ശാസ്താംകോട്ട: ലോക്ഡൗണില്‍ സ്വകാര്യമേഖലയില്‍ താല്‍ക്കാലികമായി ജോലി നഷ്പ്പെട്ട നിരവധി കുടുംബങ്ങള്‍ അണ്‍ലോക് കാലയളവില്‍ നേരിടേണ്ടത് റവന്യൂ റിക്കവറിയും ജപ്തി നടപടികളും. സര്‍ക്കാരും സന്നദ്ധ സംഘടനകളും പട്ടിണി മാറ്റാന്‍ ആഹാരസാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും കുന്നുകൂടുന്ന കടബാധ്യതകള്‍ക്ക് എങ്ങനെ അറുതി വരുത്തും എന്ന ആശങ്കയിലാണ് സമൂഹത്തിലെ നല്ലൊരു വിഭാഗം.
സ്വകാര്യ ബസ്, എയിഡഡ്, അണ് എയിഡഡ് സ്കൂള്‍ ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, ലോക് ഡൗണ്‍ നിയന്ത്രണമുള്ള കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പെട്രോള്‍ പമ്പ് തൊഴിലാളികള്‍ അടക്കം ലോക് ഡൗണില്‍ കുടുങ്ങിപ്പോയ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ ഈ കൂട്ടത്തില്‍ പെടും. വീടുവെയ്ക്കാനും, മക്കളുടെ വിവാഹത്തിനും പഠനത്തിനും ഉള്‍പ്പെടെ വായ്പ എടുത്തവരുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണിപ്പോള്‍. ഇനി എന്ന് ഈ വായ്പകള്‍ കുടിശ്ശിക തീര്‍ത്ത് അടച്ചു തുടങ്ങാമെന്ന അനിശ്ചിതാവസ്ഥ തുടരുകയാമാണ്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ മുതല്‍ സൊസൈറ്റികള്‍ വരെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറുമല്ല. പലര്‍ക്കും ഈ ലോക് ഡൗണ്‍ കാലയളവില്‍ റിക്കവറി നോട്ടീസ് അയച്ചു കഴിഞ്ഞു. കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരുടെ ഫോണിലൂടെയുള്ള ഭീഷണി വേറെയും.
ബാങ്കുകളുടെ കൊള്ള
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ബാങ്കുകള്‍ മോറട്ടോറിയം പ്രഖ്യാപിച്ചത് അന്ന് കുറച്ചു മാസത്തേക്ക് ഒരു ആശ്വാസമായിരുന്നു. എന്നാല്‍ ആറു മാസത്തെ മോറട്ടോറിയത്തിന് ശേഷം ഈ കുടിശ്ശിക എല്ലാം ചേര്‍ത്ത് ബാങ്ക് പുതിയ ഒരു വായ്പയുടെ രൂപത്തിലാക്കി. ഈ കുടിശ്ശിക തുക 2021 മാര്‍ച്ച് 31ന് മുന്‍പ് അടച്ചു തീര്‍ക്കുന്ന തരത്തില്‍ തവണകളാക്കി. ഫലത്തില്‍ നിലവിലുള്ള വായ്പക്കൊപ്പം ഈ തവണ കൂടി അടച്ചു തീര്‍ക്കണം. കഠിനാധ്വാനം ചെയ്തും കടം വാങ്ങിയും കുറച്ചെങ്കിലും ബാങ്കില്‍ അടച്ചു തുടങ്ങുന്നതിനിടെയാണ് കോവിഡിന്റെ രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക് ഡൗണും വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: