവുമാണ് അതിനു കാരണം. ഝാ പറഞ്ഞു. ഇരുവരുടെയും വാദങ്ങള്‍ കേട്ട കോടതി ഐഎംഎ അധ്യക്ഷന്റെ ലേഖനം അനുചിതവും അസ്വീകാര്യവുമാണെന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ, മറ്റൊരു കേസിലെ നിരീക്ഷവും എടുത്തു കാട്ടി.
മതേതരത്വം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. അത് കാത്തുസൂക്ഷിക്കുക ഏതെങ്കിലും ഒരു സമൂഹത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല, അതിന് ഇന്ത്യക്കാരുടെ കൂട്ടായ ശ്രമമാണ് വേണ്ടത്. മതം പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടനാ ദത്തമാണ്. ഇതര മതങ്ങളെ ബഹുമാനിക്കണമെന്ന കാര്യവും അങ്ങനെ തന്നെ.
ആയുര്‍വേദവും അലോപ്പതിയും തമ്മിലുള്ള വിവാദം സംബന്ധിച്ച് അഭിപ്രായം പറയാന്‍ കോടതിക്ക് താല്‍പ്പര്യമില്ല. ഓരോ ചികില്‍സാ രീതിയും പ്രധാനമാണ്, ഓരോന്നിനും അവയുടെതായ ഗുണങ്ങളുണ്ട്, ദോഷങ്ങളും. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
ജയലാലിന്റെ അഭിമുഖ( ടിവിചാനലിലെ) ത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടനയുമായി ഒത്തുപോകുന്നതല്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ പൊതുവേദികളിലെ വാക്കുകള്‍ ആ സ്ഥാനത്തിന് യോജിച്ചതാകണം. അതിനാല്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. അവരുടെ അശ്രദ്ധമായ പരാര്‍മശങ്ങള്‍ പോലും സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ ഐഎംഎ അധ്യക്ഷന്‍( ഡോ. ജയലാല്‍) ഐഎംഎയെ ഉപയോഗിച്ച് ഏതെങ്കിലും മത പ്രചരിപ്പിക്കരുത്. കോടതി വ്യക്തമാക്കി.
ഡോ. ജോണ്‍റോസ് ഓസ്റ്റിന്‍ ജയലാല്‍ തിരുനല്‍വേലി മെഡിക്കല്‍ കോളേജിലെ സര്‍ജറി പ്രൊഫസറാണ്. ഭാര്യ ഡോ. ഷീബ ജയലാല്‍. മക്കള്‍ ഡോ. ജെങ്കിന് ജെ ഷാരോണ്‍, ജെഫിന് ഷാരോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: