കൊച്ചി: കേരളം കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നതിന് പിന്നില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന ഭയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് തുക നല്‍കേണ്ടത്. കൊവിഡ് മൂലം മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്കാന് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. രോഗികളുടെ മരണ സംഖ്യ ഉയര്‍ന്നാല്‍ സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ ആശങ്ക.
കേന്ദ്ര നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുണ്ട്. ജസ്റ്റിസ് അശോക് ഭൂഷന്,എം.ആര്.ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഈ കേസിന്റെ വിധി മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.ഇതിന് തടയിടാനായാണ് സംസ്ഥാന സര്‍ക്കാര്‍, വിധി വരും മുമ്പേ അതിജാഗ്രത കാണിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച പലരുടേയും മരണകാരണം മറ്റു പലതുമാണെന്ന് ചൂണ്ടിക്കാട്ടി അര്‍ഹരായവരുടെ നഷ്ടപരിഹാരം ഇല്ലാതാക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനുമാണ് നീക്കം.
കൊവിഡ് ബാധിച്ചാണോ രോഗികള്‍ മരിക്കുന്നതെന്ന് സ്ഥിരീകരിക്കേണ്ടത് അതാത് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ആണ്. എന്നാല്‍ മറ്റ് ഗുരുതര രോഗങ്ങള്‍ ഇല്ലാതെ കൊവിഡ് ബാധയേറ്റ് മരിക്കുന്നവരെ മാത്രമാണ് മെഡിക്കല്‍ ബോര്‍ഡ് കൊവിഡ് മരണമായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യുന്നത്.ഈ രീതിയില്‍ ഉണ്ടാകുന്ന മരണങ്ങള് കുറച്ചു മാത്രമാണ്. ഇക്കാര്യത്തില്‍ ഐസിഎംആര്‍ മാര്ഗരേഖയല്ല ലോകാരോഗ്യ സംഘടനയുടെ ചട്ടമാണ് പാലിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.
മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, കൊവിഡ് ബാധിച്ച് മരിച്ചാല്‍ അത് കൊവിഡ് മരണത്തില്‍ പെടുത്തുന്നില്ല. അതിനാല്‍ അവര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള നഷ്ടപരിഹാരങ്ങള്‍ക്കും യോഗ്യതയില്ല.
സംസ്ഥാനത്ത് 9375 കൊവിഡ് മരണങ്ങളാണ് ഉണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് നല്കാന് 37കോടി 50 ലക്ഷം രൂപ വേണം. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നു. വാക്്സിന് വാങ്ങാനായി സര്‍ക്കാര്‍ വലിയ തുക സംഭാവനയായി സ്വീകരിക്കുന്നുണ്ടെങ്കിലും ഈ തുക ആരോഗ്യ മേഖലയില്‍ ചെലവഴിക്കാന്‍ മതിയാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കൊവിഡിന് മുമ്പേ പ്രതിസന്ധിയിലായിരുന്ന ഖജനാവ് കൊവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ അടച്ചു പൂട്ടലുകളും മൂലം തരിപ്പണമായി. ദുരന്ത നിവാരണ ഫണ്ടുപയോഗിച്ച സര്‍ക്കാരിന്റെ ശമ്പള വിതരണം ഉള്‍പ്പെടെയുള്ള നിത്യചെലവു നടത്താന്‍ കഴിയില്ലെങ്കിലും കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തത്തില്‍ പെടുത്തിയതോടെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസം നീങ്ങിയിരുന്നു. കൊവിഡ് ചികിത്സയ്ക്കും വാക്സിന് വാങ്ങാനും സംസ്ഥാന സര്‍ക്കാര്‍ ഈ തുക വിനിയോഗിക്കുന്നുണ്ട്.
മധ്യപ്രദേശ് സര്‍ക്കാര്‍ എല്ലാ കൊവിഡ് മരണങ്ങള്‍ക്കും ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചാല്‍ 50 ലക്ഷം രൂപ വീതം കേന്ദ്രവും നഷ്ടപരിഹാരം നല്‍കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോലിയില്‍ ഉണ്ടായിരുന്ന, കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കി.
മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ച് മരിച്ചാല്‍ പത്ത് ലക്ഷം വീതവും നല്കുന്നു. ദല്‍ഹി സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം നല്കുന്നു.കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ബാധയേറ്റ് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: